വിദ്യാർഥി ഹോസ്റ്റൽ വിട്ടിറങ്ങി; ട്രെയിനിൽനിന്ന് രക്ഷിച്ച് മാതാവിനരികിലെത്തിച്ച് ടി.ടി.ഇ
text_fieldsരാഘവേന്ദ്ര ഷെട്ടി
മംഗളൂരു: ഉഡുപ്പിയിലെ ബോർഡിങ് ഹോസ്റ്റലിൽ നിന്ന് ഇറങ്ങി ഒറ്റക്ക് യാത്ര ചെയ്യുകയായിരുന്ന 13 വയസ്സുള്ള സ്കൂൾ വിദ്യാർഥിയെ കണ്ടെത്തിയ കൊങ്കൺ റെയിൽവേ ഹെഡ് ടി.ടി.ഇ സുരക്ഷിതമായി മാതാവിനരികിലേക്ക് തിരിച്ചയച്ചു.
മംഗളൂരു എക്സ്പ്രസ് (12133) ബുധനാഴ്ച കാർവാറിൽ എത്തിയപ്പോൾ എസ് -03 കോച്ചിൽ ഒറ്റക്കിരിക്കുന്ന കുട്ടിയെ കണ്ട് സംശയം തോന്നിയ ഹെഡ് ടി.ടി.ഇ രാഘവേന്ദ്ര ഷെട്ടി വിശദാംശങ്ങൾ ചോദിച്ചെങ്കിലും ശരിയായി ഉത്തരം നൽകിയില്ല.
ബാഗിലെ തിരിച്ചറിയൽ കാർഡ് കണ്ടെത്തി സ്കൂൾ അധികൃതരെ ബന്ധപ്പെട്ടപ്പോൾ ഹോസ്റ്റലിൽനിന്ന് ഓടിപ്പോയതാണെന്ന് സ്ഥിരീകരിച്ചു. മകൻ സുരക്ഷിതനാണെന്ന് കുട്ടിയുടെ അമ്മയെ അറിയിച്ച ശേഷം ഉഡുപ്പി റെയിൽവേ പൊലീസിന് കൈമാറി. ബന്ധുക്കളെത്തുന്നതു വരെ വിദ്യാർഥിയെ ഉഡുപ്പി ചൈൽഡ് കെയർ സെന്ററിൽ സൂക്ഷിച്ചു.
കുട്ടിയെ കണ്ടെത്തി സംരക്ഷിക്കുന്നതിൽ രാഘവേന്ദ്ര ഷെട്ടിയുടെ സമർപ്പണത്തെ അഭിനന്ദിച്ച് കൊങ്കൺ റെയിൽവേ സി.എം.ഡി സന്തോഷ് കുമാർ ഝാ അദ്ദേഹത്തിന് 5000 രൂപ റിവാർഡ് പ്രഖ്യാപിച്ചു.


