കുട്ടികളുടെ സ്വന്തം ഷാർജ
text_fieldsകുട്ടികളാണ് നാളെയുടെ സമ്പത്തെന്നും അവരുടെ മനസ്സുകൾ അറിവിന്റെ കേദാരങ്ങളാക്കണമെന്നും നിരന്തരം ഓർമപ്പെടുത്തുന്നതിൽ എന്നും മുന്നിലാണ് ഷാർജ. കുട്ടികൾക്ക് മാത്രമായി നിരവധി ആഘോഷങ്ങളാണ് ഷാർജ കലണ്ടറിൽ മാറ്റിവെച്ചിട്ടുള്ളത്. ഇതിൽ ഏറെ പ്രധാനപ്പെട്ടതും ലോകം വിസ്മയത്തോടെ കാണുന്നതുമാണ് കുട്ടികളുടെ വായനോത്സവം. ഏപ്രിൽ മാസത്തിൽ 11 ദിവസങ്ങളിലായി നടക്കാനിരിക്കുന്ന വായനോത്സവത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ് അൽതാവൂനിലെ എക്സ്പോ സെന്ററിൽ.
കുട്ടികളിൽ ചിന്തകൾ വളർത്തിയെടുക്കുവാനും അവരെ വായനയുടെ വിശാലമായ ലോകത്തിലേക്ക് കൈപ്പിടിച്ച് കൊണ്ടുപോകാനുമായിട്ടാണ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി വായനോത്സവത്തിന് തുടക്കം കുറിച്ചത്. ലോകത്തെ ആകമാനം വായിക്കുവാനും എഴുത്തുകാരുമായി സംവദിക്കുവാനുമുള്ള അസുലഭ അവസരമാണ് ഷാർജ ഒരുക്കുന്നത്.
കുട്ടികളുടെ പാർക്ക്
വായന ഒരു കുട്ടിയെ പ്രകൃതിയുമായി വളരെ വേഗത്തിൽ കൂട്ടിയിണക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ചലിക്കുന്ന അക്ഷരങ്ങളാണ് പ്രകൃതി എന്നത് അതിശയോക്തിയുമല്ല. ഇത്തരത്തിലുള്ള ജൈവീകമായ ബന്ധത്തിലേക്ക് കുട്ടികളെ കൂട്ടികൊണ്ടുപോകാനും അവരെ ചേർത്തു നിറുത്തുവാനുമായിട്ടാണ് ഷാർജയിൽ കുട്ടികളുടെ ഫാം ആരംഭിച്ചത്. ഗ്രാമീണമായ ചുറ്റുപ്പാടുകൾ നഷ്ട്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന കുട്ടികൾക്ക് അത് തിരിച്ചു കൊടുക്കുകയെന്ന പ്രാർഥനയാണ് ഈ ഫാം. തന്റെ മാതാപിതാക്കളിൽ നിന്ന് കേട്ടറിഞ്ഞതും പുസ്തകങ്ങളിൽ നിന്ന് വായിച്ചറിഞ്ഞതുമായ പ്രകൃതിയും ജീവജാലങ്ങളും കേവലം ഭാവനയല്ല എന്ന തിരിച്ചറിവാണ് ഈ ഫാം നൽകുന്നത്.
അതുക്കൊണ്ടുതന്നെയാണ് വിട്ടുമുറ്റത്തെ കോഴി മുതൽ, മലമുകളിലെ ആട്, അരുവിയിലെ അരയന്നം, കാട്ടിലെ കഴുത, തൊഴുത്തിലെ പശു, കൂട്ടിലെ തത്ത, കൊമ്പത്തെ കുയിൽ, തോട്ടത്തിലെ താറാവ്, വള്ളിപ്പടർപ്പിലെ കുരുവി തുടങ്ങിയ തീർത്തും ഗ്രാമീണമായ ഒരു ആവാസ വ്യവസ്ഥയിലൂടെ ഷാർജ കുട്ടികളോട് കഥയും അതിലെ കാര്യവും പറയുന്നത്. കേട്ടതല്ല സത്യമെന്നും കണ്ടതാണ് സത്യമെന്നും കുട്ടികളുടെ മനസ്സിൽ ഉറപ്പിച്ച് നാവുകൊണ്ട് വെടിപ്പാക്കി പറയിപ്പിക്കുന്ന തീർത്തും ക്രിയാത്മകമായ പാഠങ്ങളാണ് ഷാർജ ഈ ഫാമുക്കൊണ്ട് സഫലമാക്കുന്നത്. ഷാർജയിലെ ശൈഖ് സായിദ് റോഡിലാണ് കുട്ടികളുടെ സ്വന്തം ഫാം പ്രവർത്തിക്കുന്നത്.
