പ്രഭാത സവാരിക്കാർക്ക് ജ്യൂസും സൂപ്പും; ഉണ്ണികൃഷ്ണൻ കൃതാർഥനാണ്
text_fieldsഉണ്ണികൃഷ്ണനും ഭാര്യ അംബികയും കോട്ടമൈതാനത്തെ വിൽപന കേന്ദ്രത്തിൽ
പാലക്കാട്: നിങ്ങൾ പാലക്കാട്ട് പ്രഭാത സവാരി നടത്തുന്നവരാണോ. എങ്കിൽ കോട്ടമൈതാനത്തേക്ക് പോന്നോളൂ. പ്രഭാത സവാരിക്കും ഓപ്പൺ ജിമ്മിലെ വ്യായാമത്തിനും ശേഷം ഒരു ഗ്ലാസ് വെജ് സൂപ്പോ ജൂസോ കുടിച്ച് മടങ്ങാം. അതും 15 രൂപക്ക്. കോട്ടമൈതാനിയിലെ പ്രധാന ഗേറ്റിനടുത്താണ് അകത്തേത്തറയിലെ ഉണ്ണികൃഷ്ണനും ഭാര്യ അംബികയും കൂടി ആരോഗ്യ പ്രധാനമായ നെല്ലിക്ക ജ്യൂസും പപ്പായ ജ്യൂസുമുടക്കം വിവിധ ജ്യൂസുകളും പലതരം വെജ് സൂപ്പുകളും വിൽപന നടത്തുന്നത്. ജില്ല കലക്ടറായിരുന്ന ചിത്ര, ഷാഫി പറമ്പിൽ എം.പി, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ തുടങ്ങി ഉദ്യോഗസ്ഥ-രാഷ്ട്രീയത്തിലെ പല പ്രമുഖരും ഉണ്ണികൃഷ്ണന്റെ രുചിക്കൂട്ട് ആസ്വദിച്ചവരാണ്. ജില്ല കേന്ദ്രത്തിലെ പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ള പലരും ഇന്നും ഉണ്ണികൃഷ്ണന്റെ കസ്റ്റമേഴ്സായി തുടരുന്നു.
രാവിലെ നാലിന് എഴുന്നേറ്റാണ് ഉണ്ണികൃഷ്ണനും ഭാര്യ അംബികയും സാധനങ്ങൾ ഒരുക്കുന്നത്. വിവിധ ദിവസങ്ങളിലായി ബീറ്റ്റൂട്ട്, നെല്ലിക്ക, കാരറ്റ്, വാഴത്തണ്ണി, കുമ്പളങ്ങ എന്നിവയുടെ ജ്യൂസാണ് നൽകുക. അതും മധുരം ചേർക്കാതെ. മധുരം വേണ്ടവർക്ക് തേൻ ചേർത്ത് നൽകും. വെളുത്തുള്ളി, ജീരകം, ചെറിയ ഉള്ളി, കുരുമുളക്, മഞ്ഞൾ എന്നിവ ചേർത്താണ് വിവിധ ദിവസങ്ങളിലായി മണത്തങ്കാളി ചീര, പാലക്ക ചീര, മുരിങ്ങ ചീര, പൊന്നാങ്കണ്ണി ചീര, ഉലുവ ചീര, നാടൻ ചീര എന്നിവയുടെ സൂപ്പ് നൽകുന്നത്. രാവിലെ ആറിന് എത്തുന്ന ഉണ്ണികൃഷ്ണനും അംബികയും 8.30 ഓടെ കച്ചവടം അവസാനിപ്പിക്കും. 2019ൽ ആയിരുന്നു കച്ചവട തുടക്കം. കോവിഡ് വന്ന സമയത്ത് ഒരുവർഷം കച്ചവടം തടസ്സപ്പെട്ടു. ഒരുവർഷത്തിനുശേഷം മൈതാനത്തിനകത്ത് ഉണ്ണികൃഷ്ണന് മാത്രമാണ് കച്ചവടം ചെയ്യാൻ അനുമതി ലഭിച്ചത്. രാവിലെ കുറച്ച് സമയേ ഉള്ളൂ എന്നതിനാലാണ് അനുമതി ലഭിച്ചതെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു.
കച്ചവടത്തിലൂടെ ചെറിയ വരുമാനമേ ലഭിക്കുന്നുള്ളൂവെങ്കിലും ആരോഗ്യപ്രദമായ പാനീയങ്ങളാണ് നൽകുന്നത് എന്ന സംതൃപ്തിയിലാണ് ഉണ്ണികൃഷ്ണൻ. സ്വകാര്യ ബാങ്കിലെ അപ്രൈസർ കൂടിയാണ് ഉണ്ണികൃഷ്ണൻ. ഏഴാം ക്ലാസുകാരനായ സെബിനും യു.കെ.ജിക്കാരനായ അബിനും മക്കളാണ്.