ഇജാസ് ഓൺ സ്ട്രൈക്ക്
text_fieldsക്രിക്കറ്റ് കണികണ്ടുണർന്ന ബാല്യമാണ് ഇജാസിന്റേത്. അതിപ്പോൾ ഇന്ത്യൻ ബധിര ക്രിക്കറ്റ് ദേശീയ ടീമിന്റെ അഭിമാന ജഴ്സിയിൽ എത്തിനിൽക്കുന്നു
മാവൂരിന്റെ മണ്ണിന് ഗ്വാളിയർ റയോൺസ് കാലത്തെ ഫാക്ടറി വിശേഷങ്ങളിലുപരി എന്നും എപ്പോഴും ലോകവുമായി പങ്കുവെക്കാൻ പലതുണ്ട് വർത്തമാനങ്ങൾ. അതിരിട്ട് തഴുകിയൊഴുകുന്ന ചാലിയാറിന്റെ കുഞ്ഞോളങ്ങൾക്കൊപ്പം ചുവടുവെച്ച നാടും നാട്ടാരും കായിക കേരളത്തിന്റെ നിറമുള്ള സ്വപ്നങ്ങളിലെ രാജകുമാരന്മാരായത് അതിലൊന്ന്.
കേരളത്തിലുടനീളം സെവൻസ് മൈതാനങ്ങളെ ത്രസിപ്പിച്ച വമ്പൻ ടീമുകൾ ഒന്നിലേറെയുണ്ടിവിടെ. അതിനിടെയാണ് ഇന്ത്യൻ ബധിര ക്രിക്കറ്റ് ടീമിന്റെ അഭിമാന ജഴ്സിയിലേക്ക് ക്ഷണം കിട്ടി ഇജാസ് എന്ന വിക്കറ്റ് കീപ്പർ ബാറ്റർ അത്ഭുതമാകുന്നത്. അടുത്തദിവസം ദുബൈയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ ദേശീയ ടീം പാഡുകെട്ടുമ്പോൾ ആദ്യമായി അവനുമുണ്ടാകും നീലക്കുപ്പായത്തിൽ.
വിക്കറ്റ് കീപ്പർ റോൾ
ക്രിക്കറ്റ് കണികണ്ടുണർന്ന ബാല്യമാണ് ഇജാസിന്റേത്. കോഴിക്കോട് ചേവായൂരിലെ റഹ്മാനിയ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായിരിക്കെയാണ് ക്രിക്കറ്റ് തന്റെ ലോകമാണെന്ന വലിയ തിരിച്ചറിവിലേക്ക് ആദ്യമായി അവനെത്തുന്നത്. വിക്കറ്റ് കീപ്പറുടെ റോൾ നന്നായി ചേരുന്നതിനാൽ അന്നു മുതൽ തന്റെ ഐക്കണായി മഹേന്ദ്ര സിങ് ധോണിയെന്ന ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസത്തെയും അവൻ കൂട്ടി. സൗഹൃദങ്ങളുടെ ലോകത്തിനൊപ്പം ഒഴുകുന്നതിന് പകരം ടി.വിയിൽ ക്രിക്കറ്റ് കണ്ട് തന്റെ കളി മികവുറ്റതാക്കാമെന്ന് സമയം കണ്ടെത്തിയ ഇജാസ് 2016ൽ കോടഞ്ചേരി സ്പോർട്സ് അക്കാദമിയുടെ ഭാഗമായി. അവിടെവെച്ചാണ് ക്രിക്കറ്റിൽ ഉയരങ്ങളിലേക്കുള്ള യാത്രക്ക് സമാരംഭമാകുന്നത്.
കോഴിക്കോട് ജില്ല ടീമിലെത്തി ഏറെ വൈകാതെ ക്യാപ്റ്റന്റെ ചുമതലയും കിട്ടി. 2017ൽ ടീം സംസ്ഥാനതലത്തിൽ റണ്ണറപ്പാകുമ്പോൾ ഏറ്റവും മികച്ച ബാറ്ററായത് ഇജാസായിരുന്നു. പ്രഫഷനൽ ക്രിക്കറ്റിൽ ചുവടുവെച്ച 2020ൽ ഡെഫ് ചെന്നൈ ബ്ലാസ്റ്റേഴ്സിനൊപ്പം ബധിരർക്കായുള്ള ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമിനൊപ്പം കളിച്ചു. മധ്യപ്രദേശിലെ ഭോപാലിലായിരുന്നു ഇന്ത്യൻ ബധിര ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച മത്സരങ്ങൾ. തൊട്ടടുത്ത വർഷം കേരള ഡെഫ് ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പർ ബാറ്ററായി.