കുട്ടികളുമായി പോകുന്ന രക്ഷിതാക്കൾ, അവരുടെ കാഴ്ച്ചപ്പാടിലൂടെ ഇതിനെ കാണാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇത് മുതിർന്നവർക്കായി തീർത്തതല്ല എന്ന തിരിച്ചറിവോടെ വേണം കുട്ടികളുമായി പോകാൻ. ചുവരുകൾക്കുള്ളിലും സ്കൂൾ ബസിലും മാത്രം ഒതുങ്ങി പോകേണ്ടതല്ല കുട്ടിത്തം എന്നും അവരെ പ്രകൃതിയുടെ സൗന്ദര്യത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന് മനസ്സിൽ അണക്കെട്ടി കിടക്കുന്ന ഒറ്റപ്പെടലിനെ തുറന്നുവിടാനുള്ള തിരിച്ചറിവ് രക്ഷിതാക്കളിൽ ഉണ്ടാവണം. കുട്ടികളെ പൂമ്പാറ്റകളാക്കി മാറ്റാനായിട്ടാണ് അൽ മജാസിൽ ചിത്രശലഭങ്ങളുടെ ഉദ്യാനം ആരംഭിച്ചത്. ലോകത്ത് നിന്ന് വേരറ്റുപ്പോയി കൊണ്ടിരിക്കുന്ന പൂമ്പാറ്റകൾ ഷാർജയിൽ പാറി പറക്കുന്നത് കാണാം. നാളെയും ഞങ്ങളുണ്ടാകുമെന്നതിന് തെളിവായി ഇലകളുടെ മറവിൽ പ്യൂപ്പകൾ ചിരിക്കുന്നു. പൂമ്പാറ്റകൾക്ക് ഉണ്ണാനായി പൂന്തേനുമായി പൂക്കൾ ചിരിക്കുന്നു.
നിലാവിന്റെ മുറ്റം നിറയെ നിശാശലഭങ്ങൾ പാറിപ്പറക്കുന്നു. നിശാശലഭങ്ങളെ സാധാരണ രാത്രികാലങ്ങളിലാണ് കാണാറുള്ളത് ചിത്രശലഭങ്ങളെ പകലും. നിശാശലഭങ്ങളുടെ സ്പർശിനികളിലും ശരീരത്തിലും സൂക്ഷ്മങ്ങളായ രോമങ്ങൾ ഉണ്ടാകും. എന്നാൽ ചിത്രശലഭങ്ങളിൽ അങ്ങനെ തന്നെ രോമങ്ങൾ ഉണ്ടാകാറില്ല. നിശാശലഭങ്ങൾ സ്പർശകങ്ങൾ തറക്ക് സമാന്തരമായി പിടിക്കുമ്പോൾ ചിത്രശലഭങ്ങൾ അവ കുത്തനെ പിടിക്കുന്നു.
നിശാശലഭങ്ങൾ എവിടെയെങ്കിലും ഇരിക്കുമ്പോൾ ചിറകുവിടർത്തിയിരിക്കുന്നു. ചിത്രശലഭങ്ങളാകട്ടെ ചിറകുകൾ മുകളിലേയ്ക്ക് കൂട്ടിവെക്കുന്നു എന്ന പാഠം ഈ ഉദ്യാനത്തിൽ വന്നാൽ വിരൽ തൊട്ടു വായിക്കാം. വായനയിൽ നിന്ന് ഗ്രാമീണതയിലേക്കും അവിടെ നിന്ന് പൂന്തോട്ടത്തിലേക്കും നയിക്കുന്ന ഒരു ഗുരുനാഥനാണ് ഷാർജ. 17 മ്യൂസിയങ്ങളാണ് ഷാർജയിലുള്ളത്. ഓരോ മ്യൂസിയവും ഒരോ സർവകലാശാലകളാണ്. നിരവധി ബീച്ചുകളും ഷാർജയിലുണ്ട്. ഓരോ ബീച്ചിലും പൌരാണികതയുടെ ചരിത്രങ്ങൾ രേഖപ്പെട്ടുകിടക്കുന്നു.