ടേസ്റ്റ് ഓഫ് ഡ്രീംസ്
text_fieldsലോകത്തെ പ്രമുഖ ചോക്ലേറ്റ് ബ്രാൻഡുകളെയെല്ലാം പിന്നിലാക്കി ജി.സി.സി രാജ്യങ്ങളിൽ, പ്രത്യേകിച്ച് യു.എ.ഇയിൽ അതിവേഗം ട്രൻഡിങ്ങായി മാറുകയാണ് ചോക്ലാഡോ. 30ലധികം വിത്യസ്ത രുചികളുള്ള ബെൽജിയം പ്രീമിയം ചെക്ലേറ്റുകൾ ചോക്ലാഡോ ബ്രാൻഡിൽ ലഭ്യമാണ്. ജി.സി.സി രാജ്യങ്ങളിലുടനീളം അറബികൾക്കും പ്രവാസികൾക്കുമിടയിൽ ഒരുപോലെ പ്രിയപ്പെട്ടതായി മാറിയ ചോക്ലാഡോക്ക് പിന്നിൽ ഒരു മലയാളിയാണെന്നതാണ് ഏറെ കൗതുകം. മഞ്ചേരി സ്വദേശി ജുനൈദ് റഹ്മാൻ. നിലമ്പൂർ അമൽ കോളജിൽ നിന്നും ഹോട്ടൽ മാനേജ്മെന്റ് ബിരുദ പഠന ശേഷം പാസ്ട്രി മേക്കറാവാൻ ഇഷ്ടപ്പെട്ടിരുന്ന ജുനൈദ്, ചോക്ലേറ്റുകളുടെ ലോകത്തേക്ക് എത്തിയതിന്റെ മധുരം നിറഞ്ഞ ഒരു കഥയുണ്ട്.
ഷാർജ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ‘കലൈൻ’ ചോക്ലേറ്റ് ഫാക്ടറിയുടെ മാനേജരായിരുന്നു മഞ്ചേരി സ്വദേശി അബ്ദുറഹ്മാൻ. 26 വർഷത്തോളം ഈ സ്ഥാപനത്തിന്റെ മാനേജറായിരുന്നു ഇദ്ദേഹം. പ്രവാസത്തോട് വിട പറയുമ്പോൾ മറ്റേത് മലയാളികളേയും പോലെ തന്റെ മകനും പ്രവാസ ലോകത്ത് നല്ലൊരു ജോലി തരപ്പെടുത്തണമെന്ന ആഗ്രഹം അദ്ദേഹത്തിനുമുണ്ടായിരുന്നു.
അങ്ങനെയാണ് ഹോട്ടൽമാനേജ്മെന്റ് ബിരുദം പൂർത്തിയാക്കിയ മകൻ ജുനൈദ് റഹ്മാനെ 2018ൽ കലൈൻ ചോക്ലേറ്റ് ഫോക്ടറിയിലേക്ക് പിതാവ് കൊണ്ടുവരുന്നത്. ചെറുപ്പം മുതൽ പാചക കലയോട് താൽപരനായിരുന്ന ജുനൈദിനും ആ തീരുമാനം ഇഷ്ടമായി. തുടക്കത്തിൽ പാക്കിങ് ജോലിയും സ്റ്റിക്കർ പതിക്കലുമൊക്കെയായിരുന്നെങ്കിലും വൈകാതെ പിതാവിന്റെ തസ്തികയിലേക്ക് നിയമിക്കപ്പെട്ടു.
എന്നാൽ, സൗദി അറേബ്യൻ പൗരന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന ‘കലൈൻ’ ചോക്ലേറ്റ് ഫാക്ടറി അധികം വൈകാതെ യു.എ.ഇയിലെ പ്രവർത്തനം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടു. പക്ഷെ, ജുനൈദിന്റെ വിജയ യാത്ര അവിടെ തുടങ്ങുകയായിരുന്നു. ഇമാറാത്തി പൗരനുമായി ചേർന്ന് ജുനൈദ് റാസൽഖൈമയിൽ പുതിയൊരു ചോക്ലേറ്റ് ഫാക്ടറി തുറന്നു. ജുനൈദിന്റെ മേൽനോട്ടത്തിൽ അതിവേഗത്തിലായിരുന്നു ആ ഫാക്ടറിയുടെ വളർച്ച.
ഇതിനിടയിലാണ് സ്വന്തമയൊരു സംരംഭം എന്ന ആശയം ഹൃദയത്തിൽ ഉദിച്ചത്. അങ്ങനെ ഒരു വർഷത്തിന് ശേഷം പാർട്ണർഷിപ്പ് അവസാനിപ്പിച്ച് സ്വന്തം ബിസിനസ് എന്ന സ്വപ്നത്തിലേക്ക് ചിറക് വിരിക്കാൻ ജുനൈദ് തീരുമാനിച്ചു. തന്റെ സമ്പാദ്യത്തോടൊപ്പം അടുത്ത ചില ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹകരണം കൂടി ആയതോടെ ചോക്ലാഡോ എന്ന പേരിൽ 2023ൽ അജ്മാനിൽ ഒരു ചെറു ചോക്ലേറ്റ് ഫാക്ടറിക്ക് തുടക്കമിട്ടു. നാലു ജീവനക്കാരുമായിട്ടായിരുന്നു തുടക്കം. വമ്പൻ മുതൽമുടക്കുമായി ചോക്ലേറ്റ് വിപണി കൈയടക്കിയിരുന്ന പടിഞ്ഞാറൻ കമ്പനികളോടായിരുന്നു ജുനൈദിന്റെ മത്സരം. അതുകൊണ്ടു തന്നെ ആശങ്കകളും ഏറെയായിരുന്നു.
