ഇന്ന് ഫോട്ടോഗ്രഫി ദിനം; പിതാവെടുത്ത ചിത്രങ്ങൾ നിധിപോലെ സൂക്ഷിച്ച് സുനിൽ
text_fieldsസുനിൽ, ഇടുക്കി ഡാം നിർമാണ ഘട്ടത്തിൽ രാജപ്പൻ പകർത്തിയ ഫോട്ടോ
ചെറുതോണി: ഹൈറേഞ്ചിലെ ആദ്യകാല ഫോട്ടോഗ്രാഫറായ പിതാവ് പകർത്തിയ, ഇടുക്കിയുടെ ചരിത്രമുറങ്ങുന്ന ചിത്രങ്ങൾ നിധിപോലെ സൂക്ഷിക്കുകയാണ് സുനിൽ. 1950കളിൽ പഴയയൊരു കാമറയും തൂക്കി ഇടുക്കിയിലെത്തിയതാണ് രാജപ്പൻ എന്ന സുനിലിന്റെ പിതാവ്. ഇടുക്കി ഡാം നിർമാണ കാലത്ത് വൈദ്യുതി ബോർഡ് അവരുടെ കെട്ടിടത്തിൽ വഞ്ചിക്ക വലയിൽ ഒരു സ്റ്റുഡിയോ തുടങ്ങാൻ എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു. അങ്ങനെ സെൻട്രൽ എന്ന പേരിൽ സ്റ്റുഡിയോ തുടങ്ങി.
ഇടുക്കി ഡാമിന് കൊലുമ്പൻ ഭൂമിപൂജ നടത്തി അന്നത്തെ മുഖ്യമന്ത്രി തറക്കല്ലിട്ടതു മുതൽ ആയിരക്കണക്കിന് ചിത്രങ്ങളാണ് രാജപ്പന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് കാമറ ഒപ്പിയെടുത്ത്. വൈദ്യുതി ബോർഡിനും ഡാം നിർമാണ കരാറുകാരായ ഹിന്ദുസ്ഥാൻ കമ്പനിക്കും ആദ്യത്തെ കലക്ടർ ബാബു പോളിനുമല്ലാം സെൻട്രൽ രാജപ്പനായിരുന്നു ചിത്രമെടുക്കാൻ ആശ്രയം. അന്നൊക്കെ പിതാവിന്റെ കൈയിൽ തൂങ്ങി സുനിലുമുണ്ടായിരുന്നു.
2008ൽ പിതാവ് മരിച്ചതോടെ ആ പാതതന്നെ സുനിലും തുടർന്നു. പിതാവ് കാമറക്കണ്ണിലൂടെ ഒപ്പിയെടുത്ത ചിത്രങ്ങൾ ഇന്നും നിധിപോലെ സൂക്ഷിക്കുകയാണ് ഫോട്ടോഗ്രാഫർകൂടിയായ സുനിൽ. വഞ്ചിക്ക വലയിൽ തുടക്കമിട്ട സ്റ്റുഡിയോ 60 വർഷമായി ഇന്നു തുടരുന്നു. ഇതിന്റെ ആഘോഷത്തിന്റെ ഭാഗമായി പഴയ തലമുറക്ക് ഓർമ പുതുക്കാനും പുതിയ തലമുറക്കും ചരിത്ര വിദ്യാർഥികൾക്കു പഠിക്കാനും ഫോട്ടോ പ്രദർശനമൊരുക്കാനുള്ള തയാറെടുപ്പിലാണ് സുനിൽ.


