Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഅൺനാച്ചുറൽ ക്ലിക്സ്

അൺനാച്ചുറൽ ക്ലിക്സ്

text_fields
bookmark_border
അൺനാച്ചുറൽ ക്ലിക്സ്
cancel
camera_alt

ശുഹൈബ് തന്റെ ഉമ്മ മരിച്ചുകിടന്നയിടം ചൂണ്ടിക്കാണിക്കുന്നു

1993 ഡിസംബർ മൂന്ന്. ട്രെയിൻ തട്ടി മരിച്ച അജ്ഞാത സ്ത്രീയുടെ ചിത്രമെടുക്കാനാണ് ശുഹൈബിന് അന്ന് പൊലീസിൽനിന്ന് ലഭിച്ച സന്ദേശം. ട്രാക്കിൽ ചിന്നിച്ചിതറിയ അജ്ഞാതയുടെ ചിത്രം കാമറയിൽ പകർത്തി. നേരേ സ്റ്റുഡിയോയിലേക്ക് കുതിച്ചു. ഫോട്ടോപ്രിന്റ് കണ്ട ഉപ്പയുടെ അനിയൻ ഒന്നു ഞെട്ടി. പിന്നെ വിതുമ്പലോടെ പറഞ്ഞു, ‘ഇത് നിന്റെ ഉമ്മയാണ് മോനേ...’

ഉമ്മയെ കണ്ട ഓർമയില്ലെങ്കിലും ശുഹൈബ് ഒരു നിമിഷം ആകെ വിറച്ചുനിന്നു. ഒരുവയസ്സുള്ളപ്പോൾ തന്നെ ഉപേക്ഷിച്ചുപോയ തന്റെ പെറ്റമ്മയാണ് അതെന്ന് ഇളയച്ഛൻ വീണ്ടും പറഞ്ഞപ്പോൾ മുഖംപോലും അറിയാത്ത ഉമ്മയെ ഓർത്ത് ഏറെനേരം കരഞ്ഞു. ഇത്തരമൊരു ചിത്രം പകർത്തിയ, വിധി ഇത്രത്തോളം വേദന സമ്മാനിച്ച ലോകത്തെ ഏക ഫോട്ടോഗ്രാഫറും താനായിരിക്കുമെന്നുപറഞ്ഞ് ശുഹൈബ് കണ്ണീരടക്കാനാവാതെ വിതുമ്പിക്കൊണ്ടേയിരുന്നു. തന്റെ 21ാം വയസ്സിൽ വിധി തന്റെ ഹൃദയത്തിലേൽപിച്ച ആ മുറിവ് പിന്നീടേറെനാൾ അവന്റെ ഉറക്കംതന്നെ ഇല്ലാതാക്കി...

അസ്വാഭാവിക ചിത്രങ്ങൾ

കണ്ണൂർ ജില്ല ആശുപത്രി മോർച്ചറിയിലെ ഫോട്ടോഗ്രാഫർ കെ. ശുഹൈബിന്റെ കണ്ണീരുപ്പ് കലർന്ന ജീവിതകഥയാണിത്. ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ പകർത്താനല്ല ശുഹൈബിന്റെ നിയോഗം. പരേതരുടെ ചിത്രങ്ങളാണ് ഇയാളുടെ ഫോക്കസ്. അതും അസ്വാഭാവിക മരണം സംഭവിച്ചവരുടേത്. തൊഴിലിടം മോർച്ചറിയിലായതിനാൽ എന്നും വേറിട്ട അനുഭവങ്ങളായിരുന്നു ശുഹൈബിനുണ്ടായത്. ജില്ലയിൽ എവിടെ അസ്വാഭാവിക മരണമുണ്ടായാലും പൊലീസ് ആദ്യം വിളിക്കുക ശുഹൈബിനെയാണ്. റോഡരികിലും റെയിൽപാളത്തിലും പുഴയിലും തുടങ്ങി, മരിച്ചവരുടേതിനു പുറമെ പോസ്‌റ്റ്മോർട്ടം വരെ ശുഹൈബ് പകർത്തണം. അത്തരം പകർത്തലിനിടെയാണ് കണ്ടുപോലും ഓർമയില്ലാഞ്ഞ പെറ്റമ്മയുടെ ചിതറിക്കിടക്കുന്ന ചിത്രവും ഒന്നുമറിയാതെ ശുഹൈബ് പകർത്തിയത്. ജീവിതത്തിലൊരിക്കലും മറക്കാത്ത സങ്കടക്കടലിരമ്പമുള്ള ഓർമയാണിതെന്ന് ആ മനുഷ്യൻ പറയുന്നു.

