എട്ടാം അങ്കത്തിലും വിജയിച്ച് വി.ബി. ജബ്ബാർ
text_fieldsവി.ബി. ജബ്ബാർ
ആലങ്ങാട്: 38 വർഷം തുടർച്ചയായി പഞ്ചായത്ത് അംഗമായി റെക്കോഡിട്ട വി.ബി. ജബ്ബാർ എട്ടാം അങ്കത്തിലും മികച്ച വിജയം നേടി ചരിത്രംകുറിച്ചു. ആലങ്ങാട് പഞ്ചായത്ത് മൂന്നാം വാർഡിലാണ് യു.ഡി.എഫ് സ്ഥാനാർഥിയായി ഇക്കുറി ജനവിധി തേടിയത്. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയായ സി.പി.എമ്മിലെ സുനി സജീവനോടാണ് പൊരുതി ജയിച്ചത്. ഇവരെ 124 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
1988ലാണ് ആദ്യമായി മത്സരിച്ചത്. അന്ന് സി.പി.ഐയുടെ ഭാഗമായി നിന്നാണ് ജയിച്ചത്. നീറിക്കോട് സ്വദേശിയായ ജബ്ബാർ സ്വന്തം നാട്ടിൽനിന്നുതന്നെയാണ് ജനവിധി നേടിയത്. പിന്നീട് പല കാരണങ്ങൾക്കൊണ്ട് സി.പി.ഐയിൽനിന്നു മാറി യു.ഡി.എഫിനോടൊപ്പം കൂടി. 1995ൽ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച ജബ്ബാറിനെ നാട്ടുകാർ വൻ ഭൂരിപക്ഷത്തോടെയാണ് ജയിപ്പിച്ചത്. അതോടെ കോൺഗ്രസിൽ ചേർന്നു. പിന്നീട് ഇന്നുവരെ എല്ലാ തെരഞ്ഞെടുപ്പുകളിലും നീറിക്കോടുതന്നെ പല വാർഡുകളിലായി മത്സരിച്ചു ജയിച്ചു. ഇക്കുറി മൂന്നാം വാർഡിൽ അദ്ദേഹത്തിന്റെ ജനപ്രീതി പരിഗണിച്ച് പാർട്ടി അവസരം നൽകി.
വോട്ടെണ്ണലിന്റെ തലേദിവസം അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ആശുപത്രി കിടക്കയിൽ കിടന്നാണ് ചരിത്ര വിജയം അറിഞ്ഞത്. സംസ്ഥാനത്തുതന്നെ തുടർച്ചയായി ഏഴുതവണ മെംബറായ ഖ്യാതി വി.ബി. ജബ്ബാറിനാണ്. സുബൈദയാണ് ഭാര്യ. ഗദ്ദാഫി (മെഡിക്കൽ റെപ്), ആഷിഫ് (ജൂനിയർ ക്ലർക്ക്, പറവൂർ താലൂക്ക് കാർഷിക വികസന ബാങ്ക്) എന്നിവരാണ് മക്കൾ.