എങ്കിലും ജുനൈദിന്റെ കരങ്ങളിൽ നിന്ന് പിറന്ന അതീവ രുചിയേറിയ ബെൽജിയം ചേക്ലേറ്റ് എല്ലാ തടസ്സങ്ങളേയും മറികടന്ന് വിപണി കീഴടക്കി. തുടക്കത്തിൽ നിർമാണത്തിലായിരുന്നു ശ്രദ്ധ. അതുകൊണ്ടു തന്നെ ഫാക്ടറിക്ക് തൊട്ടടുത്തായി തുടങ്ങിയ ചോക്ലേറ്റ് ഔട്ട്ലറ്റിൽ കാര്യമായ ആളനക്കമുണ്ടായിരുന്നില്ല. പിന്നീട് കാലത്തിനൊത്ത രൂപത്തിൽ ഔട്ട്ലറ്റുകൾ വിപുലീകരിച്ചതോടെ സ്വദേശികളുടെ ശ്രദ്ധയാകർഷിച്ചു. അങ്ങനെ അറബികളുടെ ആഘോഷവേളകളിൽ ചോക്ലാഡോ നിറസാന്നിധ്യമായി. അപ്പോഴും മലയാളി സമൂഹത്തിനെ ആകർഷിക്കാനായിരുന്നില്ല. വിലക്കൂടുതൽ തന്നെയായിരുന്നു അതിന് കാരണം. മലയാളികളെ കൂടി ആകർഷിക്കാനായി ഗുണമേൻമയിൽ വിട്ടുവീഴ്ചയില്ലാതെ വില കുറക്കാൻ തീരുമാനിച്ചു. ആ തീരുമാനം ഫലം കണ്ടു. ഇപ്പോ ചോക്ലാഡോയുടെ ഏറ്റവും വലിയ ആവശ്യക്കാർ മലയാളി സമൂഹമാണെന്ന് ജുനൈദ് പറയുന്നു.
വിപണിയിൽ ഡിമാന്റ് കൂടിയതോടെ അൽ ജറഫ് ഇൻഡസ്ട്രിയൽ ഏരിയ രണ്ടിൽ ആധുനിക സൗകര്യങ്ങളുമായി ചോക്ലാഡോ പുതിയ ഫാക്ടറി തുറന്നു. ഏതാണ്ട് 70ഓളം ജീവനക്കാരാണ് ഇവിടെ തൊഴിലെടുക്കുന്നത്. ജെ.ആർ.സി ഗ്ലോബൽ ഗ്രൂപ്പ് എന്ന പേരും രജിസ്റ്റർ ചെയ്തു. ജെ.ആർ.സിക്ക് കീഴിൽ വിവിധ വിഭാഗങ്ങളിലായി അഞ്ച് ബ്രാൻഡുകൾ ലഭ്യമാണ്. ഫാക്ടറി കോൺസപ്റ്റായ ചോക്ലാഡോ ഫാക്ടറി, ബെൽജിയം ചേക്ലേറ്റുകൾ വിപണിയിലെത്തിക്കുന്ന ചോക്കോ ക്രാഫ്റ്റ്, കേമ്പൗണ്ട് ചേക്ലേറ്റുകൾ ലഭ്യമാകുന്ന കസാബൈറ്റ്, അലാലിയ, കഫേ കോൺസപ്റ്റായ ബെൽജീക്ക എന്നിവയാണിത്.
നിലവിൽ അഡ്നോകിന്റെ യു.എ.ഇയിലെ ഔട്ട്ലറ്റുകളിൽ എല്ലാം ചോക്ലാഡോ ചേക്ലറ്റ് ലഭ്യമാണ്. വിലക്കൂടുതൽ കാരണം കുനാഫ ചോക്ലേറ്റ് സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന കാലത്ത് വെറും നാല് ദിർഹത്തിന് ബെൽജിയം പ്രീമിയം കുനാഫ ചോക്ലേറ്റ് വിപണിയിലെത്തിക്കാനും ജുനൈദിന് കഴിഞ്ഞു. ചേക്ലറ്റിൽ പുതിയ പരീക്ഷണങ്ങളുമായാണ് ജുനൈദിന്റെ ഓരോ ദിവസവും തുടങ്ങുന്നത്.
ചക്കയുടെ രുചിയുള്ള ജാക്ഫ്രൂട്ട് ചോക്ലേറ്റ്, കറക് ടീയുടെ രുചിയുള്ള കറക് ചേക്ലറ്റ്, ബനാന ചേക്ലറ്റ്, മാംഗോ കുനാഫ, സ്വീറ്റ് ബനാന, വാട്ടർ മെലൻ, ലെമൺ തുടങ്ങിയ രുചികളിലെല്ലാം ചേക്ലേറ്റുകൾ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ജുനൈദും കൂട്ടരും. ഉത്പന്നങ്ങളുടെ ഗുണമേൻമ തന്നെയാണ് ജനങ്ങൾക്കിടയിൽ ചോക്ലോഡോ ഇത്രയധികം സ്വീകാര്യമാകാൻ കാരണമെന്നും ജുനൈദ് പറഞ്ഞു. 2027 ഓടെ ജി.സി.സിയിൽ 20ഓളം ഔട്ട്ലറ്റുകൾ സ്ഥാപിച്ച് ബിസിനസ് വിപുലീകരിക്കാനാണ് ഇദ്ദേഹത്തിന്റെ ഭാവി പദ്ധതി. അതിന് പിന്തുണയുമായി സഹോദരൻ നജീഹും കൂടെയുണ്ട്. കുടുംബവുമൊത്ത് അജ്മാനിലാണ് ജുനൈദിന്റെ താമസം.


