വരയിലെ വഴിവിളക്ക്
text_fieldsവിജയൻ ചിത്രം വരക്കുന്നു
ഇരവിപുരം: ചിത്രരചന പഠിച്ചിട്ടില്ലെങ്കിലും വിജയൻ എന്ന 66 കാരൻ വരച്ചുകൂട്ടുന്ന ചിത്രങ്ങൾക്ക് കണക്കില്ല. മൂന്നാം ക്ലാസിൽ പഠനം മതിയാക്കി പിതാവിനോടൊപ്പം കശുവണ്ടി ഫാക്ടറിയിൽ ജോലിക്ക് പോയി തുടങ്ങിയ വിജയന് ഒരു ചിത്രം കണ്ടാൽ അത് വരക്കുന്നതിന് കൂടുതൽ സമയം വേണ്ട. മുള്ളുവിള ഹരിശ്രീ നഗർ 32 കാഞ്ഞിരം വിള വീട്ടിൽ ബി വിജയൻ എന്ന 66കാരനാണ്ചിത്രങ്ങൾ വരച്ചു കൂട്ടിക്കൊണ്ടേയിരിക്കുന്നത്.
രവിവർമ്മ ചിത്രങ്ങൾ വരക്കുന്നതിനോട് ആണ് ഇദ്ദേഹത്തിന് കൂടുതൽ കമ്പം. ഇദേഹത്തിന്റെ ചിത്രരചന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി രവിവർമ്മയുടെ 177മത് ജന്മദിനത്തിൽ കിളിമാനൂർ കൊട്ടാരത്തിൽ വിളിച്ചുവരുത്തി ഉപഹാരം നൽകി ആദരിച്ചിരുന്നു. പഠിക്കാൻ പോകാൻ കഴിയാതെ വളരെ കുട്ടിക്കാലത്ത് തന്നെ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരായിരുന്ന പിതാവ് ബാലകൃഷ്ണനും മാതാവ് ദേവയാനിക്കും ഒപ്പം കാഷ്യു ഫാക്ടറിയിൽ ചില്ലറ ജോലികൾക്കായി കയറുകയായിരുന്നു വിജയൻ. മൂന്നാം ക്ലാസിൽ നിന്നും നാലാം ക്ലാസിലേക്ക് വിജയിച്ചെങ്കിലും കുടുംബത്തിലെ പ്രാരാബ്ധങ്ങൾ പഠനത്തിന് വിലങ്ങു തടിയാകുകയായിരുന്നു.
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ സ്ലേറ്റിൽ ചിത്രങ്ങൾ വരക്കുമായിരുന്നു. സഹപാഠികളായ ചില കുട്ടികൾ ചോക്കും കരിക്കട്ടകളും കൊണ്ടുവന്നു കൊടുത്തതിനെ തുടർന്ന് വീടിൻ്റെ ചുവരുകളിലും,പൊതുസ്ഥലങ്ങളിലും കരികൊണ്ടും ചോക്ക് കൊണ്ടും ചിത്രങ്ങൾ വരച്ചു തുടങ്ങി.
ആദ്യമൊക്കെ വരക്കുന്ന ചിത്രങ്ങൾ കണ്ടു പലരും പരിഹസിച്ചെങ്കിലും പിന്നീട് അവർക്കെല്ലാം ഇദ്ദേഹത്തെ അംഗീകരിക്കേണ്ടി വന്നു. വര തുടർന്നതോടെ വരയിലെ വഴിവിളക്ക് എന്ന ഓമന പേരും ഇദ്ദേഹത്തിന് ലഭിച്ചു. മൂന്നു പതിറ്റാണ്ടിൽ അധികം കശുവണ്ടി ഫാക്ടറിയിൽ ജോലി നോക്കിയ ശേഷമാണ് അവിടെ നിന്നും പിരിഞ്ഞത്. ഇപ്പോൾ മുള്ളുവിള ഹരിശ്രീ നഗറിൽ ഉള്ള കൊച്ചു വീടിൻറെ ടെറസിന് മുകളിൽ ഷീറ്റ് മേഞ്ഞ മുറി ഉണ്ടാക്കി അതിലാണ് ചിത്രങ്ങൾ വരക്കുന്നതും വരക്കുന്ന ചിത്രങ്ങൾ സൂക്ഷിക്കുന്നതും. വരച്ച പല ചിത്രങ്ങളും സംരക്ഷിക്കാൻ കഴിയാത്തതിനാൽ നശിച്ചുപോയ സ്ഥിതിയും ഉണ്ടായിട്ടുണ്ട്. വരയിലെ കഴിവ് കണ്ട് പല സംഘടനകളും വിജയനെ ആദരിച്ചിട്ടുണ്ട്.
വരക്ക് പിന്തുണയുമായി ഭാര്യ പൊന്നമ്മയും മൂന്നു മക്കളുമുണ്ട്. അടുത്തിടെ ഒരു അപകടത്തിൽപ്പെട്ട്കാലിനു തകരാറ് സംഭവിച്ച് മൂന്നു മാസത്തിലധികം വീട്ടിൽ കിടന്നപ്പോഴും വരയാണ് വേദനകളിൽ നിന്നും വിജയന് മോചനം നൽകിയത്.വിജയൻ വരച്ച രവിവർമ്മയുടെയും വേലുത്തമ്പി ദളവയുടെയും ചിത്രങ്ങൾക്ക് ഏറെ പ്രശംസയാണ് ലഭിച്ചത്. അടുത്തിടെ ഡൽഹിയിൽ ഒരു ചിത്രപ്രദർശനത്തിലും,തൽസമയ വരയിലും പങ്കെടുക്കുവാൻ ഇദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. ബന്ധുക്കളും നാട്ടുകാരും മക്കളും നൽകുന്ന ചെറിയ തുകകൾ കൊണ്ടാണ് വരക്കാനുള്ള സാധനങ്ങൾ വാങ്ങുന്നത്. ജീവൻ നിലനിൽക്കുന്നിടത്തോളം കാലം വരയിൽ സന്തോഷം കണ്ടെത്താനാണ് വരയിലെ വഴിവിളക്കായ വിജയന്റെ ആഗ്രഹം.