വിവരാവകാശ നിയമത്തിന് ഇന്ന് 20 വയസ്സ്; അനിലിന്‍റെ വീട് മുഴുവൻ രേഖകൾ
text_fieldsഅനിൽ വിളക്കുന്നേൽ
ചെറുതോണി: വിവരാവകാശനിയമത്തിന് ഞായറാഴ്ച 20 വയസ്സ് തികയുമ്പോൾ കൊന്നത്തടി പഞ്ചായത്തിലെ മങ്കുവ സ്വദേശി അനിൽ വിളക്കുന്നേലിന്‍റെ വീട് മുഴുവൻ വിവരാവകാശരേഖകൾ കൊണ്ടുനിറയുകയാണ്. ഇവയെല്ലാം മുറിയിലും മൂന്നു ചാക്കുകെട്ടിലുമായി സൂക്ഷിച്ചിരിക്കുകയാണ്. 2005 ഒക്ടോബർ 12നാണ് വിവരാവകാശനിയമം നിലവിൽ വരുന്നത്. 2006 മുതൽ തുടങ്ങിയതാണ് അനിലിന്‍റെ വിവരം തേടിയുള്ള അന്വേഷണം.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, സെക്രട്ടേറിയറ്റ് തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നെല്ലാം രേഖകളെടുത്തിട്ടുണ്ട്. കൂടാതെ വെള്ളത്തൂവൽ, അടിമാലി പൊലീസ് സ്റ്റേഷൻ, മൂന്നാർ ഡിവൈ.എസ്.പി ഓഫിസ് തുടങ്ങിയടത്തുനിന്നെടുത്ത രേഖകളെല്ലാം കൈവശമുണ്ട്. രേഖകൾ തരാൻ മടിച്ച ഉദ്യോഗസ്ഥർക്കെതിരെ അപ്പീലിനു പോയി പിഴയടപ്പിച്ച സംഭവങ്ങളുമുണ്ട്. ജില്ല പഞ്ചായത്തിന്‍റെ ഓഡിറ്റ് റിപ്പോർട്ട് വിവരാവകാശരേഖയായി കൈയിൽ കിട്ടിയപ്പോൾ അത് അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്‍റെ തുടക്കമായി.
കമ്പിളികണ്ടം സ്വദേശിയായ പെൺകുട്ടി വെള്ളത്തിൽ വീണുമരിച്ച സംഭവത്തിൽ സംശയം തോന്നി വിവരാവകാശരേഖ സമ്പാദിച്ച് പുറത്തുവിട്ടപ്പോൾ അത് കോട്ടയം മെഡിക്കൽ കോളജിൽ പൊലീസ് സർജന്‍റെ റീപോസ്റ്റ്മോർട്ടത്തിനും തുടരന്വേഷണത്തിനും കാരണമായി. 19 വർഷത്തിനിടെ വിവരാവകാശരേഖകൾ വാങ്ങാനായി യാത്രക്കൂലിയടക്കം ചെലവാക്കിയ തുകക്കു കണക്കില്ല .ഒരു പേജിനു 10 രൂപ പ്രകാരം 1000 രൂപവരെ ചെലവാക്കിയിട്ടുണ്ട്. അതുവഴി 48കാരനായ അനിൽ നിരവധി ശത്രുക്കളേളെയും സമ്പാദിച്ചിട്ടുണ്ട്.
പൊലീസ് സ്റ്റേഷൻ മുതൽ കോടതിവരെ കയറിയിറങ്ങേണ്ടി വന്നു. കൊന്നത്തടി പഞ്ചായത്തിൽ സെക്രട്ടറിയായിരുന്ന രാജൻ വർഗീസിനെ ഭരണ സമിതി വിവരാവകാശത്തിന്‍റെ പേരിൽ സെക്രട്ടറിയുടെ മുറിയിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയും ഫയലുകൾ നശിപ്പിക്കുകയും ചെയ്തതാണ് അനിലിന് മറക്കാനാവാത്ത സംഭവം. അനിൽ ഒരു പദ്ധതിയുടെ വിവരമറിയാൻ പഞ്ചായത്തിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ വച്ചിരുന്നു.
വിവരങ്ങൾ നൽകുന്നത് സംബന്ധിച്ച് സെക്രട്ടറിയും ഭരണ സമിതിയും തമ്മിലുണ്ടായ തർക്കമാണ് കൈയേറ്റത്തിൽ കലാശിച്ചത്. വിവരാവകാശ നിയമപ്രകാരം ഓംബുഡ്‌സ്മാനു പരാതി നൽകി ആറു പഞ്ചായത്തു മെംബർമാരെ അയോഗ്യരാക്കിയ സംഭവമുണ്ട്. പരാതികൾ തയാറാക്കുന്നത് ഉൾപ്പെടെ അനിൽ വിളക്കുന്നേലിന് ഭാര്യ എലിസബത്തിന്‍റെയും മൂന്നു മക്കളുടെയും പൂർണ പിന്തുണയുമുണ്ട്.


