വൈൽഡ് ലെൻസ്
text_fieldsപ്രമോദ് സി.എൽ
മലയാളി എത്താത്ത ഇടങ്ങൾ കുറവായിരിക്കും. ടെലികോം പ്രഫഷനലായ പ്രമോദ് തന്റെ ഹോബിയെ ചേർത്തുപിടിച്ചാണ് കാട് കയറാൻ തുടങ്ങിയത്. എല്ലാ ഋതുക്കളിലും ഈർപ്പമാർന്ന് തണുത്ത ഇരുണ്ട് കിടക്കുന്ന കാട്.വൃക്ഷലതാദികളാലും വന്യജീവികളാലും സമ്പന്നമായ, ചുറ്റിലും വന്യ ഗന്ധം നിറഞ്ഞുനിൽക്കുന്ന കാടകത്തിലേക്ക് കാമറയുമായി ഒരു യാത്ര. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിൽ നിരവധിതവണ അന്താരാഷ്ട്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയ പ്രമോദ് സി.എൽ തന്റെ കാടനുഭവങ്ങൾ ചിത്രങ്ങളായും വാക്കുകളായും പകർത്തിവെക്കുന്നു.
വനത്തിൽനിന്ന് കിട്ടുന്ന പരിക്കേറ്റ മൃഗങ്ങളെ, ഒറ്റപ്പെട്ട് പോകുന്ന പക്ഷികളെയൊക്കെ വനത്തിൽ പോകുന്നവരും തേൻ ശേഖരിക്കാൻ പോകുന്നവരും അമ്മൂമ്മയെ ഏൽപിക്കുമായിരുന്നു. കുഞ്ഞുനാൾ മുതൽ അത് കണ്ട് വളർന്നതു കൊണ്ടാവാം കാടും അവിടത്തെ ജീവികളും അടുത്ത കൂട്ടുകാരായി. ഒരിക്കൽ കുളത്തൂപ്പുഴ വനത്തിൽ നിന്ന് സിംഹവാലൻ കുരങ്ങിന്റെ കുഞ്ഞിനെ കിട്ടിയിരുന്നു. പതിനെട്ട് വർഷത്തോളം അത് ഞങ്ങളോടൊപ്പമാണ് വളർന്നത്.
കാട്ടിലേക്കുള്ള തയാറെടുപ്പുകൾ
കാട്ടിലെ യാത്രക്ക് ഒരുപാട് പ്ലാനിങ് ആവശ്യമാണ്. നമ്മുടെ ഇഷ്ടമനുസരിച്ച് കാട്ടിൽ കയറാനാവില്ല. കാടിനെപ്പറ്റി പഠിക്കണം. ഒരു ടാർഗറ്റ് വെച്ചാണ് പോകുന്നത്. ജിം കോർബറ്റ് നാഷനൽ പാർക്കിലേക്ക് പോകുന്നത് സീസൺ ടാർഗറ്റ് വെച്ചിട്ടാണ്. ആ സീസണിൽ എന്തൊെക്ക മൃഗങ്ങൾ അവിടെയുണ്ടാവും എന്നുള്ള വിവരങ്ങൾ കൈയിലുണ്ടാവും. ഏറ്റവും ആവശ്യമായത് നല്ലൊരു ഗൈഡാണ്. അതുപോലെ കാട് കയറുന്നതിന് പെർമിറ്റുകൾ ലഭിക്കണം. രണ്ടുമാസം മുമ്പെങ്കിലും യാത്രകൾ പ്ലാൻ ചെയ്യണം.
കാടകത്തിലേക്ക്
‘സുഖമില്ലാതെ കിടന്നാലും കാട് കാണുമ്പോൾ അവൻ എഴുന്നേറ്റ് പോകും’. ചുറ്റുമുള്ളവർക്ക് പ്രമോദ് ഇങ്ങനെയാണ്. കാട് വല്ലാത്ത ഡ്രൈവിങ് ഫോഴ്സാണ്. കാടും കാടിന്റെ ശാന്തതയും അതിനകത്തുള്ള ഭീകരതയും വല്ലാത്ത എനർജിയാണ് തരുന്നത്. കാട്ടിലെ രാജാവ് ശരിക്കും കടുവയാണ്. കടുവയുടെ സാന്നിധ്യം കാട് അറിയിക്കുന്ന ഒരു രീതിയുണ്ട്. ആ സമയത്ത് പക്ഷികളെല്ലാം ചേർന്ന് പലതരത്തിലുള്ള ശബ്ദമുണ്ടാക്കും, കാടാകെ ഇളകും.
