നെകൽ വിത്തിന്റെ കാവൽക്കാരൻ
text_fieldsപ്രകൃതിയിൽ ജീവന് പിന്തുടർച്ച നൈസർഗികമാണ്. പുഴയിലൂടെ, കാറ്റിലൂടെ, സസ്യങ്ങളിലൂടെ, പക്ഷിമൃഗാദികളിലൂടെ ജീവന്റെ തുടിപ്പ് വീണ്ടും ഉയരും. പ്രകൃതിയിലെ എല്ലാ ഘടകങ്ങളുടെയും ചുമതലയാണ് ജീവന്റെ കാവൽ. ഭൂമിയിലെ ജീവൻ നിലനിർത്താൻ വിത്തുകൾക്കുള്ള പ്രധാന്യം മറ്റൊന്നിനുമില്ല. മുളപൊട്ടാൻ പാകമായ വിത്ത് വീണ്ടും വിതക്കുന്നതും സൂക്ഷിക്കുന്നതും പ്രകൃതിയുടെ സ്വാഭാവിക താളമാണ്. ഈ താളത്തെ സ്വന്തം ജീവിതത്തോട് ചേർത്തുവെച്ച മനുഷ്യനാണ് ചെറുവയൽ രാമൻ. ജീവനുള്ള വിത്ത് സംരക്ഷിച്ചും ആഹാരമാക്കിയും ജീവൻ നിലനിർത്തുകയെന്ന പ്രകൃതിയുടെ രഹസ്യം ലോകത്തോട് ഉറക്കെ വിളിച്ചുപറഞ്ഞൊരു മനുഷ്യൻ.
അന്യംനിന്നുപോയ നൂറിൽപരം നെൽവിത്തുകളിൽനിന്നും 63 ഇനത്തെ അടുത്ത തലമുറക്കായി സംരക്ഷിക്കുന്ന ചെറുവയൽ രാമൻ എന്ന രാമേട്ടന്റെ ജീവിതം പകർത്തിവെച്ച ഡോക്യു ഫിലിമാണ് ‘നെകൽ: ദ ക്രോണിക്ൾ ഓഫ് എ പാഡി മാൻ’ –‘നെല്ലുമനുഷ്യന്റെ കഥ’. രാമേട്ടന്റെ ജീവിതവും തനത് കൃഷിരീതികളും വിത്ത് സംരക്ഷണവുമെല്ലാം പ്രതിപാദിക്കുന്ന ‘നെകൽ’ കാണിച്ചുതരുന്നത് കാർഷിക ചരിത്രംകൂടിയാണ്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എം.കെ. രാംദാസ് സംവിധാനം ചെയ്ത ‘നെകൽ’ ദേശീയ ചലച്ചിത്ര അക്കാദമിയുടെ പ്രത്യേക പരാമർശത്തിനും അർഹമായി.
കാർഷിക കുടുംബത്തിൽനിന്ന്
1945കളിൽ വയനാട്ടിലേക്ക് കുടിയേറിയവരാണ് എന്റെ കുടുംബം. അവിടെ ജനിച്ചുവളർന്ന ഒരാളാണ് ഞാൻ. കാർഷിക കുടുംബമായതുകൊണ്ടുതന്നെ ചെറുപ്പത്തിൽ അച്ഛനും അമ്മക്കുമൊപ്പം കുട്ടികളും കൃഷിപ്പണിയിലേക്ക് ഇറങ്ങുമായിരുന്നു. അതൊരു ശീലംകൂടിയായിരുന്നു. അന്ന് നെൽകൃഷി ചെയ്തിരുന്നവർ അധികവും കുറുമ കർഷകരായിരുന്നു. ചെറുപ്പത്തിൽ അച്ഛന്റെയും അമ്മയുടെയും ഒപ്പം അവിടത്തെ പരമ്പരാഗത കർഷകരുടെ വീട്ടിൽ പോയി കൃഷിക്കാവശ്യമായ വിത്ത് ശേഖരിക്കും. വിത്ത് ഒരിക്കലും അവർ വിൽപനക്ക് വെച്ചതായിരുന്നില്ല. അവർ സൂക്ഷിച്ചുവെച്ചിരുന്ന വിത്ത് കൃഷിചെയ്യുന്നവർക്ക് നൽകും. കൊയ്ത്തു കഴിയുമ്പോൾ അവ വീണ്ടും നെൽവിത്തായി സൂക്ഷിക്കും. മറ്റുള്ളവർക്ക് കൈമാറുകയും ചെയ്യും.