പതിയാത്ത ചിത്രത്തിൽ തുടക്കം

17ാം വയസ്സിൽ കാമറയുമായി ഇറങ്ങിയതാണ് മോർച്ചറിയിലേക്ക്. പത്താംക്ലാസ് കഴിഞ്ഞ് ഏകനായി നടന്ന കാലം ഇളയച്ഛനായ മുസ്തഫയാണ് ഫോട്ടോഗ്രഫി പഠിക്കാൻ കൂടെ കൂട്ടിയത്. കണ്ണൂരിലെ സൗദി സ്‌റ്റുഡിയോ അന്ന് ഏറെ പേരുകേട്ട സ്ഥാപനമായിരുന്നു. അസ്വാഭാവിക മരണമുണ്ടായാൽ മുസ്‌തഫയെ തേടി പൊലീസുകാർ സ്‌റ്റുഡിയോയിലെത്തുന്ന കാലം. അന്നൊരിക്കൽ പതിയാത്ത ചിത്രത്തിൽ നിന്നായിരുന്നു ശുഹൈബിന്റെ തുടക്കം. കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ ചിത്രമെടുക്കാൻ ഇളയച്ഛനെ തേടി പൊലീസ് സ്‌റ്റുഡിയോയിൽ വന്നു. ഇളയച്ഛൻ സ്ഥലത്ത് ഉണ്ടായിരുന്നില്ല. കാമറയുമായിറങ്ങി ജില്ല ആശുപത്രി മോർച്ചറിയിലെത്തി ശുഹൈബ് ഫോട്ടോയെടുത്തു. ഫിലിം കഴുകി നോക്കിയപ്പോൾ ചിത്രം പതിഞ്ഞിട്ടില്ല. അത് അന്ന് വല്ലാത്ത വിഷമമുണ്ടാക്കി. പ്രശസ്ത ഫോറൻസിക് സർജനായിരുന്ന ഡോ. ഗോപാലകൃഷ്ണ പിള്ളയാണ് പിന്നീട് പോസ്റ്റ്മോർട്ട ദൃശ്യം പകർത്തുന്നതിലെ ശാസ്ത്രീയത പഠിപ്പിച്ചത്. ഡോ. സുജിത് ശ്രിനിവാസൻ, അന്തരിച്ച ഡോ. ഷെർളി വാസു തുടങ്ങിയവരോടൊപ്പവും ശുഹൈബ് പലതവണ ജോലി ചെയ്തിട്ടുണ്ട്. അസ്വാഭാവിക മരണം സംഭവിച്ച ഓരോരുത്തരുടെയും ചിത്രങ്ങൾ കണ്ണീരോടെ പകർത്തിയപ്പോഴും അതിലെല്ലാം ശാസ്ത്രീയത നിലനിർത്താൻ ശുഹൈബിന് സാധിച്ചുവെന്നത് ഫോറൻസിക് സർജന്മാർ പിന്നീട് എടുത്തുപറയുകയും ചെയ്തു.

കാമറവെച്ച് കരഞ്ഞ നിമിഷങ്ങൾ

ഒരു ദിവസം ഒന്നിലേറെ അസ്വാഭാവിക മരണങ്ങളുണ്ടാവും. അതെല്ലാം പകർത്തണം. പലപ്പോഴും കണ്ണീരണിഞ്ഞാണ് ഫോട്ടോ പകർത്തുക. മറക്കാനാവാത്ത, ഇന്നും ഉള്ളം നീറ്റുന്ന മാതാവിന്റെ ചിത്രം പതിഞ്ഞ കാമറയിൽ പിന്നെയും വേണ്ടപ്പെട്ട പരേതരുടെ ചിത്രങ്ങൾ പകർത്തേണ്ടിവന്നിട്ടുണ്ട് ശുഹൈബിന്.

