ഗാന്ധി എന്ന വെളിച്ചത്തിന് തിളക്കമേറുന്നു
text_fieldsപി. ഹരീന്ദ്രനാഥ്
കാലം സഞ്ചരിക്കുന്നത് മറവികളെ ഇന്നലെകൾക്ക് നൽകിക്കൊണ്ടാണ്. അടയാളപ്പെടുത്തേണ്ട വസ്തുതകളെയും ബോധ്യങ്ങളെയും അത്തരത്തിൽ മറവിക്ക് നൽകപ്പെടുമ്പോൾ കഴിഞ്ഞുപോയ കാലത്തെക്കുറിച്ചുള്ള നാളെകളുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെയാകും. അവിടെയാണ് കപട ചരിത്ര രചനകൾ പിറവിയെടുക്കുന്നത്. ഇന്ത്യൻ സമൂഹം എക്കാലവും പവിത്രതയോടെ ഓർക്കേണ്ട, പഠിക്കേണ്ട കാലമെന്നത് മഹാത്മാ ഗാന്ധിയുടേതാണ്. ഇതിനോടകം പാകപ്പെടുത്തി വെച്ച ചരിത്രത്താളുകളേക്കാളേറെ അദ്ദേഹത്തെക്കുറിച്ച് ഇനിയും അറിയാനുണ്ടെന്ന ബോധം ഇന്നും പലർക്കുമില്ല.
തെറ്റായ വ്യാഖ്യാനങ്ങളിലൂടെയും രചനകളിലൂടെയും ഗാന്ധിയെ തമസ്കരിക്കപ്പെടുമ്പോൾ ബഹുസ്വരമാർന്ന ഇന്ത്യൻ ദേശീയ ചൈതന്യത്തെ അതിന്റെ മൂല്യത്തോടെ ഗാന്ധിയിലൂടെ വസ്തുതാപരമായി ചേർത്തുവെച്ച വ്യക്തിയാണ് പി. ഹരീന്ദ്രനാഥ്. ‘ഇന്ത്യ ഇരുളും വെളിച്ചവും’, ‘മഹാത്മാ ഗാന്ധി കാലവും കർമപർവവും 1869-1925’ എന്നീ രണ്ട് ചരിത്ര പുസ്തകങ്ങളിലൂടെ ഗാന്ധിയെയും ഇന്ത്യയെയും വസ്തുതാപരമായി വിവരിച്ചു നൽകിയിരിക്കയാണ് അദ്ദേഹം. ഒരാവൃത്തി ഏതൊരു ഇന്ത്യനും പ്രത്യേകിച്ച് വർത്തമാനകാലത്ത് വായിച്ചിരിക്കേണ്ട പുസ്തകങ്ങളാണവ.
പുസ്തകത്തിന്റെ അകത്തളങ്ങളിലേക്കിറങ്ങുമ്പോൾ ഗാന്ധി ചരിത്രത്തിന്റെ നാൾവഴികളിലൂടെ മാത്രമല്ല നമ്മെ കൊണ്ടുപോകുന്നത്. അവിടെ ഇന്ത്യയുടെ മഹത്തായ സംസ്കാരങ്ങളും ഇംഗ്ലണ്ടിന്റെയും ആഫ്രിക്കയുടെയും കഴിഞ്ഞ കാലങ്ങളെയും ഒരു തുറന്ന ജനാലയിലൂടെയെന്നപോലെ നമുക്ക് കാണാനാകും. കോഴിക്കോട് ജില്ലയിലെ വില്യാപ്പള്ളി എം.ജെ വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ മുൻ അധ്യാപകനാണ് പി. ഹരീന്ദ്രനാഥ്.
‘ഇന്ത്യ: ഇരുളും വെളിച്ചവും’ എന്ന ഗ്രന്ഥരചനയിലൂടെ 2016ലെ അഡ്വ. ടി. കുഞ്ഞിരാമക്കുറുപ്പ് പുരസ്കാരം, ദുബൈ പ്രവാസി ബുക്ക് ട്രസ്റ്റ് പുരസ്കാരം, 2017ലെ കെ.വി. സുരേന്ദ്രനാഥ് പുരസ്കാരം, 2019ലെ തിരുവനന്തപുരം ഭക്തിപ്രസ്ഥാന പഠനകേന്ദ്രത്തിന്റെ തുഞ്ചത്തെഴുത്തച്ഛന്‍ ശ്രേഷ്ഠപുരസ്കാരം, 2023ലെ ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന് നാദാപുരം ചാപ്റ്ററിന്റെ സമഗ്രസേവാ പുരസ്കാരം, അബ്ദുല്ല മേപ്പയൂര്‍ സ്മാരക പുരസ്കാരം എന്നിവക്ക് അര്‍ഹനായി. 2020ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന് പരിഗണിക്കപ്പെട്ട ഏറ്റവും മികച്ച 10 മലയാളം പുസ്തകങ്ങളില്‍ ‘ഇന്ത്യ: ഇരുളും വെളിച്ചവും’ നാലാം സ്ഥാനം കരസ്ഥമാക്കി.
