ഇച്ഛാശക്തിയുടെ പ്രതീകമായി അധ്യാപകൻ
text_fieldsമുഹമ്മദ് മുസ്തഫ
️കൊടുവള്ളി: കാഴ്ചയില്ലാത്തവരെ ഓർക്കുന്നതിന് ഒരു ദിനം കൂടി കടന്നുവരുമ്പോൾ, കാഴ്ചശക്തിയല്ല, ഇച്ഛാശക്തിയാണ് മുന്നോട്ടുകുതിക്കാൻ ആവശ്യമെന്ന് ഓർമിപ്പിക്കുകയാണ് ഒരധ്യാപകൻ. കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്രഥമാധ്യാപകനായ മുഹമ്മദ് മുസ്തഫയാണ് ഏവർക്കും പ്രചോദനമായി തിളങ്ങുന്നത്. പിറന്നുവീണപ്പോഴെ കാഴ്ചശക്തി കുറവുണ്ടായിരുന്ന ഇദ്ദേഹത്തിന് 14ാം വയസ്സിൽ പൂർണമായി കാഴ്ച നഷ്ടപ്പെടുകയായിരുന്നു.
കുഞ്ഞുന്നാളിൽതന്നെ പിതാവ് നല്ലളം ചേനംകുഴിപറമ്പ് പരേതനായ പുറക്കോട്ട് അഹമ്മദ് കോയയെ നഷ്ടമായ മുഹമ്മദ് മുസ്തഫയെയും കാഴ്ച പ്രശ്നമുള്ള സഹോദരിയെയും ഉമ്മ സുബൈദയാണ് തോൽക്കാതെ ജീവിക്കാൻ പഠിപ്പിച്ചത്. ‘കണ്ണുകാണാത്ത ഇവരെ പഠിപ്പിച്ചിട്ട് എന്തു കിട്ടാനാണ്.
‘എന്ന് ചോദിച്ച പലരുടെയും കുത്തുവാക്കുകളെ അവഗണിച്ച് സുബൈദ മക്കളെ അറിവിന്റെ ലോകത്തേക്ക് നയിച്ചു. പഠനകാലത്ത് മാതൃകാ വിദ്യാർഥികളായിരുന്നു ഇരുവരും. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച മുഹമ്മദ് മുസ്തഫയുടെ പ്രവർത്തന പരിധികൾ കാഴ്ചയുള്ളവരെപ്പോലും കടത്തിവെട്ടുന്നതായിരുന്നു. മീഞ്ചന്ത ജി.വി.എച്ച്.എസ്.എസിൽ അധ്യാപകനായിരിക്കെ നല്ലളത്തെ അൽ ഇഹ്സാൻ ചാരിറ്റബ്ൾ സൊസൈറ്റി പ്രവാസി വിഭാഗത്തിന്റെ പിന്തുണയോടെ ‘സ്നേഹപൂർവം‘ പദ്ധതിയിൽ വിദ്യാർഥികൾക്കായി 13 വീടുകൾ നിർമിച്ചുനൽകുന്നതിന് മുൻകൈയെടുത്തു.
സ്കൂൾ വെൽഫെയർ കമ്മിറ്റി മുഖേന നിർധനരായ 43 പേർക്ക് മാസാന്ത പഠന സ്കോളർഷിപ്പും നിത്യച്ചെലവിനുള്ള സാമ്പത്തിക സഹായവും ഒരുക്കി. കാഴ്ച പരിമിതിയുള്ളവർക്കും കിടപ്പുരോഗികൾക്കും പ്രതിമാസ സഹായങ്ങളും സൗകര്യങ്ങളും നൽകുന്നതിന് വിധി സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ചു.
സാമൂഹികനീതി വകുപ്പിന്റെ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരം, മികച്ച അധ്യാപക കോഓഡിനേറ്റർ അവാർഡ്, മികച്ച സാമൂഹിക പ്രവർത്തകനുള്ള ബാഫഖി തങ്ങൾ അവാർഡ്, മികച്ച അധ്യാപകനുള്ള പ്രേംനസീർ സ്മാരക സമിതി പുരസ്കാരം തുടങ്ങിയവയും ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി തേടിയെത്തി.
25 വർഷത്തെ സേവനത്തിനുശേഷമാണ് മീഞ്ചന്തയിൽനിന്ന് കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രഥമാധ്യാപകനായെത്തിയത്. അസ്സബാഹ് സൊസൈറ്റി ഫോർ ദ ബ്ലൈൻഡ് സംസ്ഥാന ജനറൽ സെക്രട്ടറി, നല്ലളം തോട്ടുങ്ങൽ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, നല്ലളം അൽ ഇഹ്സാൻ ചാരിറ്റബ്ൾ സൊസൈറ്റി ചെയർമാൻ എന്നീ നിലകളിലും മുഹമ്മദ് മുസ്തഫ പ്രവർത്തിക്കുന്നുണ്ട്. കാഴ്ചപരിമിതർക്ക് സഹതാപമല്ല
വേണ്ടതെന്നും മറിച്ച് സമൂഹത്തിന്റെ പിന്തുണയും പ്രോത്സാഹനവുമാണ് ആവശ്യമെന്നും അദ്ദേഹം പറയുന്നു. സഹോദരി റസിയാബി കോഴിക്കോട് കൊളത്തറ വികലാംഗ വിദ്യാലയത്തിൽ അധ്യാപികയാണ്. സുഹറയാണ് മുസ്തഫയുടെ ഭാര്യ: മക്കൾ: മുഹമ്മദ് അസ്ലം, മുഹമ്മദ് അദീബ്, മുഹമ്മദ് ആരിഫ്.