കെട്ടിവെക്കാനുള്ള പണം നൽകി ഉമ്മ
text_fieldsഇസ്ഹാഖിനും അയ്യൂബിനും കെട്ടിവെക്കാനുള്ള തുക ഉമ്മ ഇമ്പിച്ചി ആയിഷ നൽകുന്നു
കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ മുഖാമുഖം മത്സരിക്കുന്ന മക്കൾക്ക് കെട്ടിവെക്കാനുള്ള പണം നൽകിയത് ഉമ്മ. പഞ്ചായത്തിലെ രണ്ടാം വാർഡായ ചെറ്റക്കടവിൽ യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും സ്ഥാനാർഥികളായാണ് പൂക്കോട് ഇമ്പിച്ചി ആയിഷയുടെ മക്കൾ മത്സരിക്കുന്നത്.
ജ്യേഷ്ഠൻ ഇസ്ഹാഖ് യു.ഡി.എഫിനും അയ്യൂബ് എൽ.ഡി.എഫിനും വേണ്ടി ജനവിധി തേടുന്നു. കുടുംബ ബന്ധങ്ങൾക്കപ്പുറം രാഷ്ട്രീയ നിലപാടുകൾക്ക് പ്രാധാന്യം നൽകുന്ന ഈ പോരാട്ടം വാർഡിലെ വോട്ടർമാർക്ക് കൗതുകവും ആശയക്കുഴപ്പവും നൽകുന്നുണ്ട്.
മത്സരിക്കുന്നത് പ്രിയപ്പെട്ട മക്കളാണ്. ആരുടെ പക്ഷത്തും നിൽക്കാനാവില്ല. ഉമ്മാക്ക് മക്കൾ ഒരുപോലെയാണ്. അതുകൊണ്ടുതന്നെ ഇരുവർക്കും കെട്ടിവെക്കാനുള്ള പണം നൽകിയത് ഉമ്മ തന്നെയാണ്. കഴിഞ്ഞതവണ ഒന്നാം വാർഡിൽ മത്സരിച്ച് വിജയിച്ചത് ഇസ്ഹാഖിന്റെ ഭാര്യ റസീന പൂക്കോട് ആയിരുന്നു. കിഴക്കോത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കൂടിയായ ഇസ്ഹാഖ് പാർട്ടിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് സ്ഥാനാർഥിയായത്. രണ്ടു പാർട്ടികളിൽ പ്രവർത്തിക്കുന്നത് കുടുംബ ബന്ധങ്ങൾക്ക് ഒരുതരത്തിലും പോറലേൽപിക്കില്ലെന്നാണ് ഇരുവരും പറയുന്നത്.
തെരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും കുടുംബത്തിൽനിന്ന് ഒരു പഞ്ചായത്ത് മെംബർ ഇത്തവണയും ഉണ്ടാകുമെന്ന സന്തോഷത്തിലാണ് ഉമ്മ ഇമ്പിച്ചി ആയിഷ. ഇസ്ഹാഖ് കുന്ദമംഗലം എ.യു.പി സ്കൂളിലെ റിട്ട. അധ്യാപകനാണ്. പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ സെക്ഷൻ അസി. എൻജിനീയറായാണ് അയ്യൂബ് വിരമിച്ചത്. ഇസ്ഹാഖിനും അയ്യൂബിനും അഞ്ചു സഹോദരിമാരാണുള്ളത്.


