ഇന്ന് അന്തർദേശീയ അധ്യാപക ദിനം; വിരമിച്ച ശേഷം പിതാവിന്റെ ആഗ്രഹം സഫലീകരിച്ച് ഉമ്മർ അൽ ഹാക്കിമി
text_fieldsറിട്ട. അധ്യാപകൻ ഉമ്മർ അൽ ഹാക്കിമി
ചെറുതുരുത്തി: സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് ചെറുപ്പത്തിൽ സഫലീകരിക്കാൻ സാധിക്കാതിരുന്ന പിതാവിന്റെ ആഗ്രഹം അധ്യാപക ജോലിയിൽനിന്ന് വിരമിച്ചശേഷം 59ാം വയസ്സിൽ സഫലീകരിച്ച് കെ.എം. ഉമ്മർ ഹാജി. കൊല്ലം അമ്പലംകുന്ന് മർക്കസ് അൽ നൂർ അൽ ഇസ്ലാമിയ്യയിൽനിന്ന് അൽ ഹാക്കിമി ബിരുദം സ്വന്തമാക്കിയാണ് പിതാവിന്റെ ആഗ്രഹം സഫലീകരിച്ചത്. ഒമാനിലെ പ്രവാസ ജീവിതത്തിനും വിവിധ സർക്കാർ സ്കൂളിലെ അധ്യാപക ജോലിക്കും ശേഷം വിരമിച്ച് സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകുന്നതിനിടെയാണ് പിതാവ് പരേതനായ മൊയ്തുവിന്റെ ആഗ്രഹം സഫലീകരിക്കാനുള്ള പ്രയത്നം ഉമ്മർ തുടങ്ങിയത്.
ഇതിന്റെ ഭാഗമായാണ് കൊല്ലം അമ്പലംകുന്ന് മർക്കസ് അൽ നൂർ അൽ ഇസ്ലാമിയ്യയിൽ പഠനത്തിന് ചേർന്നത്. അന്താരാഷ്ട്ര അധ്യാപക ദിനത്തോടനുബന്ധിച്ചാണ് അൽ ഹാക്കിമി ബിരുദം ലഭിച്ച വിവരവും പുറത്തുവന്നത്. മുള്ളൂർക്കര കുറുപ്പത്തുവളപ്പിൽ മൊയ്തു-ഖദീജ ദമ്പതികളുടെ ഏഴു മക്കളിൽ നാല് ആൺമക്കളിൽ ഇളയതാണ് ഉമ്മർ. ഇല്ലായ്മയിൽനിന്ന് പോരാടിയാണ് വിദ്യാഭ്യാസം നിർവഹിച്ചത്.
പിതാവിന്റെ ആഗ്രഹമായിരുന്നു ഖുർആൻ അടിസ്ഥാനമാക്കി ബിരുദം നേടുകയെന്നത്. 13ാം വയസ്സിൽ മുള്ളൂർക്കര സ്വദേശിയായ എം.സി. പൂക്കോയതങ്ങളുടെ കീഴിൽ മുല്ലക്കരപള്ളിയിൽ ഖുർആൻ ദർസ് പഠനത്തിന് ചേർന്നു. ഏഴ് വർഷത്തോളം വിവിധ പള്ളി ദർസുകളിൽ പഠനം തുടർന്നു. എസ്.എസ്.എൽ.സി, പ്രീഡിഗ്രി എന്നിവ പ്രൈവറ്റായി എഴുതി ജയിച്ചു. ചേന്ദമംഗല്ലൂർ സുന്നിയ്യ കോളജിൽ മൂന്ന് വർഷം പഠിച്ച് അഫ്സൽ ഉലമയും ജയിച്ചു.
ഏതാനും മാസങ്ങൾ നന്തി ദാറുസ്സലാമിൽ പഠിച്ചെങ്കിലും ജീവിത സാഹചര്യം പ്രതികൂലമായിരുന്നു. കഠിനാധ്വാനവും വാർധക്യവും അവശതയാക്കിയ പിതാവിന്റെ ബുദ്ധിമുട്ട് കണ്ടതോടെ ഒമാനിലേക്ക് ജോലിക്ക് പോയി. പ്രവാസത്തിനിടയിലും പി.എസ്.സി പരീക്ഷയെഴുതി. ഒമ്പത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സർക്കാർ സർവിസിൽ അറബിക് അധ്യാപകനായി. 45ാം വയസ്സിൽ മദ്രാസ് യൂനിവേഴ്സിറ്റിയിൽനിന്ന് ആധുനിക അറബി സാഹിത്യത്തിൽ എം.എയും 48ാം വയസ്സിൽ സെറ്റും നേടി.
കൊല്ലം, അമ്പലംകുന്ന് മർക്കസ് അൽ നൂർ അൽ ഇസ് ലാമിയ്യയിലെ താഹാ സഅദിയിൽ നിന്നാണ് അൽ ഹാക്കിമി ബിരുദം നേടിയത്. പി.യു. മുംതാസ് ഭാര്യയും യു.എ.ഇയിൽ ജോലി ചെയ്യുന്ന റബീഹ് മകനും കോഴിക്കോട് മെഡിക്കൽ കോളജിൽ എം.ഫാം ഫൈനൽ വിദ്യാർഥി റഈസ മകളുമാണ്.