വിത്തുകൾ ഇങ്ങനെ കൈമാറിപ്പോരും. പിന്നീട് ഹരിതവിപ്ലവത്തിന്റെ ഫലമായി കാർഷികരംഗത്ത് നിരവധി മാറ്റങ്ങൾ വന്നു. തൊണ്ടി, അടുക്കൻ, പാൽതൊണ്ടി, ഗന്ധകശാല, ജീരകശാല തുടങ്ങിയ പരമ്പരാഗത വിത്തുകൾക്ക് വിളവ് കുറവാണെന്ന കാരണത്താൽ ഹൈബ്രിഡ് വിത്തുകളിലേക്ക് കർഷകർ മാറി. അത്യുൽപാദന ശേഷിയുള്ള വിത്തുകൾ കൃഷിഭവനുകളിൽനിന്നും മറ്റും വിതരണം ചെയ്തു. ഇതോടെ, കർഷകർ കൂടുതലും നല്ല വിളവു നൽകുന്ന കൃഷിയിലേക്കു മാറി.
അക്കാലത്ത് തന്നെയാണ് കന്നുകാലികളിലും മറ്റുമുള്ള നാടൻ ഇനങ്ങളും ഇല്ലാതായത്. പഠനശേഷം മാധ്യമരംഗത്തേക്ക് ഇറങ്ങി. ജോലിയുടെ ഭാഗമായി വയനാട്ടിലെ കർഷകരെ കൂടുതൽ അടുത്തറിയാൻ തുടങ്ങി. വയനാട്ടിൽനിന്നുള്ള പ്രധാന വാർത്ത വനം, കൃഷി, ആദിവാസികൾ എന്നത് മാത്രമായിരുന്നു അക്കാലത്ത്. ആദിവാസി ഇടങ്ങൾ സന്ദർശിക്കുകയും അവിടത്തെ കാർഷികരീതികൾ മനസ്സിലാക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ചെറുവയൽ രാമൻ എന്ന രാമേട്ടനിലേക്ക് എത്തുന്നതും -എം.കെ. രാംദാസ് പറയുന്നു.
സലീം മുതുവുമ്മൽ, മനോജ് പുതുപ്പാടി
ജീവൻ, ജീവിതം
കുറിച്യ തറവാട്ടിലെ കൂട്ടുകുടുംബത്തിലായിരുന്നു ചെറുവയൽ രാമന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം അമ്മാവന്റെ കൽപന പ്രകാരം കാർഷികവൃത്തിയിലേക്കിറങ്ങി. ചെറുപ്പത്തിൽതന്നെ കൃഷിപ്പണികളും അറിവുകളും സ്വന്തമാക്കി. അമ്മാവന്റെ മരണശേഷം കുടുംബത്തിന്റെ കൃഷിക്കാര്യങ്ങളിലെല്ലാം അഗ്രഗണ്യനായി. പ്രകൃതിയെക്കുറിച്ച് വിശാലമായ കാഴ്ചപ്പാടുള്ള മനുഷ്യനാണ് ചെറുവയൽ രാമൻ. അത് പരമ്പരാഗതമായ കൃഷിയുടെ വീക്ഷണംകൂടിയാണെന്ന് പറയാം.
