തൃക്കരിപ്പൂരിന്റെ കുടുംബ ഡോക്ടർക്ക് സ്നേഹനിർഭര യാത്രാമൊഴി
text_fieldsഡോ. ജയചന്ദ്ര ഷെട്ടി തൃക്കരിപ്പൂരിലെ ക്ലിനിക്കിൽ
തൃക്കരിപ്പൂർ: സംസ്ഥാന രൂപവത്കരണത്തിന് മുൻപേ തൃക്കരിപ്പൂരിന്റെ ആതുര സേവനരംഗത്ത് നിറഞ്ഞുനിന്ന ഷെട്ടി കുടുംബത്തിന്റെ വൈദ്യസേവനത്തിന് തിരശ്ശീല വീഴുന്നു. പിതാവ് ഡോ. സാംബ ഷെട്ടിയുടെ പാത പിന്തുടർന്ന് 47 വർഷം തൃക്കരിപ്പൂരിൽ സേവനം ചെയ്ത ഡോ. ജയചന്ദ്ര ഷെട്ടി സ്വദേശമായ മംഗളൂരു കദ്രിയിലേക്ക് മടങ്ങുകയാണ്. 79 കാരനായ അദ്ദേഹം ഇന്ന് തൃക്കരിപ്പൂരിനോട് വിടപറയും. 1979ൽ പിതാവ് ഡോ. സാംബ ഷെട്ടിയോടൊപ്പമാണ് ജയചന്ദ്ര ഷെട്ടി തൃക്കരിപ്പൂരിൽ എത്തുന്നത്. അന്നത്തെ മദ്രാസ് സംസ്ഥാനത്തിന്റെ അതിർത്തിയായിരുന്ന ഇവിടെ ഹെൽത്ത് ഓഫിസറായാണ് സാംബ ഷെട്ടി നിയമിതനായത്.
വിരമിച്ച ശേഷവും വില്ലേജ് ഓഫീസ് പരിസരത്തു നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള പാതയിൽ ക്ലിനിക്ക് തുടർന്ന അദ്ദേഹം ചികിത്സയും മരുന്നും സ്വയം നൽകി. വിലക്കുറവുള്ള ജനറിക് മരുന്നുകൾ നൽകാനും അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ സ്മരണക്കായാണ് ഈ റോഡിന് ഡോ. ഷെട്ടി റോഡ് എന്ന് പേരിട്ടത്. 1989-ൽ സാംബ ഷെട്ടി അന്തരിച്ചതോടെ മകൻ ജയചന്ദ്ര ഷെട്ടി ആ ദൗത്യം ഏറ്റെടുത്തു. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഓടിട്ട പഴയ കെട്ടിടത്തിലെ ചെറിയ മുറിയിലായിരുന്നു ഡോ. ജയചന്ദ്ര ഷെട്ടിയുടെ ക്ലിനിക്ക്.
പുറംമോടികളിൽ വിശ്വസിക്കാതിരുന്ന അദ്ദേഹം, ചികിത്സാ ചെലവുകൾ കുതിച്ചുയർന്ന കാലത്തും ഏറ്റവും കുറഞ്ഞ ചെലവിൽ രോഗികൾക്ക് ആശ്വാസമേകി. ആദ്യത്തെ 15 വർഷം ദിവസവും മംഗലാപുരത്തേക്ക് പോയി വന്നിരുന്ന അദ്ദേഹം പിന്നീട് ആഴ്ചയിൽ ഒരിക്കലാക്കി യാത്ര ചുരുക്കി. ഗ്രാമത്തിൽ തുടർന്നുള്ള സേവനം വിവാഹാലോചന സമയത്തുതന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. തന്നെ കാണാനെത്തിയ രോഗികളുടെ അവസ്ഥ കണ്ട് ആധുനിക സൗകര്യങ്ങൾ അദ്ദേഹം സ്വമേധയാ വേണ്ടെന്നുവച്ചു.
പിതാവ് തെളിച്ച വഴിയിലൂടെ സഞ്ചരിച്ച് ഒരു നാടിന്റെ മുഴുവൻ വിശ്വാസം നേടിയ ഡോ. ജയചന്ദ്ര ഷെട്ടിയുടെ വിടവാങ്ങൽ തൃക്കരിപ്പൂരിന് വികാരനിർഭരമായ അനുഭവമാകുകയാണ്. ഇനി കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിക്കും. ഭാര്യ ഉമ ഷെട്ടി. മക്കൾ: മംഗളൂരു യൂനിറ്റി ആശുപത്രിയിലെ വാസ്കുലർ സർജൻ ഡോ. നരേൻ ഷെട്ടി, ഓസ്ട്രേലിയയിൽ എൻജിനീയറായ ശ്യാംകുമാർ ഷെട്ടി. തൃക്കരിപ്പൂർ പഞ്ചായത്ത് ഭരണ സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ തുടങ്ങിയവർ ക്ലിനിക്കിലെത്തി ഡോക്ടറെ ആദരിച്ചു.


