കണ്ണൂരിന്റെ നന്മക്ക് നന്ദി; ബംഗ്ലാദേശ് സ്വദേശി റാഹത് ഇനി ആയുർവേദ ഡോക്ടർ
text_fieldsആയുർവേദ പഠനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഡോ. റാഹത്തിന് നൽകിയ യാത്രയയപ്പിൽ പ്രിൻസിപ്പൽ
ഡോ. പി.ആർ. ഇന്ദുകല ഉപഹാരം നൽകുന്നു
പയ്യന്നൂർ: എന്താണ് ഭാവി പരിപാടി എന്നു ചോദിച്ചപ്പോൾ നല്ല മലയാളത്തിലാണ് ആ മറുപടി -‘നാട്ടിൽ പുതുതായി ഒരു കേരള ആയുർവേദ സെന്റർ സ്ഥാപിക്കണം’. ബംഗ്ലാദേശിൽനിന്നുള്ള ഡോ. റാഹത് മഹമ്മൂദ് ഇത് പറയുമ്പോൾ മലയാളികൾ പകർന്നുനൽകിയ കരുതലിന്റെയും സ്നേഹത്തിന്റെയും നന്മ ആ മുഖത്ത് പ്രകടം.
ആറു വർഷങ്ങൾക്കു മുമ്പ് പിതാവിനോടൊപ്പം കണ്ണൂരിലെത്തുമ്പോൾ ബംഗ്ലാദേശുകാരനായ റാഹത്തിന്റെ മനസ്സുനിറയെ ആശങ്കകളായിരുന്നു. കണ്ണൂർ ഗവ. ആയുർവേദ കോളജിലാണ് ആയുർവേദ പഠനത്തിനു പ്രവേശനം ലഭിച്ചത്. അപരിചിതരായ മനുഷ്യർ, ഭാഷ, ഭക്ഷണം, കാലാവസ്ഥ. എല്ലാം പ്രശ്നങ്ങളായിരുന്നു. പക്ഷേ, എല്ലാറ്റിനോടും പെട്ടെന്ന് പൊരുത്തപ്പെടാനായി.
ആശുപത്രി വാർഡിൽ നിത്യേന രോഗികളെ സന്ദർശിച്ച് സമാശ്വസിപ്പിക്കും. അങ്ങനെ നന്നായി മലയാളം പഠിച്ചു. പരീക്ഷകളെല്ലാം ഫസ്റ്റ് ചാൻസിൽതന്നെ പാസായി. ഒടുവിൽ ബിരുദപഠനം വിജയകരമായി പൂർത്തിയാക്കി നാട്ടിലേക്ക് തിരിച്ചുപോവുന്ന ഡോ. റാഹത് മഹമ്മൂദ് വലിയൊരു ജീവിതാഭിലാഷം പൂർത്തീകരിച്ചതിന്റെ സന്തോഷത്തിലാണ്.
ഭാരതീയ ആയുഷ് വകുപ്പിന്റെ സ്കോളർഷിപ് ജേതാവ് കൂടിയാണ് ഈ വിദേശ വിദ്യാർഥി. ബംഗ്ലാദേശിൽ ആയുർവേദം അത്രമാത്രം പ്രചാരത്തിലില്ല. ബിസിനസുകാരനായ ഉപ്പയും ഉമ്മയും പ്ലസ് ടുവിന് പഠിക്കുന്ന ഇരട്ട സഹോദരിമാരുമടങ്ങുന്നതാണ് റാഹത്തിന്റെ കുടുംബം.
രാജസ്ഥാനിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദത്തിൽ പി.ജി പഠനത്തിന് പ്രവേശനം ലഭിച്ചുകഴിഞ്ഞു റാഹത്തിന്. നാട്ടിലെത്തി കുറച്ചു ദിവസങ്ങൾക്കുശേഷം വീണ്ടും തിരിച്ചുവരണം ഇന്ത്യയിലേക്ക്. നാട്ടിലേക്ക് മടങ്ങിപ്പോകുന്ന റാഹത്തിന് ഗവ. ആയുർവേദ കോളജിലെ അധ്യാപകർ നൽകിയ യാത്രയയപ്പിൽ പ്രിൻസിപ്പൽ ഡോ. പി.ആർ. ഇന്ദുകല ഉപഹാരം നൽകി


