‘നല്ല ആത്മവിശ്വാസത്തിൽ അങ്ങ് കാച്ചിയേക്കണം, മടിച്ചു നിക്കാതെ’; കുട്ടികളിലെ ആത്മവിശ്വാസക്കുറവിനെ കുറിച്ച് ഡോ. അദീല അബ്ദുല്ല
text_fieldsഡോ. അദീല അബ്ദുല്ല ഐ.എ.എസ്
കോഴിക്കോട്: കുട്ടികളിലെ ആത്മവിശ്വാസക്കുറവിനെ കുറിച്ചും അത് പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ചും ഫേസ്ബുക്ക് കുറിപ്പുമായി ഡോ. അദീല അബ്ദുല്ല ഐ.എ.എസ്. മലയാളി കുട്ടികൾ പല സ്ഥലങ്ങളിലും എത്തിപ്പെടുന്നുണ്ടെങ്കിലും ആത്മവിശ്വാസത്തിന്റെ കാര്യത്തിൽ തീരെ പുറകിലാണെന്ന് തോന്നാറുണ്ടെന്ന് അദീല അബ്ദുല്ല ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
കുട്ടികൾ നല്ല അറിവുളളവരും പൊതുബോധമുള്ളവരാകുമ്പോഴും മറ്റു പല സ്ഥലങ്ങളിൽ എത്തുമ്പോൾ നല്ല കമ്യൂണിക്കേഷൻ സ്കില്ലും ആത്മവിശ്വാസവും ഇല്ലാത്തതിന്റെ പേരിൽ പിന്നോട്ട് പോകുന്നത് മസ്സൂറി മുതൽ എല്ലാ സ്ഥലങ്ങളിലും കണ്ടിട്ടുണ്ട്. എഴുത്തുകാരനും ലൈഫ് കോച്ചുമായ ഡെയിൽ കാർനഗിയുടെ ജീവിതവും അദ്ദേഹം എഴുതിയ പുസ്തകങ്ങളുടെ ഉദ്ധരണികളും ചൂണ്ടിക്കാട്ടിയാണ് ആത്മവിശ്വാസത്തെ കുറിച്ച് അദീല വിവരിക്കുന്നത്.
ആദില അബ്ദുല്ലയുടെ ഫേസ്ബുക്ക് പോസ്റ്റ്
"നമ്മുടെ ഏറ്റവും അടുത്ത ആൾ മരിച്ചു കിടക്കുമ്പോഴും, നമുക്ക് വരുന്ന ചെറിയ തലവേദനയാകും പ്രിയപ്പെട്ടയാളുടെ മരണത്തേക്കാൾ നമ്മെ അലട്ടുന്ന വലിയ പ്രശ്നം "എന്ന് പറഞ്ഞത്, Dale Carnegie എന്ന എഴുത്തുകാരനും ലൈഫ് കോച്ചുമാണ്.
Carnegie പരാജയപ്പെട്ട ഒരു സെയിൽസ്മാൻ ആയിരുന്നു. അവിടെ നിന്നും അമേരിക്കയിലെ ഏറ്റവും വലിയ കമ്പനി നേതാക്കളെയും ഭരണാധികാരികളെയും കോച്ച് ചെയ്യുന്ന ഒരു വിജയി ആയി അദ്ദേഹം മാറിയ കഥ കാർനഗിയുടെ പുസ്തകങ്ങളിലെല്ലാം വിവരിക്കുന്നുണ്ട്.
റെയിൽവേ സ്റ്റേഷനുകളിലും എയർപോർട്ടിലും വരെ ഉള്ള എല്ലാ ബുക്ക് സ്റ്റാളുകളിലും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ലഭിക്കാനുണ്ട്. ഞാനത് കൈക്കലാക്കിയത് വടകര റെയിൽവേ സ്റ്റേഷനിൽ ഉള്ള ഹിഗ്ഗിൻ ബോതംസിൽ നിന്നാണ്; ഒരുപാട് വർഷങ്ങൾക്ക് മുമ്പ്. ഇന്ന് വടകര സ്റ്റേഷനിലെ ആ പുസ്തകക്കട ഒരു ചായക്കടയായി പരിണമിച്ചു കഴിഞ്ഞു.
ഡെയിൽ കാർനഗിയുടെ ഈ ഉദ്ധരണി ഞാൻ ഇവിടെ പറയാൻ കാരണം ആത്മവിശ്വാസത്തെക്കുറിച്ച് പറയാനാണ്. നമ്മളുടെ മലയാളി കുട്ടികൾ പല സ്ഥലങ്ങളിലും എത്തിപ്പെടുന്നുണ്ടെങ്കിലും ആത്മവിശ്വാസത്തിന്റെ കാര്യത്തിൽ തീരെ പുറകിലാണെന്നു എനിക്കു തോന്നാറുണ്ട്.