ഒരിക്കൽ അതിരാവിലെ പൊലീസിന്റെ വിളി. മുങ്ങിമരിച്ച യുവാവിന്റെ പടം എടുക്കാനുണ്ട്. കോഴിക്കോട്ടാണ്. ഉടൻ തയാറാവണം. പിന്നെ താമസിച്ചില്ല. പെട്ടെന്ന് ഒരുങ്ങി റോഡിലേക്ക്. കോഴിക്കോട് താമരശ്ശേരി താലൂക്കാശുപത്രിയിലേക്ക് പൊലീസിനൊപ്പം പോയി. അവിടെയെത്തി കാമറ ക്ലിക്ക് ചെയ്തതോടെ ഒന്ന് ഞെട്ടി. മൃതദേഹത്തിന്റെ മുഖം കാണും മുമ്പേ ശ്രദ്ധയിൽപെട്ടത് കൈയിലെ മോതിരം. മൃതദേഹത്തെ നേരെ നോക്കി. മരിച്ചത് തന്റെ ഉറ്റ സുഹൃത്ത് ബിജു. ജന്മദിനത്തിൽ താൻ സമ്മാനിച്ച മോതിരം അവന്റെ വിരലിൽ... ഹൃദയം തകർന്ന് കരഞ്ഞുപോയ മറ്റൊരു നിമിഷമായിരുന്നു അത്.

പിന്നീടൊരിക്കൽ പൊലീസ് വിളിച്ചപ്പോൾ പോകാൻ വണ്ടിയില്ല. പല വണ്ടികൾക്കും കൈനീട്ടി. ഒടുവിൽ ബൈക്കുമായെത്തിയ ഒരു ചെറുപ്പക്കാരൻ വണ്ടി നിർത്തി. ജില്ല ആശുപത്രി മോർച്ചറിയിലേക്കാണെന്ന് പറഞ്ഞപ്പോൾ അയാൾ വണ്ടിയിൽ കയറ്റി അവിടെ കൊണ്ടുവിട്ടു. ആ നല്ല ചെറുപ്പക്കാരന് നന്ദിപറഞ്ഞ് പരേതന്റെ ചിത്രം പകർത്തി മടങ്ങി. തൊട്ടടുത്ത ദിനം, അപകട മരണമുണ്ട്. വേഗത്തിൽ മോർച്ചറിയിലെത്തണമെന്ന് പറഞ്ഞായിരുന്നു പൊലീസിന്റെ വിളി. അവിടെയെത്തിയപ്പോൾ കണ്ടത് മറ്റൊരു സങ്കടക്കാഴ്ച. തലേദിവസം തന്നെ വണ്ടിയിൽ കൊണ്ടുവിട്ട ചെറുപ്പക്കാരൻ ഫൈസൽ അതേ മോർച്ചറിയിൽ തന്റെ കാമറക്ക് മുന്നിൽ നിശ്ചലനായി കിടക്കുന്നു! മത്സ്യം കയറ്റിയ ലോറി അവൻ ഓടിച്ചിരുന്ന ബൈക്കിലിടിച്ചായിരുന്നു മരണമെന്ന് പൊലീസ് പറഞ്ഞ് ശുഹൈബ് അറിഞ്ഞു.

