ബലികർമങ്ങൾക്കെത്തുന്നവർക്ക് യാഹുട്ടിയുടെ കാവലുണ്ട്
text_fieldsയാഹുട്ടി പെരുവനം കുട്ടൻ മാരാരുടെയും മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെയും കൂടെ
തിരുനാവായ: നാവാമുകുന്ദ ക്ഷേത്രക്കടവിൽ ബലികർമങ്ങൾക്കെത്തുന്നവരുടെ സംരക്ഷകനായി മുങ്ങൽ വിദഗ്ധൻ പാറലകത്ത് യാഹുട്ടി. 2013ൽ അമ്മക്കൊപ്പം ബലികർമത്തിനെത്തിയ പരേഷ് എന്ന യുവാവ് പുഴയിൽ മുങ്ങികുളിക്കുന്നതിനിടെ അപ്രത്യക്ഷനായ സംഭവത്തിനുശേഷമാണ് ദേവസ്വം എല്ലാ വാവുകൾക്കും സ്ഥിരമായി യാഹുട്ടിയെ വിളിക്കാൻ തുടങ്ങിയത്.
ഡി.ടി.പി.സിയുടെ തീർഥാടകത്തോണി നയിച്ചിരുന്ന യാഹുട്ടി സദാസമയവും പുഴയിലുണ്ടാകും. ഇതിനിടയിൽ തിരുനാവായയിലും പരിസരപ്രദേശങ്ങളിലും ആരെങ്കിലും ഒഴുക്കിൽപെട്ടെന്നറിഞ്ഞാൽ അവരെ രക്ഷിക്കാനും അപകടത്തിൽ മരിച്ചവരെ മുങ്ങിയെടുക്കാനും യാഹുട്ടിയുണ്ടാകും.
ത്രിമൂർത്തി സംഗമമായ തിരുനാവായയിലെ നാവാമുകുന്ദ ക്ഷേത്രത്തിലെത്തുന്ന ഭക്തർ നിളയുടെ തെക്കെക്കരയിൽ സ്ഥിതി ചെയ്യുന്ന ബ്രഹ്മ-ശിവക്ഷേത്രങ്ങളിൽ പോവാൻ കഴിയാതെ ഇക്കരെനിന്ന് അങ്ങോട്ട് നോക്കി തൊഴുത് സായൂജ്യമടയാറായിരുന്നു പതിവ്. ഇതിനൊരു പരിഹാരമായാണ് മലപ്പുറം ഡി.ടി.പി.സി യാഹുട്ടിയുടെ നേതൃത്വത്തിൽ ഒരു തീർഥാടകത്തോണി ഇവിടെ ഏർപ്പെടുത്തിയത്.
ഇത് വിശ്വാസികൾക്ക് ഏറെ പ്രയോജനം ചെയ്തിരുന്നു. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ പരിസര പ്രദേശങ്ങളിലെ കടത്തുവള്ളങ്ങളുടെ പെർമിറ്റുകൾ റദ്ദാക്കിയ കൂട്ടത്തിൽ തീർഥാടകത്തോണിയുടെ പെർമിറ്റും റദ്ദാക്കി. പിന്നിട് ഡി.ടി.പി.സിയോ തിരുനാവായ പഞ്ചായത്തോ പെർമിറ്റ് പുതുക്കി കൊടുക്കാത്തതിനാൽ ഭക്തരെ അക്കരെ കടത്താനും അപകടങ്ങൾ ഉണ്ടാകുമ്പോൾ ദൂരേക്ക് പോകാനും കഴിയാത്ത ധർമസങ്കടത്തിലാണ് യാഹുട്ടി.
അതേസമയം, ക്ഷേത്രക്കടവിൽതന്നെ തോണികെട്ടിയിടുന്നതിനാൽ ദിനേന ബലികർമങ്ങൾക്കെത്തുന്നവർക്ക് ഒരാശ്വാസമാണ്. 400ഓളം മീറ്റർ നീളം വരുന്ന ബലിക്കടവിലെ കമ്പിവേലിയിൽ മഴക്കാലത്ത് വന്നടിയുന്ന ചണ്ടികൾ നീക്കി വൃത്തിയാക്കുന്നതും യാഹുട്ടിയും സംഘവും തന്നെയാണ്.
14ാം വയസ്സിൽ മീൻ പിടിക്കാനായി പുഴയിലിറങ്ങിയ യാഹുട്ടി നാലര പതിറ്റാണ്ടിന്റെ പരിചയത്തിലൂടെ ഭാരതപ്പുഴയുടെ മർമ്മമറിഞ്ഞ മുങ്ങൽ വിദഗ്ധനാണ്. അതുകൊണ്ടുതന്നെ രണ്ട് പ്രളയക്കാലത്തും വീടുകളിലും മറ്റും അകപ്പെട്ടവരെ സുരക്ഷാകേന്ദ്രങ്ങളിലെത്തിക്കാൻ അധികൃതർ മുഖ്യമായും യാഹുട്ടിയെത്തന്നെയായിരുന്നു ആശ്രയിച്ചിരുന്നത്. എ
ന്തെല്ലാം സംവിധാനങ്ങളുണ്ടെങ്കിലും യാഹുട്ടിയും സുരക്ഷ തോണിയും കടവിലുണ്ടെങ്കിൽ ദേവസ്വം അധികൃതർക്കും ബലികർമങ്ങൾക്കെത്തുന്നവർക്കും ആശ്വാസമാണ്. തിരുനാവായയിലെ സാംസ്കാരിക-ജീവകാരുണ്യ സംഘടനകളിലെല്ലാം അംഗമായ യാഹുട്ടി നല്ലൊരു പൊതുപ്രവർത്തകൻ കൂടിയാണ്.
കച്ചവടക്കാർ വേനൽക്കാലത്ത് പുഴയിലെ പുൽക്കാടുകളിൽ മേയാൻ വിടുന്ന കാലികൾ വർഷക്കാലത്ത് ഒഴുക്കിൽപെടുമ്പോൾ രക്ഷിക്കാനെത്തുന്നതും യാഹുട്ടി തന്നെ. ഇങ്ങനെ നിരവധി കാലികളെ ഓരോ വർഷവും യാഹുട്ടി രക്ഷിച്ച് അധികൃതർക്ക് കൈമാറാറുണ്ട്. യാഹുട്ടി രക്ഷിച്ച മനുഷ്യരുടെ എണ്ണവും വിരളമല്ല.