രണ്ടാമത്തെ ചരിത്രഗ്രന്ഥമായ ‘മഹാത്മാ ഗാന്ധി: കാലവും കര്‍മപര്‍വവും 1869-1915’ പുസ്തകത്തിന് 2023ലെ പി.ആര്. നമ്പ്യാര്‍ പുരസ്കാരം, 2024ലെ അബൂദബി ഗാന്ധി സാഹിത്യവേദിയുടെ രാഷ്ട്രസേവ പുരസ്കാരം, 2025ലെ കെ. കുഞ്ഞിരാമക്കുറുപ്പ് സാഹിത്യപുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. ബഹ്റൈനിൽ ഹ്രസ്വസന്ദർശനത്തിനെത്തിയ പി. ഹരീന്ദ്രനാഥ് ‘ഗൾഫ് മാധ്യമ’ത്തിന് നൽകിയ അഭിമുഖത്തിൽനിന്ന്.
‘മഹാത്മാ ഗാന്ധി കാലവും കർമപർവവും 1869-1925’
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം പറയുന്ന എന്റെ ആദ്യ പുസ്തകമായ ‘ഇന്ത്യ ഇരുളും വെളിച്ചവും’ ഞാൻ എഴുതിത്തീർത്തത് ആറു വർഷംകൊണ്ടാണ്. അതിൽ വാസ്കോഡഗാമയുടെ കടന്നുവരവ് മുതൽ പാശ്ചാത്യ അധിനിവേഷം ഇന്ത്യയിൽ വരുത്തിത്തീർത്ത പ്രത്യാഘാതങ്ങൾ വരെയുള്ള ചരിത്രങ്ങൾ പറഞ്ഞുപോവുന്നുണ്ട്. ഈ പുസ്തകത്തിനായുള്ള പഠനങ്ങൾ നടത്തുന്നതിനിടയിലാണ് ഞാൻ ഗാന്ധിയുടെ മഹത്ത്വങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നത്.
ഗാന്ധിയെക്കുറിച്ച് എനിക്കുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും ചരിത്ര വസ്തുതകൾ ഇല്ലാത്തതാണെന്ന ബോധ്യം വന്നതോടെ അതിനെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു. യഥാർഥ ഗാന്ധി പൊളിറ്റിക്കൽ ഗാന്ധി അല്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് ഞാൻ ‘മഹാത്മാ ഗാന്ധി കാലവും കർമപർവവും 1869-1925’ എന്ന പുസ്തകം എഴുതാൻ ആരംഭിച്ചത്. അഞ്ചര വർഷക്കാലം കഠിനപ്രയത്നം നടത്തിയാണ് ഈ പുസ്തകം എഴുതിത്തീർത്തത്.
ബാരിസ്റ്റർ എം.കെ. ഗാന്ധിയിൽനിന്ന് മഹാത്മാ ഗാന്ധിയിലേക്ക്
എം.കെ. ഗാന്ധി എന്ന ബാരിസ്റ്ററിൽനിന്ന് മഹാത്മാ ഗാന്ധിയിലേക്കുള്ള പരിവർത്തന പ്രക്രിയ പൂർത്തീകരിക്കുന്നത് ദക്ഷിണാഫ്രിക്കയിൽ വെച്ചാണ്. 1893ൽ ദക്ഷിണാഫ്രിക്കയിലെ ഒരു ട്രെയിൻ യാത്രക്കിടെ കറുത്ത വർഗക്കാരനെന്ന നിലയിൽ ഗാന്ധിയെ വിലയിരുത്തുകയും അതുവഴിയുണ്ടായ ദുരനുഭവവും ഗാന്ധിയെ കൂടുതൽ ചിന്തിപ്പിച്ചു.
ഇത് ഒരു വ്യക്തിയുടെ പ്രശ്നമല്ലെന്നും വ്യവസ്ഥിതിയുടെ പ്രശ്നമാണെന്നും വിലയിരുത്തിയ ഗാന്ധി ആ രാത്രിയിൽ എടുത്ത പ്രതിജ്ഞ ഇപ്രകാരമായിരുന്നു: ‘ഞാൻ എന്റെ അഹിംസ സമരം ആരംഭിക്കുന്നു.’ അതിനുശേഷം ദക്ഷിണാഫ്രിക്കയിലെ കറുത്ത വർഗക്കാരോട് ഭരണാധികാരികൾ നടത്തിയ അവഗണനകൾക്കെതിരെ നടത്തിയ പോരാട്ടങ്ങളുടെ പരിണിതഫലമായാണ് മഹാത്മാ ഗാന്ധി എന്ന മഹാൻ ജനിക്കുന്നത്.
