രുചിപ്പെരുമ ചരിത്രം; കടല മൂസക്ക് വിട
text_fieldsമൂസക്ക ഇരിട്ടിയിൽ കടലവിൽപനയിൽ (ഫയൽ ഫോട്ടോ)
ഇരിട്ടി: വറുത്തെടുത്ത് ചൂടോടെ പകർന്നുനൽകുന്ന നിലക്കടല വിൽപനയിലെ വാണിയങ്കണ്ടി മൂസപ്പെരുമ ഇനി ഓർമ.മട്ടന്നൂർ കളറോഡിലെ വീട്ടിൽനിന്ന് പുലർച്ചെ മകൻ റഫീഖിനൊപ്പം ബൈക്കിൽ നിലക്കടല ചാക്കുമായി ഇരിട്ടിയിൽ പതിവായെത്തിയിരുന്ന മൂസക്ക ശുചിത്വ ഹർത്താൽ ദിനത്തിലാണ് ഒടുവിൽ ഇരിട്ടിയിൽ വന്നത്.
വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) പ്രവർത്തകർക്കായി നിശ്ചയിച്ച മേഖലയിൽ ബഹുജന ശുചീകരണത്തിൽ പങ്കെടുത്ത് മടങ്ങിയ നാട്ടുകാരുടെ പ്രിയപ്പെട്ട മൂസക്ക പിറ്റേന്ന് പുലർച്ചെയാണ് മരിച്ചത്.
52 വർഷത്തെ രുചിപ്പെരുമ സമ്മാനിച്ചാണ് മൂസക്ക തിരശ്ശീലക്കു പിന്നിലേക്ക് മറഞ്ഞത്. പെട്രോമാക്സും ചീനച്ചട്ടിയും വറുത്ത നിലക്കടലയിലെ കേടും മണലും അരിച്ചെടുക്കാനുള്ള അരിപ്പകളുമൊക്കെയായി മൂസക്കയുടെ ഉന്തുവണ്ടി ഇരിട്ടിക്കും മലയോരത്തിനും മറക്കാനാവാത്തതാണ്. സാധാരണക്കാരനായ ഒരു മനുഷ്യന്റെ സ്ഥിരോൽസാഹത്തിന്റെ ചരിത്രം ബാക്കിയാക്കിയാണ് മൂസക്ക മടങ്ങിയത്.