നമ്മളുടെ കുട്ടികൾ നല്ല അറിവുളളവരും, പൊതുബോധമുള്ളവരാകുമ്പോഴും മറ്റു പല സ്ഥലങ്ങളിൽ എത്തുമ്പോൾ നല്ല കമ്മ്യൂണിക്കേഷൻ സ്കില്ലും ആത്മവിശ്വാസവും ഇല്ലാത്തതിന്റെ പേരിൽ പിന്നോട്ട് പോകുന്നത് ഞാൻ അങ്ങ് മുസ്സൂറി തൊട്ടു എല്ലാ സ്ഥലങ്ങളിലും കണ്ടിട്ടുണ്ട്.
ആത്മവിശ്വാസം കുറയാൻ എന്താണ് കാരണം. രണ്ട് കാരണങ്ങളാണ്:
1. മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന ഭയം
2. നമ്മൾ പറയുന്നത് തെറ്റാണോ എന്ന ചിന്ത
ആദ്യത്തെ കാര്യത്തിനാണ് ഡെയ്ൽ കാർനഗി പറഞ്ഞത് ഓർക്കേണ്ടത്. മറ്റുള്ളവർ നമ്മെപ്പറ്റിയാണ് ചിന്തിക്കുന്നതെന്ന് ആര് പറഞ്ഞു. അവർ അവരെ പറ്റിയാണ് കൂടുതലും ചിന്തിക്കുന്നത്. എന്തിനേറെ, സ്വന്തം കുട്ടികളും നമ്മളുമുള്ള ഫോട്ടോ നോക്കുമ്പോഴും നമ്മൾ ആദ്യം നമ്മളെ അല്ലേ ശ്രദ്ധിക്കുന്നത്? മറ്റുള്ളവർ അവർക്കറിയുന്നതാണ് നമ്മളെ പറ്റി പറയുന്നത്; അല്ലാതെ പരമമായ സത്യമല്ല. നമ്മളും മറ്റുള്ളവരെ കുറിച്ച് അങ്ങനെ അല്ലേ പറയുന്നത് ?
എത്രയോ സെലിബ്രിറ്റികളെപ്പറ്റി നമ്മൾ വിടുവായത്തം പറയുന്നു. നമുക്കവരെക്കുറിച്ച് നേരിട്ട് ഒന്നും അറിയാതെ തന്നെ. ഡയാന രാജകുമാരി, മറഡോണ, മൈക്കൽ ജാക്സൺ... ഉദാഹരണങ്ങൾ എടുത്തു നോക്കിയേ. മറ്റുള്ളവരും നമ്മെപ്പറ്റി അത്രയെ കരുതുന്നുള്ളൂ. അവർ കൂടുതലും അവരെ കുറിച്ചാണ് ചിന്തിക്കുന്നത്. സോ, ആദ്യത്തെ ഭയം വിട്ടേക്ക്.
രണ്ടാമത്തേത്, പറഞ്ഞാൽ തെറ്റുമോ എന്ന ശങ്ക. തെറ്റിയാലല്ലേ ശരിയാക്കാൻ പറ്റു. ഒരു തെറ്റുണ്ടാക്കിയാൽ തല പോന്ന കേസൊന്നും അല്ലല്ലോ. പിന്നെന്താ....
ഇനി ആരെയെങ്കിലും കണ്ടു രണ്ട് വാക്ക് പറയാൻ വിളിച്ചാൽ, ഉറച്ച ഒരു ഹാൻഡ്ഷേക്ക്, പിന്നെ കണ്ണിൽ നോക്കി ഒറ്റ വർത്താനം. 'അച്ചുവിന്റെ അമ്മ'യിൽ ഉർവ്വശി പറഞ്ഞത് പോലെ “ PUT some mallippodi, mulakupodi, kariveppilla, then കടുകുവറ...കടുകുവറ" എന്നങ്ങ് കാച്ചിയേക്കണം. അത്രേ ഉള്ളൂ.
മനുഷ്യർ വലിയ ബോധത്തിലൊന്നുമല്ല നമ്മളെ വിമർശിക്കുന്നത്. അവർക്ക് അറിയുന്നത് പോലെ മാത്രമാണ്.
മരണ വീട്ടിൽ കുറച്ചു സമയം കഴിഞ്ഞാൽ ചിരിക്കാത്തവർ ഉണ്ടോ. ഇല്ലല്ലോ... അത്രയേ ഉള്ളൂ.
ഇറ്റ്സ് ആസ് സിമ്പിൾ ആസ് ദാറ്റ്.
അപ്പം നല്ല ആത്മവിശ്വാസത്തിൽ അടുത്ത പ്രാവശ്യം അങ്ങ് കാച്ചിയേക്കണം. സ്നേഹത്തോടെ, മടിച്ചു നിക്കാതെ....