തെയ്യുണ്ണി മാഷിന്റെ ഓർമയിലെ വറുതിക്കാലം
text_fieldsതെയ്യുണ്ണിമാഷ്
മങ്കട: വറുതിയുടെ കാലത്ത് പ്രയാസങ്ങള്‍ സഹിച്ച് പഠിച്ച് അധ്യാപകനായ ഓര്‍മയില്‍ തെയ്യുണ്ണി മാഷ്. വാണിയമ്പലത്തെ ഏകാധ്യാപക സ്കൂളിലെ ജീവിതമാണ് മാഷിന് മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിച്ചത് .
സ്കൂളില്‍ വരാന്‍ വസ്ത്രവും പഠനോപകരണങ്ങളും ഇല്ലാതെ പഠനം മുടങ്ങിയ വിദ്യാർഥികള്‍. ഇവരെയെല്ലാം തേടിപ്പിടിച്ച് പണം ചെലവാക്കി വസ്ത്രവും പഠനോപകരണങ്ങളും നല്കി സ്കൂളിലേക്ക് കൊണ്ടുവന്ന ഓർമകളുണ്ട് മാഷിന്. മിക്ക കുട്ടികള്‍ക്കും പെന്‍സില്‍പോലും ഉണ്ടാവില്ല. മാഷ് ഒരുപെട്ടി പെന്‍സില്‍ മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്നു. ഒരിക്കൽ മാഷിന്റെ പെട്ടിയില്‍നിന്ന് ഒരുവിദ്യാർഥി പെന്‍സില്‍ മോഷ്ടിച്ചു. സംഭവം അറിയുന്നത് പതിറ്റാണ്ടുകള്‍ക്കുശേഷം റിട്ടയര്‍ ആയി വീട്ടില്‍ ഇരിക്കവെയാണ്. ആറുവര്‍ഷം മുമ്പ്, ഒരു പൂര്‍വവിദ്യാർഥി മാഷെ കാണാന്‍ വീട്ടില്‍ വരുകയായിരുന്നു. ‘‘മാഷേ, ഞാനൊരിക്കൽ മാഷിന്റെ വലിപ്പിൽനിന്ന് ഒരു പെന്‍സില്‍ മോഷ്ടിച്ചിരുന്നു. എന്നോട് പൊറുക്കണം’’ -അങ്ങനെയായിരുന്നു തുറന്നുപറച്ചിൽ. അത്തരം അനുഭവങ്ങളുടെ പാഠശാലയാണ് മാഷിന്റെ ജീവിതം.
മങ്കടക്കാരുടെ പ്രിയ അധ്യാപകന് 90ന്റെ നിറവിലും കര്‍മനിരതനാണ്. അധ്യാപക സംഘടനയില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ മൂന്ന് ദിവസം ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. ചേരിയം സ്കൂളില്‍നിന്നാണ് വിരമിച്ചത്.