വിജയമന്ത്രം മുഴക്കുന്ന ഇമാം ജീവിത ക്ലേശങ്ങൾക്കിടയിൽ ഉയരങ്ങൾ താണ്ടുന്നു
text_fieldsകരുനാഗപ്പള്ളി: ഖുർആൻ മനഃപാഠമാക്കിയ ഹാഫിസ് മുഹമ്മദ് ഷാനവാസ് മസ്ജിദിലെ ഇമാം ജോലിക്കൊപ്പം ഒഴിവു സമയ ഉപജീവന മാർഗമായി കണ്ടെത്തിയതാകട്ടെ തെങ്ങുകയറ്റ തൊഴിൽ. കരുനാഗപ്പള്ളി കുലശേഖരപുരം കൊച്ചാലുംമൂട് തബ്ലീഗ് മസ്ജിദിലെ ഇമാമായും മുഅദ്ദിൻ ആയും പള്ളി പരിപാലകനായും ജോലി ചെയ്തുവരുന്ന ജാർഖണ്ഡ് സ്വദേശിയായ ഈ 29കാരന് ജീവിത ക്ലേശങ്ങൾക്കിടയിൽ തെങ്ങുകയറ്റം ഇപ്പോൾ ജീവിതോപാധികൂടിയാണ്.
ഈ തൊഴിൽ തെരഞ്ഞെടുക്കാൻ കാരണം അന്വേഷിച്ചപ്പോൾ അനുവദനീയമായ എല്ലാ തൊഴിലിലും ദൈവം മഹത്വം നൽകിയിട്ടുണ്ടെന്നും ഖുർആനാണ് തന്റെ വഴികാട്ടി എന്ന ഉറച്ച മറുപടിയാണ് ഷാനവാസിന്റേത്. ഹാഫിസ് ബിരുദശേഷം ഉത്തർ പ്രദേശിലെ മീററ്റ് മിഫ്താഹുൽ ഉലൂം അറബിക് കോളജിൽ നിന്നും ഇസ്ലാമിക കർമ ശാസ്ത്രത്തിൽ ബിരുദം കൂടി നേടിയ ഷാനവാസ് ഒരുവർഷം മുമ്പാണ് കരുനാഗപ്പള്ളി പുതിയകാവിനു സമീപം കൊച്ചാലുംമൂട് മസ്ജിദിൽ ഇമാമായി ജോലിക്കെത്തിയത്. വൃദ്ധരായ മാതാപിതാക്കളും നിത്യവരുമാനമില്ലാത്ത ഏഴ് സഹോദരങ്ങളും അടങ്ങുന്ന തന്റെ കുടുംബത്തിന്റെ ജീവിത ഭാരം അടുത്തറിഞ്ഞ കൊച്ചാലുമൂട് വീട്ടിലെ നൗഷാദ് ഹാജിയാണ് തന്റെ ജീവിതത്തിനു വഴികാട്ടിയായി നിൽക്കുന്നതെന്ന് ഷാനവാസ് പറയുന്നു.
പ്രഭാത നമസ്കാരശേഷം പള്ളിക്കു രണ്ടുകിലോമീറ്റർ പരിധിയിലുള്ള പുരയിടങ്ങളിൽ തെങ്ങുകയറ്റത്തിനായി ഷാനവാസ് പോകും. ബാങ്ക് സമയം ആകുന്നതിനുമുമ്പ് ജോലി അവസാനിപ്പിച്ച് പള്ളിയിലേക്ക് മടങ്ങും. ഒരു തെങ്ങിന് 50 രൂപ ക്രമത്തിൽ നിത്യേന 20ൽ കുറയാത്ത തെങ്ങുകളിൽ കയറുന്ന ഷാനവാസിന് തന്റെ ജോലി സുഖകരമാക്കാൻ നൗഷാദ് ഹാജി തെങ്ങുകയറ്റ മെഷീനും വാങ്ങി നൽകി. എത്ര ഉയരമുള്ള തെങ്ങായാലും അനായാസേന ഇദ്ദേഹം അതിൽ കയറും ,തേങ്ങാ അടർത്തുക മാത്രമല്ല തെങ്ങിന്റെ മുകൾ ഭാഗം വൃത്തിയാക്കി ഉടമസ്ഥർക്ക് തൃപ്തിയാകുന്ന സേവനമാണ് ഇദ്ദേഹം നൽകി വരുന്നത്.
തെങ്ങു കയറ്റ തൊഴിലാളികളെ ലഭ്യമാകാതെ ഏറെ പ്രതിസന്ധി നേരിടുന്ന ഈ പ്രദേശത്തെ കേരകർഷകർക്ക് ഇപ്പോൾ ഇമാമിന്റെ സേവനം ഏറെ സഹായകരമാകുകയാണ്. കേരളത്തിലെ വിവിധ മത വിശ്വാസികൾ നൽകുന്ന സ്നേഹവും പരിലാളനയും ഏറെ സന്തുഷ്ടിയും സന്തോഷവും നൽകുന്നതാണെന്നും ഇമാം പറയുന്നു.
നൗഷാദ് ഹാജിയുടെ വീടിനോടുചേർന്നാണ് ഷാനവാസിനും കുടുംബത്തിനും സൗജന്യ താമസസൗകര്യം ഒരുക്കിനൽകിയിരിക്കുന്നത്. വിജയ മന്ത്രങ്ങൾ മുഴങ്ങുന്ന മസ്ജിദിന്റെ ഇമാം തന്റെ കുടുംബത്തെ പോറ്റാൻ സ്വയം തെരെഞ്ഞുടുത്ത വിജയവഴിയായ തൊഴിലിൽ ഇദ്ദേഹം സമ്പൂർണ സംതൃപ്തനാണ്.