1980കളിൽ ഒരു ഗവേഷണ സംഘം പരമ്പരാഗത കാർഷിക ഉപകരണങ്ങളെക്കുറിച്ച് പഠിക്കാൻ വയനാട്ടിലെ കർഷകരുടെ അടുത്തെത്തി. അങ്ങനെ അവർ ചെറുവയൽ രാമനെയും സമീപിച്ചു. എന്തിനാണ് ഇതിനെക്കുറിച്ച് പഠിക്കുന്നതെന്നും ശേഖരിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇവ സംരക്ഷിക്കുന്നതിലൂടെ അടുത്ത തലമുറയെ ബോധ്യപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നായിരുന്നു അവരുടെ മറുപടി. അതോടെ, കാർഷിക ഉപകരണങ്ങൾ സംരക്ഷിക്കുന്നതുപോലെ വിത്തുകളും അങ്ങനെയാണെങ്കിൽ സംരക്ഷിക്കണ്ടേ, അതും നഷ്ടപ്പെട്ട് പോകില്ലേ... എന്ന തോന്നൽ അദ്ദേഹത്തിനുണ്ടായി. ഇതോടെ വയനാട്ടിൽനിന്ന് അന്യംനിന്നുപോയ നെൽവിത്തുകളെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹം തുടക്കംകുറിച്ചു. വിത്തുസംരക്ഷണം എന്ന ദൗത്യം ഒരു പരമ്പരാഗത കർഷകൻ ഏറ്റെടുത്തു.
തലമുറകളായി കൈവശം വന്നുചേര്‍ന്നതും സംഭരിച്ചതുമായ നിരവധി നെല്‍വിത്തുകള്‍ ശേഖരത്തിലുണ്ട്. കൈവശമുള്ള വിത്തുകൾ വയലില്‍ കൃഷിയിറക്കി ഉൽപാദിപ്പിച്ച് അവ ശേഖരിച്ച് സംരക്ഷിക്കുകയാണ് ചെറുവയൽ രാമന്‍ ചെയ്യുന്നത്. അമ്മാവന്റെ കൈവശമുണ്ടായിരുന്ന ആറ് നെല്ലിനങ്ങളുമായാണ് അദ്ദേഹം കൃഷി ആരംഭിച്ചത്. പിന്നീട് പലയിടങ്ങളിൽനിന്നായി തനത് നെല്ലിനങ്ങൾ ശേഖരിച്ച് കൃഷിചെയ്‌തു.
പ്രതിരോധം, ബദൽ
പരമ്പരാഗതമാണ് ചെറുവയൽ രാമന്റെ കൃഷിരീതി. നാടൻ വിത്തുകൾ സൂക്ഷിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ലോകശ്രദ്ധ ആകർഷിക്കാൻ തുടങ്ങി. മാധ്യമങ്ങളിലും അദ്ദേഹത്തിന്റെ കൃഷിരീതിയെക്കുറിച്ച് റിപ്പോർട്ടുകൾ വന്നുതുടങ്ങി. ഇക്കാലത്തുതന്നെയാണ് അദ്ദേഹത്തെ കൂടുതൽ അടുത്തറിയാൻ തുടങ്ങിയതെന്ന് രാംദാസ് പറയുന്നു. വിത്ത് പ്രകൃതിയുടെ തുടർച്ചയാണ്. മനുഷ്യജീവിതത്തിന്റെയും പ്രകൃതിയുടെ നിലനിൽപിന്റെയും അടിസ്ഥാനം വിത്തിലാണെന്നും രാമേട്ടനിൽനിന്ന് തിരിച്ചറിഞ്ഞു.
വിപണി വളർന്നതോടെ വിത്തുകളുടെ അവകാശം പോലും കോർപറേറ്റുകളുടെ കൈകളിലേക്ക് എത്തിക്കഴിഞ്ഞു. ഇതിനെ പ്രതിരോധിക്കാനും ബദൽ ഒരുക്കാനും ഒരു കർഷകന് സാധിക്കുമെന്ന് വിളിച്ചുപറയുകകൂടിയാണ് ചെറുവയൽ രാമൻ. ഇത്തരം ദൗത്യങ്ങൾ അടയാളപ്പെടുത്തുക എന്നതുകൂടിയാണ് ഡോക്യു ഫിലിം എന്ന കാഴ്ചപ്പാടിലേക്ക് എത്തിച്ചതെന്നും രാംദാസ് പറയുന്നു.