2009ലാണ് ആദ്യമായി കാമറ വാങ്ങി വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലേക്ക് തിരിയുന്നത്. അന്ന് പക്ഷികളെ തിരിച്ചറിയുക പ്രയാസമുള്ള കാര്യമായിരുന്നു. ഡോ. സാലിം അലിയുടെ ബുക്ക് മാത്രമാണ് റഫറൻസ്. യാത്രതുടങ്ങിയപ്പോൾ അനുഭവജ്ഞാനമുള്ളവരെ കണ്ടുമുട്ടി. അവരുടെ സഹായത്തോടെ പക്ഷികളെ തിരിച്ചറിയാൻ തുടങ്ങി. ഇപ്പോൾ ഒട്ടുമിക്ക പക്ഷികളുടെയും ശബ്ദങ്ങൾ തിരിച്ചറിയാം.
ഫോട്ടോഗ്രഫി പാഷനായതുകൊണ്ട് യാത്രകൾ ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. എന്ത് സഹിച്ചാലും നല്ല ചിത്രങ്ങൾ വരണമെന്ന ആഗ്രഹമാണ് ഓരോ കാട്ടിലെ യാത്രക്കും പ്രചോദനമാകുന്നത്. കാട് ഒരിക്കലും ഭയപ്പെടുത്തിയിട്ടില്ല. പക്ഷേ ഒന്നുരണ്ട് തവണ അപകടകരമായ സാഹചര്യത്തിൽ എത്തിയിട്ടുണ്ട്. കാട്ടിലെ ജീവികൾ വളരെ ശാന്തരാണ്. അവരുടെ നിലനിൽപിനും ആഹാരത്തിനും വേണ്ടി മാത്രമേ അവ മറ്റുള്ളവരെ ഉപദ്രവിക്കാറുള്ളൂ. എന്നാൽ മനുഷ്യർ അങ്ങനെയല്ല. വന്യജീവി ആക്രമണമൊക്കെ സംഭവിക്കുന്നതിൽ നമ്മളാണ് പ്രധാന ഉത്തരവാദികളെന്ന് എല്ലാവരും മനപ്പൂർവം മറന്നുകളയുന്നു. പ്രധാനമായും മാലിന്യ കൂമ്പാരങ്ങളാണ് മൃഗങ്ങളെ ആകർഷിക്കുന്നത്. വളരെ എളുപ്പം ഭക്ഷണം കിട്ടുന്ന ഒരിടത്തേക്ക് പെട്ടെന്ന് ആകർഷിക്കപ്പെടും. ഇതാണ് അപകടമുണ്ടാക്കുന്നത്.
എങ്ങനെയായാലും കൊല്ലുന്നത് പരിഹാരമല്ല. കൊന്നുകഴിഞ്ഞാൽ അതിനുപകരം മറ്റൊന്ന് അവിടെ ഉണ്ടാവും. അതൊരുപക്ഷേ നേരത്തേ ഉണ്ടായതിനെക്കാൾ അപകടകാരിയാവാം. കൃത്യമായ ബോധവത്കരണം നടത്തുക, മാലിന്യ സംസ്കരണത്തിൽ ശ്രദ്ധിക്കുക, മൃഗങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള ചെയ്തികൾ ഒഴിവാക്കുക, മൃഗങ്ങൾ കടന്നുപോകുന്ന വഴികൾ തടസ്സപ്പെടുത്താതിരിക്കുക ഇതൊക്കെയാണ് നമുക്ക് ചെയ്യാൻ പറ്റുന്നത്.
കാട് തന്ന ചിത്രങ്ങൾ
ഒരേ കാട്ടിൽ പലതവണ പോകുമ്പോൾ പല കാഴ്ചകളാണ്. അപൂർവമായ ചില ചിത്രങ്ങൾ കിട്ടിയിട്ടുണ്ട്. സരസ്സൻ കൊക്ക് അതിലൊന്നാണ്. ഇത് ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷിയാണ്. പൊതുവെ സസ്യാഹാര പ്രിയരായ ഇവർ വളരെ അപൂർവായേ മാംസാഹാരം കഴിക്കൂ. പക്ഷിമൃഗാദികളിൽ ഇണയെ ആകർഷിക്കാൻ നൃത്തംചെയ്യുന്നത് സാധാരണ ആൺകിളികളാണ്. ഇവരുടെ കാര്യത്തിൽ നേരെ തിരിച്ചാണ്. രാജസ്ഥാനിലെ ഭരത്പൂർ ദേശീയോദ്യാനത്തിൽ വെച്ചാണ് ഇവരുടെ നൃത്തം ആദ്യമായി കാണുന്നത്. അതൊരു വല്ലാത്ത അനുഭവമായിരുന്നു.
