മാഞ്ഞുപോകുന്ന പച്ചപ്പും മലബാറിന്റെ നൊമ്പരവും..., ഷാജിത്തിന്റെ വിസ്മയക്കാഴ്ചകൾ
text_fieldsകൊച്ചി മുസ്രിസ് ബിനാലെ വേദികളിലൊന്നായ ആസ്പിന്‍വാള്‍ ഹൗസിലെ കയര്‍ ഗോഡൗണില്‍ പ്രദര്‍ശിപ്പിച്ച ആര്.ബി ഷാജിത്തിന്റെ കലാപ്രതിഷ്ഠ
കൊച്ചി: ഹരിതാഭമായ മലഞ്ചെരിവിനെ വലിയൊരു കാൻവാസിലേക്ക് പകർത്തിവെച്ചതുപോലെ തോന്നിപ്പിക്കുമെങ്കിലും സൂക്ഷിച്ചുനോക്കിയാൽ അത് ഒരു വിലാപകാവ്യമാണെന്ന് തിരിച്ചറിയാം. കൊച്ചി-മുസ്രിസ് ബിനാലെ വേദിയായ ഫോർട്ട് കൊച്ചിയിലെ ആസ്പിൻവാൾ ഹൗസിലെ കയര്‍ ഗോഡൗണില്‍ ആർ.ബി. ഷാജിത്ത് ഒരുക്കിയ ചിത്രങ്ങൾ മലബാറിന്റെ നഷ്ടപ്പെടുന്ന ജൈവവൈവിധ്യത്തിലേക്കുള്ള കണ്ണാടിയാവുകയാണ്.
ആര്.ബി. ഷാജിത്ത്
അക്രിലിക്, ഓയിൽ, വാട്ടർ കളർ മാധ്യമങ്ങളാണ് ഷാജിത്ത് കലാസൃഷ്ടികൾക്കായി ഉപയോഗിച്ചത്. വികസനത്തിന്റെ പേരിൽ മായ്ച്ചുകളഞ്ഞ പ്രകൃതിയുടെ സ്മരണകളെയാണ് ചിത്രത്തിലൂടെ പുനരാവിഷ്കരിക്കുന്നത്. പത്ത് പാനലുകളിലായി വ്യാപിച്ചു കിടക്കുന്ന പടുകൂറ്റൻ ചിത്രത്തിൽ കാട്ടുചെടികളും കുറ്റിച്ചെടികളും മുതൽ കവുങ്ങും കുരുമുളകും വരെ നിറഞ്ഞുനിൽക്കുന്നു.
താൻ ജനിച്ചുവളർന്ന കണ്ണൂരിലെ മലപ്പട്ടം എന്ന ഗ്രാമത്തിലെ തോടുകളും കുന്നുകളും ഓർമകളിൽനിന്ന് അപ്രത്യക്ഷമാകുന്നതിന്റെ വേദനയാണ് ‘വൈപ്പിങ് ഔട്ട്’ എന്ന ഈ ചിത്രപരമ്പരയിലേക്ക് നയിച്ചതെന്ന് ഷാജിത്ത് പറഞ്ഞു. കൂടിനുള്ളിൽ പകച്ചുനിൽക്കുന്ന മയിലിന്റെ ചിത്രം പ്രദർശനത്തിലെ ശ്രദ്ധേയമായ ഒന്നാണ്.
കേരളത്തിന്റെ പച്ചപ്പിലേക്ക് കാലാവസ്ഥ വ്യതിയാനം മൂലം വിരുന്നെത്തുന്ന മയിലുകൾ, വരാനിരിക്കുന്ന വലിയ പാരിസ്ഥിതിക ദുരന്തത്തിന്റെ സൂചനയാണെന്ന് ഷാജിത്ത് ഓർമിപ്പിക്കുന്നു. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയ ഷാജിത്ത്, ചൈനീസ്-ജാപ്പനീസ് വാഷ് പെയിന്റിങ് രീതികളും മിനിയേച്ചർ ശൈലികളും തന്റെ ബിനാലെ കലാസൃഷ്ടിയില് സന്നിവേശിപ്പിച്ചിട്ടുണ്ട്.


