അന്ന് ചരിത്രം പഠിപ്പിച്ച ക്ലാസ് മുറിയിൽ ഇന്ന് എസ്.ഐയായി എത്തുന്നു
text_fieldsഎസ്.ഐ ശരീഫ് തോടേങ്ങൽ
മങ്കട: 27 വർഷങ്ങൾക്ക് മുമ്പ് ഒമ്പതാം ക്ലാസിലെ ചരിത്രവും ഭൂമിശാസ്ത്രവും പഠിപ്പിച്ച ട്യൂഷൻ സെന്ററിന്റെ കെട്ടിടത്തിലെ അതേ മുറിയിൽ സബ് ഇൻസ്പെക്ടറായി ജോലിയിൽ എത്തുകയാണ് മുൻ അധ്യാപകൻ ശരീഫ് തോടേങ്ങൽ. അന്ന് ട്യൂഷൻ സെന്റർ ആയിരുന്ന കെട്ടിടം ഇപ്പോൾ മങ്കട പൊലീസ് സ്റ്റേഷൻ ആണ്. നെയിംബോർഡ് മാറ്റിവെച്ചു എന്നതൊഴിച്ചാൽ കാര്യമായ മാറ്റങ്ങൾ ഒന്നും കെട്ടിടത്തിന് ഇല്ല. മങ്കട പൊലീസ് സ്റ്റേഷനാണ് ഈ സംഗമത്തിന് വേദിയാകുന്നത്. നേരത്തെ മങ്കട സർവിസ് സഹകരണ ബാങ്ക് പ്രവർത്തിച്ചിരുന്ന കെട്ടിടവും പരിസരവുമാണ് പിന്നീട് വോയ്സസ് ട്യൂഷൻ സെന്റർ ആയി പ്രവർത്തിച്ചത്.
അന്ന് വോയ്സസിലെ ചരിത്ര അധ്യാപകനായി ജോലിചെയ്യുന്ന സമയത്താണ് അരിപ്ര സ്വദേശിയായ ശരീഫിന് പൊലീസ് സെലക്ഷൻ കിട്ടിയത്. വർഷങ്ങൾക്കിപ്പുറം ട്യൂഷൻ സെന്റർ അവിടെനിന്നും മാറുകയും അതേകെട്ടിടത്തിൽ തന്നെ കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്താതെ പൊലീസ് സ്റ്റേഷൻ വരികയും ചെയ്തു. അന്നത്തെ ഒമ്പതാം ക്ലാസാണ് നിലവിലെ മങ്കട പൊലീസ് സ്റ്റേഷന്റെ മുറികൾ. മൂന്നുവർഷമായി മേലാറ്റൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആയി ജോലി ചെയ്തിരുന്ന ശരീഫ് തോടേങ്ങലിന് കഴിഞ്ഞദിവസമാണ് മങ്കട സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ആയത്. ബുധനാഴ്ച മങ്കടയിൽ ചുമതലയേൽക്കും. അരിപ്ര പരേതനായ തോടേങ്ങൽ കുഞ്ഞിമുഹമ്മദിന്റെ മകനാണ്.