ഗാന്ധി നടത്തിയ സത്യഗ്രഹം, വികസിപ്പിച്ചെടുത്ത ജീവിത ദർശനങ്ങൾ, അദ്ദേഹം നടത്തിയ സത്യാന്വേഷണ പരീക്ഷണങ്ങൾ ഇതെല്ലാമാണ് ഒരു പരിണാമ പ്രക്രിയയിലൂടെ എം.കെ. ഗാന്ധിയെന്ന പുഴുവിൽനിന്ന് മഹാത്മാ ഗാന്ധിയെന്ന പൂമ്പാറ്റയായി മാറിയത്. ആ പൂമ്പാറ്റയെ ചരിത്രത്തിൽനിന്ന് തമസ്കരിക്കാൻ ശ്രമിക്കുന്ന കാലത്ത് എന്നെപ്പോലുള്ള ചരിത്ര വിദ്യാർഥികളുടെ ധർമം യഥാർഥ ഗാന്ധി ആരാണെന്ന് സാധാരണക്കാരനെ മനസ്സിലാക്കിക്കൊടുക്കുക എന്നതാണ്. ഇനിയും ഗാന്ധിയെ ഒരുപാട് അറിയാനുണ്ട്. തീർച്ചയായും ‘ഗാന്ധി എന്ന വെളിച്ചത്തിന് അനുദിനം തിളക്കമേറുകയാണ്...’
ഗാന്ധി ദർശനത്തിന്റെ ആധാരശില മനുഷ്യനാണ്
ഗാന്ധിയിൽ അപരത്വമില്ല, അതാണ് ഗാന്ധിയുടെ ഏറ്റവും വലിയ പ്രസക്തി. ഗാന്ധി ദർശനത്തിന്റെ ആധാരശില മനുഷ്യനാണ്. ആ മനുഷ്യനെന്നാൽ ഗാന്ധിക്ക് ഹിന്ദുവോ മുസ്ലിമോ ക്രൈസ്തവനോ പാഴ്സിയോ അല്ല, എല്ലാവരുമാണ്. 1909ൽ ഗാന്ധി രചിച്ച വിപ്ലവകരമായ പുസ്തകമാണ് ഹിന്ദ് സ്വരാജ്. അതാണ് ഗാന്ധി ദർശനങ്ങളുടെ പ്രവാഹത്തിന്റെ ഉറവിടമായി കണക്കാക്കപ്പെടുന്നത്. ഹിംസാത്മകമായ പാശ്ചാത്യനാഗരികത മനുഷ്യരാശിയുടെ നിലനിൽപിന് ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ഉത്കണ്ഠകൾ ഗാന്ധിജി ‘ഹിന്ദ് സ്വരാജിൽ’ രേഖപ്പെടുത്തിയിട്ടുണ്ട്.
എത്ര വ്യക്തികളുണ്ടോ അത്രയും മതങ്ങളുമുണ്ടാകുമെന്നാണ് ഗാന്ധിയുടെ ദർശനം. ഭാരതം എന്നു പറഞ്ഞാൽ ഈ മണ്ണിൽ ജനിച്ചുവീണ, പേരും പുഞ്ചിരിയും നൊമ്പരവുമെല്ലാമുള്ള മനുഷ്യരുടെ സമഗ്രമായ ഒരു കൂട്ടായ്മയാണ്. ദേശീയ ചൈതന്യം ഉള്ളിൽ സൂക്ഷിക്കുന്നവൻ അന്യരുടെ മതത്തിൽ ഇടപെടില്ല എന്നാണ് ഗാന്ധി പറഞ്ഞുവെച്ചത്. ആ ചൈതന്യം നിലനിർത്തുക എന്നതാണ് എന്റെയും ജീവിത ലക്ഷ്യം.
