സോഷ്യലിസ്റ്റ് രാധാകൃഷ്ണപിള്ളക്ക് 79ന്റെ ചെറുപ്പം
text_fieldsബി. രാധാകൃഷ്ണപിള്ള
കൽപറ്റ: നാടിന്റെ മുക്കിലും മൂലയിലും 79ാം വയസ്സിലും വെളുത്ത വസ്ത്രം ധരിച്ച് കക്ഷത്തൊരു ബാഗുമായി ബി. രാധാകൃഷ്ണപ്പിള്ളയെന്ന കരുത്തനായ സോഷ്യലിസ്റ്റുണ്ട്. മുഖത്ത് വെളുത്ത താടിയും മീശയും വേർതിരിച്ചറിയാനാകാത്ത രൂപത്തിൽ ഇടതൂർന്നുണ്ട്. അതിനിടയിൽ ഒളിച്ചിരിക്കുന്ന ചുണ്ടുകളാൽ അദ്ദേഹം പുഞ്ചിരിക്കും.
ഏതു പ്രശ്നങ്ങൾക്കും പരിഹാരശ്രമങ്ങളുമുണ്ടാകും. പ്രായത്തിന്റെ അവശതകൾതെല്ലുമില്ല. സാമൂഹിക പ്രവർത്തനവഴിയിൽ മൂന്നുവർഷങ്ങൾക്കു മുമ്പ് കാൻസറെന്ന മഹാമാരിയും പിള്ളയെ തേടിയെത്തി. എന്നാൽ, ആശ്ചര്യപ്പെടുത്തുന്ന മനഃശക്തിയാൽ അദ്ദേഹം രോഗത്തെയും കീഴ്പ്പെടുത്തി സേവനവഴിയിൽ പുഞ്ചിരിതൂകി പിന്നെയും നിറഞ്ഞുനിൽക്കുകയാണ്.
പോസ്ട്രേറ്റ് ഗ്രന്ഥിയിലാണ് കാൻസർ സ്ഥിരീകരിച്ചത്. മാസങ്ങൾ നീണ്ട ആശുപത്രി വാസത്തിന്റെ സമയത്തുമാത്രമാണ് രാധാകൃഷ്ണപിള്ള വിശ്രമമെന്തെന്ന് അറിയുന്നത്. ആശുപത്രി വിട്ടയുടൻ വീണ്ടും കർമ രംഗത്തിറങ്ങി. മറ്റൊരു വയോജനദിനം കൂടിയെത്തുമ്പോൾ വയോജനങ്ങളുടെ ക്ഷേമത്തിനായടക്കം അദ്ദേഹം സജീവമാണ്. അർഹമായ ആനുകൂല്യങ്ങൾ ഏത് ഓഫിസർക്കുമുന്നിലും ചങ്കൂറ്റത്തോടെ പറഞ്ഞു വാങ്ങിച്ചിരിക്കും. സമൂഹത്തിൽ അത്രമേൽ ഇഴുകിച്ചേർന്നുള്ള അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറക്കൊരു പാഠപുസ്തകം കൂടിയാണ്.
വയനാടിന്റെ ചരിത്രമാണ് ബി. രാധാകൃഷ്ണപിള്ളയെന്ന സോഷ്യലിസ്റ്റിന്റെയും ചരിത്രം. 1970ലാണ് സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുക്കുന്നത്. എം.വി. വീരേന്ദ്രകുമാർ, അരങ്ങിൽ ശ്രീധരൻ, കെ. ചന്ദ്രശേഖരൻ, നീലലോഹിതദാസൻ നാടാർ, കെ.കെ. അബു തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു. പിന്നീട് പലരും പല വഴിക്ക് നീങ്ങിയെങ്കിലും പിള്ള മാത്രം സോഷ്യലിസ്റ്റ് പാതയിലുറച്ചുനിന്നു. ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പൊതുപ്രവർത്തകൻ കൂടിയാണ്. നിലവിൽ ജനതാദൾ (എസ്) ജില്ല സീനിയർ വൈസ് പ്രസിഡന്റും സോഷ്യലിസ്റ്റ് സ്റ്റഡി സെന്റർ സംസ്ഥാന പ്രസിഡന്റുമാണ്.
ഗാട്ട് കരാറിനെതിരെ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത് എം.പി വീരേന്ദ്രകുമാറിനൊപ്പം ജയിലിലുമായി. കർഷകർക്ക് പൊതുവിപണിയിൽ തങ്ങളുടെ കാപ്പി വിൽക്കാൻ അവകാശം നേടിക്കൊടുത്ത ‘ബ്രിട്ടീഷുകാരുടെ കോഫി ആക്ട് കത്തിക്കൽ’ സമരത്തിന്റെ മുൻനിരയിൽ പിള്ളയുണ്ടായിരുന്നു. അന്ന് കൽപറ്റയിൽ നടന്ന 28 ദിവസം നീണ്ട സമരത്തിനൊടുവിലാണ് കാപ്പി കർഷകർക്ക് പൊതുവിപണിയിൽ ഉൽപന്നങ്ങൾ വിൽക്കാനുള്ള അനുമതി കിട്ടിയത്. അതുവരെ കോഫി ബോർഡിൽ മാത്രം കാപ്പിയെത്തിക്കുകയെന്നതായിരുന്നു രീതി.
വയനാട്ടിലെ കാരാപ്പുഴ പദ്ധതി കമീഷൻ ചെയ്യാൻ ഹൈകോടതി ഉത്തരവിട്ടത് ബി. രാധാകൃഷ്ണപ്പിള്ള നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിച്ചാണ്. സീനിയർ സിറ്റിസൺസ് കൗൺസിലിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ്. കാൻസർ തുടർ ചികിത്സക്കായി ഇടക്കിടെ ചുരമിറങ്ങി എം.വി.ആർ കാൻസർ ആശുപത്രിയിലെത്തണം.
എന്നാൽ, വയനാട്ടിലെത്തിയാലുടൻ കൂടുതൽ ഊർജസ്വലനായി അദ്ദേഹം നാടിന്റെ പ്രശ്നങ്ങളിലേക്കിറങ്ങിചെല്ലും. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ജനിച്ച പിള്ളയുടെ കുടുംബം 1968ൽ വയനാട്ടിലേക്ക് കുടിയേറുകയായിരുന്നു. പടിഞ്ഞാറത്തറ പതിമൂന്നാംമൈൽ ‘ലുലു’ നിവാസിലാണ് താമസം. ഭാര്യ: സാവിത്രി. മക്കൾ: ആർ രാധിക, ആർ. ഷാരിക.