ഈ ഓണം ആരോമലിന് രണ്ടാംജന്മം
text_fieldsആരോമലും അമ്മയും പീസ് വാലിയിൽ
കോതമംഗലം: മറക്കാനാവാത്ത വേദനകൾ മനസ്സിലുണ്ടെങ്കിലും ആരോമലും അമ്മ ബിന്ദുവും ഏറെ സന്തോഷത്തിലാണ് ഈ ഓണക്കാലത്ത്. സെറിബ്രൽ പാൾസി ബാധിതനായ 17കാരൻ ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ആരോമൽ കൃഷ്ണന് ഇത് രണ്ടാം ജന്മമാണ്. 2024 നവംബർ 15ന് ആരോമലിന് വിഷം നൽകി പിതാവ് സതീഷ് ആത്മഹത്യ ചെയ്തതോടെയാണ് ജീവിതം മാറി മറിഞ്ഞത്.
നീണ്ട നാളത്തെ ചികിത്സയിലൂടെയാണ് ആരോമലിന് ജീവൻ തിരിച്ച് കിട്ടിയത്. പ്ലസ് ടു വിദ്യാർഥിയായിരിക്കെയാണ് ആരോമലിന് ദാരുണ അനുഭവം നേരിടേണ്ടി വന്നത്. ഫിസിയോതെറപ്പി ഉൾപ്പടെ തുടർചികിത്സക്ക് നിവൃത്തിയില്ലാത്ത ആരോമലിന്റെ ദയനീയ ജീവിതം മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് പീസ് വാലി ആരോമലിനെ ഏറ്റെടുത്തത്.
പീസ് വാലിക്ക് കീഴിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിലും ഭിന്നശേഷിക്കാർക്കുള്ള ചിൽഡ്രൻസ് വില്ലേജിലുമായി ചികിത്സയിലാണ് ജനുവരി മുതൽ ആരോമൽ. ചികിത്സക്കിടെ പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടി. നിരന്തര ഫിസിയോതെറപ്പിയിലൂടെ പ്രഥമിക കാര്യങ്ങൾ സ്വയം നിർവഹിക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് അടുക്കുകയാണ് ആരോമൽ ഇപ്പോൾ. വീൽ ചെയറിൽ ആണെങ്കിലും അച്ഛന് ബലിയിടാനും ഓണം ആഘോഷിക്കാനും മകനെ തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ് അമ്മ ബിന്ദു.