മൃതദേഹം ഏറ്റെടുക്കുന്നു

2002 ജൂൺ മാസം കണ്ണൂർ സെൻട്രൽ ജയിലിൽ വാർഡിനുപുറത്ത് പ്രതി തൂങ്ങിമരിച്ചു. മുഹമ്മദ് ഖ്യാനി എന്നാണ് പേരെന്ന് ശുഹൈബ് ഓർക്കുന്നു. ഇൻക്വസ്റ്റ് പൂർത്തിയായശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തിച്ച മൃതദേഹം ഫോറൻസിക് സർജൻ ഗോപാലകൃഷ്‌ണപിള്ള പോസ്റ്റ്മോർട്ടം നടത്തി. മരിച്ചയാളുടെ ബന്ധുക്കളെ പൊലീസും ജയിലധികൃതരും വിവരമറിയിച്ചെങ്കിലും ആരും വന്നില്ല. ബന്ധുക്കളാരും ഏറ്റെടുക്കാത്തതിനെ തുടർന്ന് പൊലീസ് കണ്ണൂർ സിറ്റി ദീനുൽ ഇസ്‍ലാം സഭ യതീംഖാനയെ സമീപിച്ചു. അവർ ഖബറടക്കാൻ എതിർപ്പില്ലെന്നറിയിച്ചെങ്കിലും മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാതായി. ഒടുവിൽ അപരിചിതന്റെ മൃതദേഹം ശുഹൈബ് തന്നെ എഴുതി ഒപ്പിട്ട് നൽകി ഏറ്റെടുത്തു. അന്നത്തെ ജയിലർ കൃഷ്ണകുമാർ, ജയിൽ ഡ്രൈവർ പ്രദീപൻ, ഡി.ഐ.എസ് മാനേജർ അമീർ അലി എന്നിവരുടെ കൂടെ പരിയാരം മുതൽ കണ്ണൂർ സിറ്റി ജുമാ മസ്ജിദ് വരെ യാത്ര ചെയ്ത് അവിടെയെത്തി ഒരിക്കലും പരിചയമില്ലാത്തയാളുടെ മൃതദേഹം മാന്യതയോടെ ഖബറടക്കി. ഇത്തരം ഒട്ടേറെ ചെറുതും വലുതുമായ വേറിട്ട അനുഭവങ്ങൾ പറഞ്ഞാൽ തീരില്ലെന്ന് ഈ മനുഷ്യൻ പറയുന്നു.

ശുഹൈബ് കണ്ണൂർ ജില്ല ആശുപത്രി മോർച്ചറിക്കു മുന്നിൽ

മങ്ങാത്ത കാഴ്ചകൾ

ചില ദിനങ്ങളിൽ ജോലി പൂർത്തിയാക്കി മടങ്ങുമ്പോൾ ശുഹൈബിന്റെ മനസ്സ് വല്ലാതെ തളർന്നിരിക്കും. ചില കാഴ്ചകൾ വീട്ടിലെത്തിയിട്ടും മനസ്സിൽ നിന്ന് പോകില്ല. രാത്രികളിൽ ഉറക്കത്തിനിടയിലും അവ തിരിച്ചെത്തും. അത് ഉറക്കം കെടുത്തും. ചിലത് രാപ്പകൽ ഭേദമന്യേ മനസ്സിലേക്ക് പടർന്ന് വേദനിപ്പിക്കും. ഒരു ദിവസം തന്നെ ഒന്നിലധികം വേറിട്ട അസ്വാഭാവിക മരണങ്ങൾ പകർത്തണം. ചിലത് പലതും സഹിച്ച് ജീവനൊടുക്കിയവയാവും. മറ്റ് ചിലത് കൊലപാതകങ്ങളാവും. പോസ്‌റ്റ്മോർട്ടം നടപടികൾ കഴിയുമ്പോൾ മാത്രം സത്യാവസ്ഥ പുറത്തറിയും. എന്നും ഉള്ളം നീറി മാത്രം, ഓരോ മൃതദേഹങ്ങളോടും ബഹുമാനം കാട്ടിയാണ് ശുഹൈബ് കാമറയിൽ ചിത്രങ്ങൾ പകർത്തുക. സംശയമുള്ള പല മരണങ്ങളിലും ശാസ്ത്രീയ അന്വേഷണത്തിൽ തുമ്പുണ്ടാക്കാൻ ശുഹൈബിന്റെ ചിത്രങ്ങൾ സഹായമായിട്ടുണ്ട്.

പകർത്തിയത് 20000ത്തിലധികം ചിത്രങ്ങൾ

കഴിഞ്ഞ 38 വർഷത്തിനിടയിൽ കാമറകൾ മാറി. ഫിലിമിൽ നിന്ന് ഡിജിറ്റലിലേക്ക് കാലം മാറി. സാങ്കേതികവിദ്യ മാറി. അപ്പോഴും മാറാതെ പരേതരുടെ ചിത്രങ്ങൾ പകർത്താൻ മോർച്ചറിക്കു മുന്നിൽ ഇപ്പോഴും ശുഹൈബുണ്ട്. 55ാം വയസ്സിലും പൊലീസിനുവേണ്ടി ജോലി ചെയ്യുന്നു. ഇതുവരെ പൊലീസിനുവേണ്ടി 20000ത്തിലധികം അൺ നാച്വറൽ ഡെത്ത് ഫോട്ടോകൾ പകർത്തിയിട്ടുണ്ട്. കണ്ണൂർ സിറ്റി ചിറക്കൽക്കുളം സ്വദേശിയാണ് ശുഹൈബ്. ഭാര്യ: ഖയറുന്നീസ. മക്കൾ: ഫത്താഹ്, അമീന, ഫിദ.

