പ്രവാസത്തോട് വിടപറഞ്ഞു; യൂസുഫലിയുടെ ഊടും പാവും
text_fieldsമുരളീധരൻ
ദുബൈ: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസുഫലിയുടെ ഊടും പാവുമായിരുന്ന മുരളീധരനും പ്രവാസത്തോട് വിട പറഞ്ഞു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി യൂസുഫലി ധരിച്ചിരുന്നത് മുരളീധരന്റെ കരവിരുതിൽ വിരിഞ്ഞ വർണ വസ്ത്രങ്ങളായിരുന്നു. 30 കൊല്ലത്തിലധികമായി ദുബൈ കരാമയിലെ ലുലു മാളിൽ യൂസുഫലിയുടെ പേഴ്സണൽ ടൈയ്ലറായിരുന്നു ഇദ്ദേഹം.
1995 ഏപ്രിൽ 20നാണ് അദ്ദേഹത്തെ യൂസുഫലി അബൂദിയിലേക്ക് കൊണ്ടുവരുന്നത്. തൃശൂർ തളിക്കുളം സ്വദേശിയായ ഇദ്ദേഹത്തിന്റെ ടൈയ്ലറിങ് ഷോപ്പ് നാട്ടികയിൽ യൂസുഫലിയുടെ വീടിന് സമീപത്തായിരുന്നു. യൂസുഫലിയുടെ വസ്ത്രങ്ങളെല്ലാം തയ്ച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ആ അടുപ്പമാണ് ബിസിനസ് വളർച്ചയിലും മുരളീധരനെ ഒപ്പം കൂട്ടാൻ യൂസുഫലി തീരുമാനിച്ചത്. വിരമിക്കൽ പ്രായം പിന്നിട്ടെങ്കിലും നാലുതവണ വിസ പുതുക്കാനുള്ള കാരണവും അദ്ദേഹവുമായുള്ള ഹൃദയബന്ധം തന്നെയായിരുന്നു. ആദ്യം അബൂദബിയിലായിരുന്നു പ്രവാസത്തിന്റെ തുടക്കം. പിന്നീട് ദുബൈ കരാമയിൽ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിച്ചതുമുതൽ ഇങ്ങോട്ട് മാറി. അദ്ദേഹത്തിന്റെ പേഴ്സനൽ ഡ്രസ് മേക്കർ എന്ന നിലയിലായിരുന്നു ഇത്രയും കാലം ജോലി. ഓരോ ദിവസവും യൂസുഫലിക്ക് വേണ്ട കുപ്പായങ്ങൾ തയ്ച്ചുനൽകുക മാത്രമായിരുന്നു ജോലി.
മുംബൈയിൽ നിന്ന് ലിനൻ ക്ലബിന്റെ തുണി വാങ്ങുന്നതും അത് ഡിസൈൻ ചെയ്യുന്നതുമെല്ലാം മുരളീധരൻ തന്നെ. തയ്ച്ചു കഴിഞ്ഞ കുപ്പായങ്ങൾ അബൂദബിയിലെ വീട്ടിലെത്തിക്കും. ദുബൈയിൽ കുടുംബത്തെ ഒപ്പം നിർത്താൻ വാടകക്ക് ഫ്ലാറ്റും യൂസുഫലി എടുത്ത് നൽകിയിരുന്നു.
ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തെ 12 വർഷത്തോളം ഒപ്പം കൂട്ടാൻ സാധിച്ചതിലുള്ള ആശ്വാസവും മുരളീധരൻ പങ്കുവെക്കുന്നു. മകളും ഭർത്താവും ഇപ്പോൾ നാട്ടിലാണ്. മകനും കുടുംബവും ദുബൈയിലുണ്ട്. ജയന്തിയാണ് സഹധർമിണി. പ്രവാസം അവസാനിപ്പിച്ചെങ്കിലും നാട്ടിൽ പുതിയ ടൈലയ്റിങ് ഷോപ്പ് തുടങ്ങണമെന്നാണ് ആഗ്രഹം.
യൂസുഫലിയുടെ വസ്ത്രങ്ങൾ തയ്ക്കുന്ന ജോലി തന്നെ അവിടെയും തുടരണമെന്നാണ് നിർദേശം. അതിനായി വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്യാമെന്ന് യൂസുഫലി അറിയിച്ചതായി മുരളീധരൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.


