ശതാഭിഷേകത്തിലും സഹോദരന് കന്നിവോട്ട് ചെയ്തതോർത്ത് വിജയരാഘവൻ
text_fieldsവി.എസ്. വിജയരാഘവൻ
ആലത്തൂർ: ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് കാലം മുൻ എം.പി വി.എസ്. വിജയരാഘവന് 84ാം പിറന്നാൾ കാലം കൂടിയാണ്. 1941 നവംബർ 22നാണ് ജനനം. എന്നാൽ വൃശ്ചിക മാസത്തിലെ ഉത്രാടം നക്ഷത്രമായ ചൊവ്വാഴ്ചയാണ് പിറന്നാൾ ആഘോഷം. ചൊവ്വാഴ്ച നടക്കുന്നത് ശതാഭിഷേകമാണ്. പാലക്കാടിന്റെ കോൺഗ്രസ് രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന ഏടാണ് അദ്ദേഹത്തിന്റെ ജീവിതം. 1980, 1984, 1991 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് എം.പിയായി. രണ്ട് പതിറ്റാണ്ടിലധികം പാലക്കാട് കോൺഗ്രസ് അധ്യക്ഷപദം വഹിച്ചിട്ടുണ്ട്. ഇക്കാലത്തെല്ലാം തദ്ദേശമുൾപ്പെടെ എല്ലാ തെരഞ്ഞെടുപ്പുകൾക്കും നേതൃത്വം വഹിച്ചിരുന്നു.
എരിമയൂരിലെ സമ്പന്ന കുടുംബത്തിൽ ജനിച്ച വിജയരാഘവൻ പോരാട്ടങ്ങളിലൂടെയാണ് വളർന്നത്. വിമോചന സമരത്തിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിൽ തുടങ്ങി എ.ഐ.സി.സി അംഗം വരെയെത്തി. 1977ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യമായി ആലത്തൂർ മണ്ഡലത്തിൽ മത്സരിച്ചു. അന്ന് എതിർസ്ഥാനാർഥി ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു. വൻ ഭൂരിപക്ഷത്തിൽ എപ്പോഴും ജയിക്കുന്ന ആലത്തൂർ ഇ.എം.എസ് തെരഞ്ഞെടുത്തത് മുൻ ഭൂരിപക്ഷം പ്രതീക്ഷിച്ചായിരുന്നു. എന്നാൽ ഇ.എം.എസിന്റെ ഭൂരിപക്ഷം 1999 വോട്ടായിരുന്നു എന്നത് ഇ.എം.എസിനെ ഞെട്ടിച്ചു. അദ്ദേഹം വിജയരാഘവനോട് പറഞ്ഞത് അദ്ദേഹത്തിന്റെ ജയം സാങ്കേതികം മാത്രമാണെന്നും ജയിച്ചത് താനാണെന്നുമായിരുന്നു.
1964ൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചേട്ടൻ വി.എസ്. ഗോപാലനായിരുന്നു വിജയരാഘവന്റെ കന്നിവോട്ട്. തെരഞ്ഞെടുപ്പിൽ വി.എസ്. ഗോപാലൻ വിജയിച്ചു. അന്ന് പ്രസിഡന്റായ ഗോപാലൻ നീണ്ടകാലം പ്രസിഡന്റായി തുടർന്നു. അന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് പാർട്ടി ചിഹ്നം നൽകാറില്ലായിരുന്നു. ലോകസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ടി.സി. ഗോവിന്ദനായാണ് ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ഗോവിന്ദന്റെ എതിർ സ്ഥാനാർഥി എ.കെ. ഗോപാലനായിരുന്നു. കവലകളിൽ ചെറുപ്രസംഗങ്ങളാണ് അന്നത്തെ രീതി. മേശകൾ വെച്ചും പ്രചാരണ വാഹനത്തിന് മുകളിലെല്ലാം നിന്നുമെല്ലാമാണ് പ്രസംഗിക്കുക എന്നതെല്ലാം 84കാരനായ അദ്ദേഹം ഇന്നും ഓർമിക്കുന്നു. ഭാര്യ: സൗമിനി. മക്കൾ: ശ്യാം, മഞ്ജുള, പ്രീത.


