സൈക്കിൾ സവാരി ദിനചര്യയാക്കി യുവ അധ്യാപകൻ
text_fieldsഅഫ്സൽ വിദ്യാർഥികളോടൊപ്പം സൈക്കിൾ യാത്രക്കിടെ
കുന്ദമംഗലം: കഴിഞ്ഞ ഏഴുവർഷമായി സൈക്കിളിൽ സ്കൂളിലേക്കും മറ്റും യാത്ര ചെയ്യുന്ന ഒരു അധ്യാപകനുണ്ട് ഇവിടെ. ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ കുന്ദമംഗലം സ്വദേശി കെ.പി. അഫ്സൽ. വോളിബാളിൽ എം.ജി യൂനിവേഴ്സിറ്റി താരവും മിനി വോളിബാൾ സംസ്ഥാന താരവുമായിരുന്നു ഈ അധ്യാപകൻ. വിവിധ ജില്ല ടീമുകൾക്ക് വേണ്ടിയും വോളിബാൾ കളിച്ചിട്ടുണ്ട്.
അധ്യാപകനായി ജോലി ലഭിച്ച ശേഷം വ്യായാമം കുറഞ്ഞപ്പോഴാണ് സൈക്കിളിൽ സ്കൂളിലേക്ക് യാത്ര ചെയ്യുന്നതിനെ കുറിച്ച് അഫ്സൽ ആലോചിക്കുന്നത്. സൈക്കിളുമായി സ്കൂളിലെത്തിയതോടെ നിരവധി വിദ്യാർഥികൾ അധ്യാപകന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്കൂളിലേക്ക് സൈക്കിളിൽ വരാൻ തുടങ്ങി. സ്കൂളിലെ സ്കൗട്ട് അധ്യാപകനായ അഫ്സൽ എല്ലാ വർഷവും സ്കൗട്ട് വിദ്യാർഥികളെയും കൂട്ടി സൈക്കിൾ യാത്ര സംഘടിപ്പിക്കാറുണ്ട്. സൈക്കിൾ ഓടിക്കുമ്പോഴുള്ള ഏക പ്രശ്നം റോഡിൽ വലിയ വാഹനങ്ങളിൽനിന്ന് പരിഗണന ലഭിക്കാറില്ല എന്നതാണ്.
ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും പരിസര മലിനീകരണം കുറക്കുന്നതിനും സഹായിക്കുന്ന സൈക്കിൾ യാത്ര വ്യാപകമാക്കാൻ പദ്ധതികൾ അധികൃതർ തയാറാക്കണമെന്നാണ് അഫ്സലിന്റെ ആഗ്രഹം. മക്കളായ ഷാൻ മുഹമ്മദ്, റയാൻ മുഹമ്മദ്, അസ്മി സെഹ്റിഷ് എന്നിവർക്കും സൈക്കിൾ യാത്രക്ക് പ്രോത്സാഹനം നൽകുന്നുണ്ട് ഈ അധ്യാപകൻ. പിന്തുണയുമായി ഭാര്യ ഫസ്നയും കൂടെയുണ്ട്.