വളരെ അപൂർവമായി കാണുന്ന, അതിലും അപൂർവമായി മാത്രം ഫോട്ടോ എടുക്കാൻ പറ്റിയ നീലഗിരി മാർട്ടിന്റെ ഫോട്ടോ ഏറെ പ്രിയപ്പെട്ടതാണ്. ഇവർ അധികവും ഒറ്റക്ക് നടക്കുന്നവരാണ്. കീരിയെ പോലെ ഇരിക്കുമെങ്കിലും കണ്ടുകിട്ടാൻ വളരെ പ്രയാസമാണ്. കേരളത്തിലെ കാട്ടിൽനിന്ന് ഇതിന്റെ ആദ്യ ഫോട്ടോക്കുള്ള റെക്കോർഡ് എനിക്കുകൂടി അവകാശപ്പെട്ടതാണ്.
രണ്ടു തവണ ആഫ്രിക്ക സന്ദർശിച്ചിട്ടുണ്ട്. വേട്ടയാടപ്പെട്ട ടോപ്പി എന്ന മാൻ അതിന്റെ കുഞ്ഞിനെ രക്ഷിക്കാൻ സ്വയം ബലിയാടായ ഒരു രംഗമുണ്ട്. അതൊരിക്കലും മനസ്സിൽനിന്ന് മായില്ല. മാതൃത്വം എങ്ങനെ ബലിയാടാകുമെന്ന് കാണിച്ചുതന്ന വളരെയധികം സ്പർശിച്ച ഒരു നിമിഷമായിരുന്നു അത്.
ഭരത്പൂരിൽനിന്നെടുത്ത പെലിക്കണിന്റെ ലാൻഡിങ് എടുക്കാൻ ഏകദേശം രണ്ടു ദിവസം വേണ്ടി വന്നു. ചേരക്കോഴി എന്നൊരു ജീവിയുണ്ട്. അതിന്റെ പ്രത്യേകത, വെള്ളത്തിൽ മുങ്ങി മീൻ പിടിച്ച് മുകളിലേക്ക് എറിഞ്ഞുപിടിച്ച് തിന്നുന്നതാണ്. വെള്ളത്തിനു മുകളിൽ കുറഞ്ഞ സമയമേ ഇത് നിൽക്കൂ. ആ സമയത്ത് ഫോട്ടോ എടുത്തില്ലെങ്കിൽ ഇത് പറന്ന് പോകും. ആ ഫോട്ടോക്ക് മാത്രം മൂന്ന് ദിവസമാണ് ചെലവിട്ടത്.
സരസ്സൻ കൊക്ക്, ടോപ്പി എന്ന മാൻ,നീലഗിരി മാർട്ടിൻ,പെലിക്കൺ
മഴയും വേനലും
മഴക്കാലമായാലും വേനലായാലും കാട്ടിലെ യാത്ര ദുഷ്കരമാണ്. മഴക്കാലത്ത് ധാരാളം അട്ടകൾ ഉണ്ടാകും. കൈയിൽ ഡെറ്റോളും പെയിൻബാമും കരുതണം. എന്നാൽ, മഴക്കാടുകൾ ആയതുകൊണ്ടും അടിക്കാടുകൾ നനഞ്ഞിരിക്കുന്നതുകൊണ്ടും നനവ് തട്ടുമ്പോൾ ഇതൊക്കെ പോകും. ഇതിനേക്കാൾ ഭീകരം വേനൽക്കാല യാത്രയാണ്. വേനൽക്കാലത്ത് ബുദ്ധിമുട്ടുണ്ടാക്കുന്നത് മാൻ ചെള്ളാണ്. മാനിന്റെ പുറത്ത് പറ്റിപ്പിടിച്ചിരിക്കുന്ന ഒരുതരം ചെള്ളാണിത്.
