അധികാര ഇടനാഴിയിൽ വഴിമാറി നടന്ന സോഷ്യലിസ്റ്റ്
text_fieldsഅബ്രഹാം മാനുവൽ
തിരുവമ്പാടി: പാർലമെന്ററി മോഹങ്ങളില്ലാതെ രാഷ്ട്രീയ പ്രവർത്തന മേഖലയിൽ വേറിട്ട വഴിയിലായിരുന്നു അബ്രഹാം മാനുവലിന്റെ സഞ്ചാരം. 1960 കളിൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ വിദ്യാർഥി വിഭാഗത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ അബ്രഹാം മാനുവൽ ഇന്നും സോഷ്യലിസ്റ്റ് പാതയിൽ നിന്ന് വ്യതിചലിച്ചിട്ടില്ല. ബിരുദ വിദ്യാർഥിയായിരിക്കെ വിദ്യാർഥി സമരത്തിന് നേതൃത്വം നൽകിയതിനാൽ ദേവഗിരി സെന്റ് ജോസഫ്സ് കോളജിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന് തൃശൂർ സെന്റ് തോമസ് കോളജിലാണ് ബിരുദം പൂർത്തികരിച്ചത്.
സോഷ്യലിസ്റ്റ് പാർട്ടിയുടെ യുവജന വിഭാഗമായിരുന്ന യുവജനസഭ യുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥയിൽ ഒന്നര വർഷം ജയിൽവാസം അനുഭവിച്ച് പുറത്ത് വന്നപ്പോഴും അബ്രഹാം മാനുവലിന്റെ നിലപാടുകളിൽ മാറ്റമുണ്ടായില്ല. അടിയന്തരാവസ്ഥയെത്തുടർന്ന് ജനത പാർട്ടി രൂപവത്കരിച്ചപ്പോൾ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും ദേശീയ കൗൺസിൽ അംഗവുമായി. മലയോര മേഖലയിലെ സമരങ്ങളിലെല്ലാം മുൻനിരയിലുണ്ടായിരുന്നു. 1989 ൽ ജനത ദൾ ദേശീയ സമിതി അംഗമായി. ഹിന്ദി , ഇംഗ്ലീഷ് ഭാഷകൾ നന്നായി വഴങ്ങുന്ന അബ്രഹാം , ആദ്യകാലത്ത് പാർട്ടിയുടെ ദേശീയ നേതാക്കളുടെ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ആറര പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ ജീവിതത്തിൽ തെരെഞ്ഞെടുപ്പുകളിലൊന്നും മത്സരിക്കാതെ വഴിമാറി നടന്നു. മത്സരിക്കാൻ അവസരങ്ങൾ വന്നിരുന്നുവെങ്കിലും വിസമ്മതിക്കുകയായിരുന്നുവെന്ന് അബ്രഹാം മാനുവൽ പറഞ്ഞു. തിരുവമ്പാടി സർവിസ് സഹകരണ ബാങ്കിൽ ഡയറക്ടറായിരുന്നു. വയസ്സ് 80 പിന്നിടുമ്പോഴും ആർ.ജെ.ഡിയുടെ നേതൃനിരയിൽ സജീവമാണ്. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് തിരുവമ്പാടി പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനാണ് ഇദ്ദേഹം.