എന്റെ തൊണ്ട വരളുന്നു

മരണത്തിന്റെയും വേദനയുടെയും നിരവധി ചിത്രങ്ങൾ കാമറയിലാക്കിയിട്ടുള്ള ശുഹൈബിന് ചില സംഭവങ്ങൾ നൽകുന്ന ആഘാതം വാക്കുകൾകൊണ്ട് വിവരിക്കാനാവാത്തതാണ്. ഈ അടുത്തകാലത്ത് വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഒരു കേസിന്റെ ഭാഗമായി മോർച്ചറിയിലേക്ക് വിളിവന്നു. അങ്ങനെയാണ് അന്നത്തെ ദിവസം ആരംഭിക്കുന്നത്. വിളിച്ചത് എസ്.ഐ വിനോദ് ആയിരുന്നു. സന്ദേശം ലഭിച്ചയുടൻ ശുഹൈബ് മോർച്ചറിയിലെത്തി. എന്നാൽ, എസ്.ഐ അവിടെ എത്തിയിരുന്നില്ല. അൽപനേരത്തെ കാത്തിരിപ്പിനൊടുവിൽ അദ്ദേഹം വന്നു. കണ്ടയുടൻ പറഞ്ഞു,

‘എടാ, എന്റെ തൊണ്ട വരളുന്നു... നമുക്കൊരു ലൈം കുടിച്ചാലോ?’എന്ന്. വേണ്ടെന്ന് സ്നേഹത്തോടെ ശുഹൈബ് നിരസിച്ചെങ്കിലും അദ്ദേഹം നിർബന്ധിച്ചു. അവർ തൊട്ടടുത്തുള്ള കടയിലേക്ക് നടന്നു. തണുത്ത ഒന്നിലധികം ഗ്ലാസ് ലൈം ജ്യൂസ് അദ്ദേഹം കുടിക്കുന്നത് ശുഹൈബ് നോക്കിനിന്നു.

അവിടെനിന്ന് മടങ്ങിയ രണ്ടുപേരും ഔദ്യോഗിക നടപടിക്രമങ്ങളിൽ മുഴുകി. പണി പൂർത്തിയാക്കി പരസ്പരം യാത്രപറഞ്ഞ് പിരിഞ്ഞു. എന്നാൽ, തൊട്ടടുത്ത ദിവസം സ്റ്റേഷൻ പരിസരത്തോ കേസുകളുടെ ഇടയിലോ അദ്ദേഹത്തെ കണ്ടില്ല. തിരക്കുകൾക്കിടയിൽ അവധിയിലായിരിക്കുമെന്ന് കരുതി. പക്ഷേ, ദിവസങ്ങൾക്കുശേഷം പൊലീസിന്റെ സോഷ്യൽ മീഡിയ സ്റ്റാറ്റസിലൂടെ ആ വാർത്ത ശുഹൈബിനെ തേടിയെത്തി, ‘എസ്.ഐ. വിനോദ് ഇനി നമ്മോടൊപ്പമില്ല’. ആ വാർത്ത കണ്ട നിമിഷം ശുഹൈബിന്റെ ഉള്ളൊന്ന് പിടഞ്ഞു. കണ്ണുകളിൽ ആ പഴയ രംഗം തെളിഞ്ഞുവന്നു. തൊട്ടുമുമ്പത്തെ ദിവസം തന്റെ കൂടെയിരുന്നയാൾ... ‘എന്റെ തൊണ്ട വരളുന്നു...’ എന്ന വിനോദിന്റെ ശബ്ദം ശുഹൈബിന്റെ ചെവിയിൽ ഒരു വിങ്ങലായി വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു...

Show Full Article
TAGS:unnatural click Kerala 
News Summary - Unnatural clicks
Next Story