കൊട്ടിക്കയറാൻ മണ്ണാര്‍ക്കാട് നഗരസഭയിലെ ഇളമുറക്കാരൻ
text_fieldsബി. അഭിനന്ദ്
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭയില്‍ ഇത്തവണ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ഏറ്റവും പ്രായംകുറഞ്ഞ മത്സരാര്‍ഥിയാണ് ബി. അഭിനന്ദ്. നഗരസഭയിലെ 16ാം വാര്‍ഡ് തോരാപുരത്താണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. തൊട്ടടുത്ത വാര്‍ഡായ ആല്‍ത്തറയില്‍ തെക്കേപ്പുറം ബാബു-സുമ ദമ്പതികളുടെ മകനാണ്.
21 വയസ്സാണ് പ്രായം. ശ്രീകൃഷ്ണപുരം വി.ടി.ബി കോളജിലെ ബിരുദ വിദ്യാര്‍ഥിയാണ്. ചെറുപ്പത്തിന്റെ പ്രസരിപ്പും സംഘടനാമികവുമാണ് അഭിനന്ദിന്റെ പ്രത്യേകത. അയല്‍ വാര്‍ഡിലാണ് മത്സരമെങ്കിലും ഈ പ്രദേശത്തുകാര്‍ക്കെല്ലാം സുപരിചിതനുമാണ്. എ.ഐ.എസ്.എഫ് മണ്ണാര്‍ക്കാട് മണ്ഡലം സെക്രട്ടറിയും ജില്ല കമ്മിറ്റിയംഗവുമാണ്. വാദ്യകലാകാരന്‍കൂടിയാണ് അഭിനന്ദ്.
മണ്ണാര്‍ക്കാട് മോഹന്‍ദാസിന്റെ കീഴിലാണ് ചെണ്ട അഭ്യസിച്ചത്. 2016ല്‍ അരങ്ങേറ്റവും പൂര്‍ത്തിയാക്കി. പിന്നീടിതുവരെ ഉത്സവപറമ്പുകളിലും വിവിധപരിപാടികളിലും മേളസംഘത്തില്‍ സജീവമായുണ്ട്. ജനകീയവിഷയങ്ങളില്‍ സംഘടനാപരിപാടികളിലും മുന്‍നിരയിലുണ്ട്. നാടിന്റെ വികസനത്തിനായാണ് വോട്ട് അഭ്യര്‍ഥിക്കുന്നതെന്ന് അഭിനന്ദ് പറഞ്ഞു.


