ഭാര്യ പിതാവിൽ നിന്നും പ്രതിജ്ഞ ഏറ്റുചൊല്ലി മരുമകൻ
text_fieldsപുനലൂർ നഗരസഭയിൽ ഓമനക്കുട്ടൻ ഉണ്ണിത്താൻ (ഇടത്ത്) മരുമകനായ ജി. ജയപ്രകാശിന് ( വലത്ത്) സത്യവാചകം ചൊല്ലിക്കൊടുക്കുന്നു.
പുനലൂർ: സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ഭാര്യാപിതാവും ഏറ്റുചൊല്ലിയ മരുമകനും ഒരേ കൗൺസിലിൽ അംഗങ്ങളായി. പുനലൂർ നഗരസഭയുടെ പുതിയ കൗൺസിലിലാണ് മുമ്പ് ഉണ്ടായിട്ടില്ലാത്ത അപൂർവ പങ്കാളിത്തം. ഇരുവരും കോൺഗ്രസ് നേതാക്കളാണ്. മുതിർന്ന അംഗമായ ഓമനക്കുട്ടൻ ഉണ്ണിത്താനിൽ നിന്നും മകളുടെ ഭർത്താവും പവർഹൗസിൽ നിന്നും വിജയിച്ച ജി. ജയപ്രകാശാണ് സത്യവാചകം ഏറ്റുചൊല്ലിയത്.
വരണാധികാരി ആദ്യം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത് മുതിർന്ന അംഗമെന്ന നിലയിൽ ഓമനക്കുട്ടൻ ഉണ്ണിത്താനാണ്. ആരംപുന്നയിൽ നിന്നും വിജയിച്ച ഉണ്ണിത്താൻ അഞ്ചാമതായാണ് കൗൺസിലറാകുന്നത്. കഴിഞ്ഞ രണ്ടു കൗൺസിലുകളിലും പങ്കാളിയായ ജയപ്രകാശ് ഇക്കഴിഞ്ഞ കൗൺസിലിൽ പ്രതിപക്ഷ നേതാവായിരുന്നു.


