ഊന്നുവടിയുടെ ഊർജത്തിൽ സൈതലവി
text_fieldsപുലാമന്തോൾ (മലപ്പുറം): തളർന്ന കാലുകളെ പിന്നിലാക്കി തളരാത്ത ആവേശത്തിൽ വീടുകൾ കയറിയിറങ്ങി വോട്ട് തേടുകയാണ് പുലാമന്തോൾ പഞ്ചായത്തിലെ 22ാം വാർഡായ കുരുവമ്പലത്തെ കുളക്കുന്നത്ത് മാനുപ്പ എന്ന സൈതലവി. 45 വർഷമായി സി.പി.എം ജയിക്കുന്ന വാർഡ് തിരിച്ചുപിടിക്കാൻ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയാക്കിയിരിക്കുന്നത് ഭിന്നശേഷിക്കാരനായ മാനുപ്പയെയാണ്. കഴിഞ്ഞ തവണ സി.പി.എമ്മിലെ എം.ടി. നസീറ 262 വോട്ടിന് വിജയിച്ച വാർഡാണിത്.
സ്ഥാനാർഥിത്വം മനസ്സിൽ പോലുമുണ്ടായിരുന്നില്ലെന്ന് സജീവ രാഷ്ട്രീയത്തിലില്ലാത്ത മാനുപ്പ പറയുന്നു. ജനിച്ച് ഒമ്പതാം മാസം പോളിയോ ബാധിച്ച് 50 ശതമാനം ചലനശേഷി നഷ്ടപ്പെട്ട ഈ 34കാരൻ ജീവകാരുണ്യരംഗത്ത് സജീവമാണ്. ഓണപ്പുട ജങ്ഷനടുത്ത് എലൈറ്റ് ഫുട്ബാൾ ടർഫിന്റെ സംരക്ഷകനായതിനാൽ കളിക്കമ്പക്കാരുമായും സൗഹൃദത്തിലാണ്.
1400ഓളം വോട്ടർമാരുള്ള വാർഡിൽ കൊളത്തൂർ നാഷനൽ ഹൈസ്കൂൾ അധ്യാപകൻ എം.പി. രാജേഷാണ് എൽ.ഡി.എഫ് സ്ഥാനാർഥി. രാജേഷ് 2005ൽ ഇവിടെനിന്ന് ജയിച്ചിരുന്നു. ഉമ്മൻ ചാണ്ടിയെ ഇഷ്ടനേതാവായി കാണുന്ന മാനുപ്പ പക്ഷേ, മോഹനവാഗ്ദാനങ്ങളൊന്നും നൽകുന്നില്ല. സുലൈമാൻ- സുഹറ ദമ്പതികളുടെ മകനാണ്. ഭാര്യ: മുബഷിറ. മക്കൾ: ആയിഷ അലീസ, ആദം അയ്മൻ.