കാടിനെ എന്തിന് പേടിക്കണം?
മൃഗങ്ങൾ അപകടകാരികളല്ല. കടുവയുടെ മുന്നിൽ പെട്ടാൽ അതിന്റെ ആദ്യ പ്രതികരണം തിരിഞ്ഞ് നടത്തമായിരിക്കും. കുഞ്ഞുങ്ങളുള്ള സമയത്തോ ആഹാരം കഴിക്കുന്ന സമയത്തോ ആണെങ്കിൽ മാത്രമേ അവ പ്രതികരിക്കാറുള്ളൂ. കടുവകളും മറ്റും അക്രമകാരികളാകുന്നത് അതിന് മനുഷ്യനാണെന്ന് തിരിച്ചറിയാത്ത വിധം നമ്മൾ എന്തെങ്കിലും ചെയ്യുമ്പോഴാണ്. നാൽക്കാലിയായി കണ്ടുകഴിഞ്ഞാൽ അവർ ആക്രമിക്കും. ഇരുകാലിയായിട്ട് എഴുന്നേറ്റ് നിൽക്കുകയാണെങ്കിൽ മിക്കവാറും അവർ തിരിച്ചുപോവുകയേ ഉള്ളൂ. വേട്ടയാടി ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രമേ അവർ മനുഷ്യന്റെ പിന്നാലെ പോവൂ. ക്രൗര്യത്തിൽ അത് മുന്നിൽ വന്നുകഴിഞ്ഞാൽ ആരായാലും ഫ്രീസായി പോകും. ആ സമയത്ത് മനസ്സാന്നിധ്യം വീണ്ടെടുത്ത് കഴിയുന്നത്ര ഉച്ചത്തിൽ ശബ്ദമുണ്ടാക്കണം.
ആനയെ ആളുകൾ പലവിധത്തിൽ ഉപദ്രവിക്കുന്നുണ്ട്. ഇത്രയും ഭീമാകാരനായ ഒരു ജീവിയെ കൂച്ചുവിലങ്ങിട്ട് തോട്ടികൊണ്ട് പിടിച്ചുനിർത്തി ഒരു പരിധിവരെയൊക്കെ നിയന്ത്രിക്കാൻ പറ്റും. പക്ഷേ കുറച്ചുകഴിഞ്ഞാൽ ആനയുടെ നിയന്ത്രണവും വിടും. ആനയെ മെരുക്കി നാട്ടാനയാക്കുമ്പോൾ ഒരുപാട് പീഡനങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. ആ പീഡനത്തിന്റെ ഒരംശം എപ്പോഴെങ്കിലും ദേഷ്യമായി പുറത്തുവരും.
ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്റർനാഷനൽ ഫോട്ടോഗ്രഫി അവാർഡുകളിൽ (HIPA) ഫൈനലിൽ ഒന്നിലധികം തവണ എത്തിച്ചത് കാട്ടിലെ യാത്രയാണ്. 50ലധികം രാജ്യങ്ങളിലെ പ്രഫഷനൽ ഫോട്ടോഗ്രാഫർമാർക്കുള്ള നേച്ചർ ബെസ്റ്റ് ഫോട്ടോഗ്രഫി (NBP) ഏഷ്യയുടെ അവാർഡുകളും ഒന്നിലധികം തവണ നേടിയിട്ടുണ്ട്.
വാഷിങ്ടൺ ഡി.സി, ടോക്യോ, യോകോഹാമ അകറെംഗ സോക്കോ, ജപ്പാൻ എന്നിവിടങ്ങളിലെ സ്മിത്സോണിയൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ പ്രശസ്തമായ വിൻഡ്ലാൻഡ് സ്മിത്ത് റൈസ് എക്സിബിഷൻ ഉൾെപ്പടെ ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
പ്രമുഖ ദേശീയ, അന്തർദേശീയ മാസികകളിലും കോഫി ടേബിൾ ബുക്കുകളിലും നേച്ചർ ഇൻ ഫോക്കസ് (NIF 2019) പോലുള്ള വിവിധ ഇവന്റുകളിലും അവ ഫീച്ചർ ചെയ്തിട്ടുണ്ട്. കാടിനെ സ്നേഹിച്ച് യാത്രചെയ്യുക. ആ അനുഭൂതിയാണ് വീണ്ടും കാടുകയറാൻ പ്രേരിപ്പിക്കുന്നത്.