ഗാന്ധിയെന്ന വെളിച്ചത്തിന്റെപ്രഭ നഷ്ടപ്പെടരുത്
കഴിഞ്ഞ നൂറ്റാണ്ടിൽ ലോകത്ത് ജീവിച്ചിരുന്ന ഏറ്റവും തിരക്കേറിയ മനുഷ്യരിലൊരാളാണ് ഗാന്ധി. ഈ തിരക്കിനിടയിൽ അദ്ദേഹം വായിച്ചുതീർത്തത് 5000ത്തിലധികം പുസ്തകങ്ങളാണ്. വായന മരിക്കുന്ന കാലത്ത് ഗാന്ധിയെക്കുറിച്ചുള്ള ഏത് സംവാദവും വായനയെ തിരിച്ചുപിടിക്കുക എന്നതുകൂടിയാണ്. ഗാന്ധി ഒരു വെളിച്ചമാണ്, ആ വെളിച്ചത്തിന്റെ പ്രഭ നഷ്ടപ്പെട്ടുപോയാൽ അത് നമ്മുടെ രാജ്യത്തിന്റെ ഭാവിയെ ബാധിക്കും. ഗാന്ധി എന്ന വെളിച്ചത്തിൽനിന്നുള്ള അകലമാണ് ഇന്ത്യ ഇന്ന് നേരിടുന്ന പല പ്രശ്നങ്ങളുടെയും മൂലകാരണം. ഗാന്ധിയെ വിമർശിക്കുക എന്നത് എളുപ്പമാണ്; എന്നാൽ, അദ്ദേഹത്തെ പഠിക്കുക എന്നത് ദുഷ്കരവും.
എന്നെ വിസ്മയിപ്പിച്ച പല കാര്യങ്ങൾ
ഗാന്ധിയെക്കുറിച്ചുള്ള പഠന കാലയളവിൽ എന്നെ വിസ്മയിപ്പിച്ച പല കാര്യങ്ങളും ഞാൻ ആ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. അതിൽ എന്നെ ഏറെ ചിന്തിപ്പിച്ച വിഷയം ഗാന്ധി വോൾക് റസ്റ്റ് ജയിലിൽനിന്ന് രോഗശയ്യയിൽ കിടക്കുന്ന പ്രിയ പത്നി കസ്തൂർബക്ക് എഴുതിയ ഒരു കത്താണ്. ഗാന്ധിയിലെ വായനക്കാരൻ, പ്രവചനങ്ങൾ, എം.കെ. ഗാന്ധിയെന്ന കായികപ്രേമി ഇതെല്ലാം എന്നെ വിസ്മയിപ്പിച്ച ഗാന്ധിയുടെ ചരിത്രങ്ങളാണ്. ഗാന്ധിയെ പഠിക്കുക എന്നത് ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പാരമ്പര്യത്തെയും സംസ്കാരത്തെയും ചരിത്രത്തെയും തിരിച്ചുപിടിക്കുക എന്നതാണ്. ഗാന്ധി പൂർണമായും ഇപ്പോഴും ജനങ്ങളിലേക്കെത്തിയിട്ടില്ല എന്നതാണ് വസ്തുത.
ഒരു പ്രതിരോധമാണ് എന്റെ രണ്ട് പുസ്തകങ്ങൾ
യഥാർഥ ചരിത്രം നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി തമസ്കരിക്കപ്പെടുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. വളച്ചൊടിക്കപ്പെടലുകളും ദുർവ്യാഖ്യാനം ചെയ്യപ്പെടലുകളും അതിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഈ തെറ്റായ പ്രവണതക്കുള്ള ഒരു പ്രതിരോധമാണ് എന്റെ രണ്ട് പുസ്തകങ്ങൾ. ഇത്തരത്തിൽ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്ന ചരിത്രത്തിന്റെ ഏറ്റവും വലിയ ദുരന്തം ഇന്ത്യൻ സംസ്കാരത്തിന്റെ ബഹുസ്വരതയെ അപകടപ്പെടുത്തുന്നു എന്നതാണ്.
ചരിത്ര രചനക്ക് ഏറ്റവും പ്രധാനപ്പെട്ട നാല് ചുവടുകളാണുള്ളത്. വസ്തുതകളുടെ സമാഹരണം, തിരഞ്ഞെടുക്കൽ, ക്രമീകരണം, വ്യാഖ്യാനം എന്നിവയാണവ. ഈ നാല് ചുവടുകളും പാലിക്കാതെയാണ് ഇന്ന് പലരും ചരിത്രമെഴുതുന്നത്. അതുകൊണ്ടാണ് മിത്തുകളും കടങ്കഥകളും ചരിത്രങ്ങളായി മാറുന്നത്. ഗാന്ധി ചരിത്രം ഇനിയും എഴുതാനുണ്ട്. ഇപ്പോൾ 1915 വരെ എഴുതിയിട്ടുള്ളൂ. ഇനി 1935 വരെയും പിന്നീട് 1948 ഗാന്ധിയുടെ മരണം വരെയും എഴുതാനുണ്ട്. ആരോഗ്യവും സാമ്പത്തികവും അനുകൂലമായി വന്നാൽ തീർച്ചയായും അതിന് ശ്രമിക്കും.