നമ്മെ പിന്തുടരുന്ന ‘നെകൽ’
‘നെകൽ’, സാമാന്യഭാഷയിൽ നിഴൽ എന്നുപറയാം. നമ്മെ പിന്തുടരുന്ന ഒരു അദൃശ്യശക്തി എന്ന് വയനാട്ടിലെ ഗോത്രവിഭാഗമായ കുറിച്യരുടെ ഭാഷയിൽ നെകലിനെ പറയാം. തലമുറകൾ തമ്മിലുള്ള അദൃശ്യമായ ഒരു ബന്ധം. നമ്മെ സദാ പിന്തുടരുകയും സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന തോന്നൽ. ഒരു വിത്ത് പാകമായെന്നോ അല്ലെങ്കിൽ പ്രകൃതിക്ക് വിരുദ്ധമായാണ് ജീവിക്കുന്നതെന്നോ മുന്നറിയിപ്പ് നൽകുന്ന അദൃശ്യമായ എന്തോ ഒന്ന്, അതുകൊണ്ടുതന്നെ തലമുറകൾക്ക് ജീവന്റെ വിത്ത് കൈമാറുന്ന രാമേട്ടന്റെ ജീവിതം പകർത്തിയ ഡോക്യു ഫിലിമിനും ‘നെകൽ’ എന്നുതന്നെ പേരിട്ടു.
എം.കെ. രാംദാസ്
ഒരു സിനിമ നിർമിക്കുക എന്നതല്ലായിരുന്നു ഉദ്ദേശ്യം. വിലമതിക്കാനാവാത്ത അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ഡോക്യുമെന്റ് ചെയ്യുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. 2018ലാണ് രാമേട്ടനോടൊപ്പം നടന്ന് ഡോക്യു ഫിലിം പ്രവൃത്തികൾ ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ ദൈനംദിന ജീവിതം ഒപ്പിയെടുക്കുകയായിരുന്നു എപ്പോഴും. കൃത്യമായ തിരക്കഥ തയാറാക്കിയായിരുന്നില്ല ഇതിന്റെ നിർമാണം. അതുകൊണ്ടുതന്നെ അഞ്ചു വർഷത്തോളം അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചു. 2023ലാണ് ഡോക്യുമെന്ററി സ്ക്രീൻചെയ്യുന്നത്. അഞ്ചു വർഷത്തോളം എടുത്തതുകൊണ്ടുതന്നെ പലപ്പോഴും പലരുടെയും സഹായത്തോടെയാണ് ഡോക്യുഫിലിം പൂർത്തിയാക്കിത്, അതിൽ എടുത്തുപറയേണ്ടവരാണ് കാമറാമാൻ മനോജ് പുതുപ്പാടിയും നിർമാതാവായ സലീം മുതുവുമ്മലും.
ഡോക്യുഫിലിമിന്റെ ചിത്രീകരണം നടക്കുന്ന സമയത്താണ് രാമേട്ടന് പത്മശ്രീ ലഭിക്കുന്നത്. എന്നാൽ, ഒരിക്കൽപോലും രാമേട്ടനെ പത്മശ്രീ എന്ന് ഇതിൽ വിശേഷിപ്പിച്ചിട്ടില്ല. ഒരു കർഷകനെന്ന നിലയിൽ അദ്ദേഹത്തിന്റെ ദൗത്യത്തെ അടയാളപ്പെടുത്തുക എന്നതായിരുന്നു അതിന്റെ പിന്നിൽ. യാഥാർഥ്യത്തോടെ അദ്ദേഹത്തെ തിരിച്ചറിയണം എന്നതായിരുന്നു മനസ്സിൽ.
ദേശീയ ചലച്ചിത്ര അക്കാദമിയുടെ പ്രത്യേക പരാമർശത്തിൽ വയനാട്ടിലെ പരമ്പരാഗത ആദിവാസി കർഷകന്റെ ജീവിതത്തെ പിന്തുടർന്നു നടത്തിയ അന്വേഷണം എന്നാണ് പറയുന്നതും. 42 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. നേരത്തേ പല പുരസ്കാരത്തിനും ചിത്രം സമർപ്പിച്ചിരുന്നുവെങ്കിലും ആരും പരിഗണിച്ചില്ല. ഈയൊരു സമീപനം മാറണം. വിദേശ ഫിലിംഫെസ്റ്റിവലുകളിലേക്ക് ചിത്രം അയക്കുന്നുണ്ട്. അതിനുശേഷം എല്ലാവർക്കും കാണാൻ സാധിക്കുന്ന ഒ.ടി.ടി റിലീസിന് ശ്രമിക്കുന്നതായും രാംദാസ് കൂട്ടിച്ചേർത്തു.


