പൊരുതി നേടിയ ബിരുദങ്ങളുണ്ട്, അബ്ദുല്ലക്ക് ഒരു ജോലി വേണം
text_fieldsഅബ്ദുല്ല
ദുബൈ: മലപ്പുറം തിരൂർക്കാട് സ്വദേശി അബ്ദുല്ല കഴിഞ്ഞ ഒരു മാസമായി ദുബൈയിലുണ്ട്. ജോലി തേടി വന്നതാണ്. വെറും ൈകയോടെയല്ല, ഉന്നത ബിരുദങ്ങളും ഖുർആനിലും മറ്റു ഇസ്ലാമിക വിജ്ഞാനീയങ്ങളിലും അവഗാഹവുമുണ്ട്.
ജന്മനാ കാഴ്ചയില്ലാത്ത അബ്ദുല്ല പരിമിതികളോട് പൊരുതി നേടിയതാണിതെല്ലാം. സാധാരണക്കാർക്കു തന്നെ സ്വപ്നതുല്യമായ അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിൽനിന്ന് അറബി ഭാഷയിൽ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഫാറൂഖ് കോളജിൽനിന്ന് അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദം എന്നിവ പൂർത്തിയാക്കിയതാണ്.
ഖുർആൻ മനോഹരമായി പാരായണം ചെയ്യുമെന്ന് മാത്രമല്ല, 10ജുസുഅ്(ഭാഗങ്ങൾ) മനഃപാഠവുമാണ്. സംസ്ഥാന തലത്തിൽ നടന്ന ബാങ്ക്വിളി മത്സരങ്ങളിൽ മൂന്നു തവണ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. അബ്ദുല്ലക്ക് യു.എ.ഇയിൽ ജോലി ലഭിക്കണമെന്നത് സ്വപ്നമാണ്. കാഴ്ചയില്ലാത്തവർക്ക് സംവരണമുണ്ടെന്നും നാട്ടിൽ തന്നെ ജോലി കിട്ടുമെന്നും പലരും പറയുമെങ്കിലും തന്‍റെ അനുഭവം മറിച്ചാണെന്ന് അബ്ദുല്ല പറയുന്നു.
ഒരിക്കൽ ജോലി തേടി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ പോയതാണ് പ്രവാസിയാകാൻ കാരണം. ജോലി അപേക്ഷയുമായി ചെന്നപ്പോൾ ജോലിയില്ലെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥൻ മടക്കിയത്. അങ്ങനെയാണ് യു.എ.ഇയിൽ നല്ല ഉദ്യോഗം വാങ്ങണമെന്നത് വാശിയായത്. കഴിഞ്ഞ മാസമാണ് ദുബൈയിലെത്തിയത്. നേരത്തേ സഹോദരൻ ജോലിചെയ്യുന്ന ഖത്തറിൽ ഹ്രസ്വ സന്ദർശനം നടത്തി തൊഴിലന്വേഷിച്ചെങ്കിലും കിട്ടിയിരുന്നില്ല.
ദുബൈയിൽ തന്‍റെ അധ്യാപകനൊപ്പമാണ് ഇപ്പോൾ അബ്ദുല്ല കഴിയുന്നത്. ഒരിക്കെലങ്കിലും യു.എ.ഇ ഭരണാധികാരികളെ കാണാനും സംസാരിക്കാനും കൊതിയുണ്ടെന്ന് അബ്ദുല്ല 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. നാട്ടിലായിരിക്കെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
പെയ്ൻ ആൻഡ് പാലിയേറ്റിവ് സംരംഭത്തിലും ട്രോമാകെയറിലും പ്രവർത്തിച്ചിരുന്നു. മാത്രമല്ല, കോവിഡ് കാലത്ത് തെരുവിൽ അലയുന്നവർക്ക് ഭക്ഷണമെത്തിക്കുന്ന സംരംഭത്തിനും നേതൃത്വം നൽകി. ജോലി കിട്ടിയാലും ചാരിറ്റി പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം.
ഉപ്പയും ഉമ്മയും ഇരട്ട സഹോദരനുമടങ്ങുന്നതാണ് കുടുംബം. പിതാവ് നേരത്തേ പ്രവാസിയായിരുന്നു. ഇപ്പോൾ പ്രത്യേക ജോലിയൊന്നുമില്ലാതെ നാട്ടിൽ കഴിയുകയാണ്. മാതാവ് റിട്ട. അധ്യാപികയാണ്. അബ്ദുല്ലയുടെ യു.എ.ഇ നമ്പർ: 0543807176.