Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഇന്ന് ലോക സൈക്കിൾ...

ഇന്ന് ലോക സൈക്കിൾ ദിനം; സൈക്കിളിനെ അത്രമേൽ പ്രണയിക്കയാൽ...

text_fields
bookmark_border
ഇന്ന് ലോക സൈക്കിൾ ദിനം; സൈക്കിളിനെ അത്രമേൽ പ്രണയിക്കയാൽ...
cancel

തൃക്കരിപ്പൂർ: വേഗതയുടെ യുഗത്തിൽ, സ്നേഹപൂർവം നീട്ടിയ പുത്തൻ സ്കൂട്ടറിന്റെ ചാവി, ചിരിച്ചുകൊണ്ട് നിരസിക്കാൻ ഒരാൾക്ക് കഴിയുമോ? ആ സ്നേഹനിരാസത്തിന് പിന്നിൽ 34 വർഷത്തെ വിശ്വസ്തതയുടെ വലിയ കഥയുണ്ട്. തന്റെ സന്തതസഹചാരിയായ ‘റെലെ’ (Raleigh) സൈക്കിളിനെ നെഞ്ചോട് ചേർത്തുപിടിച്ച്, തൃക്കരിപ്പൂരിലെ ശിഷ്യഗണങ്ങൾക്ക് ലാളിത്യത്തിന്റെ വലിയൊരു പാഠപുസ്തകമാവുകയാണ് മുല്ലേരി ഗംഗാധരൻ മാഷ്.

മെട്ടമ്മലിലെ സ്വകാര്യ സ്കൂളിലെ 63കാരനായ ഹിന്ദി അധ്യാപകന്റെ പ്രഭാതം തുടങ്ങുന്നത് പെഡലുകളിലെ താളത്തിലാണ്. തങ്കയത്തെ വീട്ടിൽനിന്നും രാവിലെ കൃത്യം ഒമ്പതിന് സ്കൂളിലെത്താൻ മാഷ് ആശ്രയിക്കുന്നത് ഇന്ധന വണ്ടികളെയല്ല; കാറ്റും വെളിച്ചവുമറിഞ്ഞ് കൂടെവരുന്ന തന്റെ പ്രിയപ്പെട്ട സൈക്കിളിനെയാണ്. കാൽനൂറ്റാണ്ടായി ഈ യാത്രക്ക് മുടക്കമില്ല.

കഥ തുടങ്ങുന്നത് 1992ലാണ്. മംഗലാപുരത്ത് നിന്ന് 600 രൂപക്ക് മാഷ് സ്വന്തമാക്കിയതാണ് ഈ ‘ഒന്നാം നമ്പർ’ റെലെ സൈക്കിൾ. സൈക്കിളിന്റെ പ്രായം 34! പ്രകൃതിയോടുള്ള പ്രണയംകൊണ്ടാണ് അന്ന് സൈക്കിൾ ചവിട്ടിത്തുടങ്ങിയത്. പിന്നീട് അതൊരു ശീലമായി, ജീവിതത്തിന്റെ ഭാഗമായി. ചെറിയ അറ്റകുറ്റപ്പണികൾക്കപ്പുറം, തന്നെ ഒരിടത്തും വഴിയിൽ ഉപേക്ഷിച്ചിട്ടില്ലാത്ത സൈക്കിൾ എപ്പോഴും ‘റെഡി’യാണെന്ന് മാഷ് അഭിമാനത്തോടെ പറയുന്നു.

ഗൾഫിലും നാട്ടിലുമായി മാഷിന് നിരവധി ശിഷ്യന്മാരുണ്ട്. പ്രിയ ഗുരുനാഥന്റെ യാത്ര എളുപ്പമാക്കാൻ അവർ പുത്തൻ സ്കൂട്ടർ വാങ്ങി സമ്മാനിക്കാൻ തീരുമാനിച്ചു. സമ്മതം മൂളിയാൽ ആ നിമിഷം വണ്ടി വീട്ടുമുറ്റത്തെത്തും. എന്നാൽ, മെക്കാനിക്കൽ കരുത്തിനേക്കാൾ മാഷ് വില കൽപിച്ചത് തന്റെ പഴയ സൈക്കിളിന്റെ ആത്മബന്ധത്തിനായിരുന്നു. ആ സമ്മാനം അദ്ദേഹം സ്നേഹപൂർവം നിരസിച്ചു. ‘വേഗത്തിൽ ഓടിയെത്താൻ എന്തിനാണ് പുതിയ വണ്ടികൾ? അൽപം നേരത്തേ ഇറങ്ങിയാൽ മതിയല്ലോ...’ ഗംഗാധരൻ മാഷിന്റെ വാക്കുകളിലുണ്ട് ജീവിതത്തിന്റെ വലിയൊരു തത്വശാസ്ത്രം.

സൈക്കിളിൽ ഡബിൾസ് കയറ്റിയാൽ പൊലീസ് പിടിച്ചിരുന്ന, രാത്രി ഡൈനാമോ വെളിച്ചമില്ലെങ്കിൽ പെറ്റി അടിച്ചിരുന്ന പഴയ കാലത്തെക്കുറിച്ചും മാഷിന് ഓർമകളേറെയുണ്ട്. പെയിന്റടർന്ന്, തുരുമ്പെടുത്തെങ്കിലും തന്റെ പഴയ റെലെയെ ഉപേക്ഷിക്കാൻ മാഷിന് മനസ്സില്ല.

പഴയ സൈക്കിളിന് പുതുനിറം നൽകാൻ നല്ലൊരു ഇടം കിട്ടാത്തതിനാൽ, തന്റെ യാത്രകൾ മുടങ്ങാതിരിക്കാൻ പുതിയൊരു ഒന്നാം നമ്പർ സൈക്കിൾ കൂടി മാഷ് ഇപ്പോൾ കൂടെക്കൂട്ടിയിട്ടുണ്ട്. കാലം എത്ര മാറിയാലും, ഈ തൃക്കരിപ്പൂരുകാരൻ മാഷും തന്റെ സൈക്കിളും പ്രകൃതിസൗഹൃദ യാത്രയുടെ നിത്യഹരിത പ്രതീകമായി മുന്നോട്ട് തന്നെയാണ്.

Show Full Article
TAGS:World Bicycle Day Kasargod News Life Men 
News Summary - Today is World Bicycle Day
Next Story