ഹൈദരാബാദിൽ ദേശീയ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിലും കളിച്ചു. കേരളം ഈ മേഖലയിൽ ചുവടുവെച്ച് തുടങ്ങിയ നാളുകളായതിനാൽ ടീം വേണ്ടത്ര തിളങ്ങിയില്ലെങ്കിലും ഇജാസ് തന്റെ സാന്നിധ്യം മോശമാക്കിയില്ല. അടുത്ത വർഷവും കേരള ടീമിന്റെ പ്രകടനം മോശമായെങ്കിലും 2023ൽ ചാമ്പ്യൻഷിപ് ഒഡിഷയിലെത്തുമ്പോഴേക്ക് ടീമും ഇജാസും ബഹുദൂരം മുന്നിലെത്തിയിരുന്നു. ടീം അവസാന നാലിലെത്തിയാണ് അന്ന് മടങ്ങിയത്. ബാറ്റിങ്ങിൽ മാത്രമല്ല, വിക്കറ്റുകൾക്ക് പിറകിലും മാവൂരുകാരുടെ ഇജാസ് ഒട്ടും മോശമാക്കിയില്ല.
തൊട്ടടുത്ത വർഷം ബിഹാറിൽ നടന്ന കുട്ടിക്രിക്കറ്റിന്റെ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളം ഇറങ്ങുമ്പോൾ ഇജാസിനെ തേടി ഉപനായക പദവിയെത്തി. തമിഴ്നാടിനെതിരെ അർധ സെഞ്ച്വറി കുറിച്ചതുൾപ്പെടെ ബാറ്റിങ്ങിൽ വെടിക്കെട്ട് തീർത്താണ് അവൻ മടങ്ങിയത്. അതിനിടെ സൗത്ത് സോൺ ടീമിനൊപ്പവും കളിച്ചു. അതിവേഗ അർധ സെഞ്ച്വറിയടക്കം ബാറ്റിങ്ങിൽ വരാനിരിക്കുന്നതിന്റെ സൂചന നൽകിയായിരുന്നു ഓരോ കളിയിലും അവന്റെ പ്രകടനം.
ഏക മലയാളി
2025ലെത്തുമ്പോഴേക്ക് സംസ്ഥാന ടീമിന്റെ നായകനും ഇജാസായിരുന്നു. ഛത്തിസ്ഗഢിനെതിരായ മത്സരത്തിൽ സെഞ്ച്വറി കുറിച്ച താരം മികച്ച വിക്കറ്റ് കീപ്പറായും തിളങ്ങി. ബാറ്റിങ്ങിലെ സമാനതകളേറെയില്ലാത്ത പ്രകടനങ്ങളാണ് ഒടുവിൽ ദേശീയ ടീമിലേക്കും അവന് അവസരം നൽകിയിരിക്കുന്നത്. ഏറ്റവുമൊടുവിലാണ് ദുബൈ ഇൻക്ലൂസിവ് വാരിയേഴ്സിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിലേക്ക് ദേശീയ കുപ്പായത്തിൽ അവനും ക്ഷണമെത്തുന്നത്. ഡിസംബർ 11 മുതൽ 13 വരെയാണ് മത്സരങ്ങൾ.
വരുംദിവസം ഡൽഹിയിലെത്തി ദേശീയ ടീമിനൊപ്പം ചേരുന്ന 31കാരനായ ഇജാസ് അവിടെ ഒന്നാംഘട്ട പരിശീലനത്തിനു ശേഷമാകും ദുബൈയിലേക്ക് പറക്കുക. കേരളത്തിൽനിന്ന് ദേശീയ ടീം സെലക്ഷൻ ലഭിക്കുന്ന ഏക മലയാളി കൂടിയാണ് ഇജാസ്. ബി.സി.സി.ഐ പിന്തുണയോടെ ഇന്ത്യൻ ബധിര ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ടൂർണമെന്റുകളിൽ സ്ഥിരതയാർന്ന പ്രകടനവുമായി ഉയരങ്ങൾ പലത് കയറിയ അവന്റെ മാസ്മരിക ബാറ്റിങ്ങും ഇനി അന്താരാഷ്ട്ര ലെവലാകും. മാവൂരിൽ സ്വന്തം ബിസിനസ് നടത്തുന്ന ഇജാസിന് ഭാര്യ ഷിഫ്നയും സഹോദരൻ ഇല്യാസുമടക്കം കുടുംബം എല്ലാറ്റിലും നിറഞ്ഞ പിന്തുണയുമായി കൂടെയുണ്ട്. മൂന്നുവയസ്സുകാരൻ ഹെമിൽ മുഹമ്മദ് മകനാണ്.


