വളരുമോ കുട്ടികൾ സ്ക്രീനില്ലാതെ?
text_fieldsഓൺലൈൻ ക്ലാസുകൾ മുതൽ ഫാമിലി വിഡിയോ വരെയുള്ള ഇന്നത്തെ കാലത്ത് സമ്പൂർണ സ്ക്രീൻ വിലക്ക് സാധ്യമല്ലെന്നും പകരം പ്രായത്തിന് അനുസരിച്ച് ഉപയോഗം കൃത്യമായി ക്രമീകരിക്കണമെന്നും വിദഗ്ധർ
വീടുകളിൽ സ്ക്രീനിന്റെ വെള്ളിവെളിച്ചത്തിൽ നിന്ന് രക്ഷപ്പെടുകയെന്നത് തീർത്തും അസാധ്യമായിരിക്കുന്നു. ഭക്ഷണസമയത്തെ കാർട്ടൂൺ, അമ്മ ഷോപ്പിങ് നടത്തുമ്പോൾ ടാബ്, ഉറങ്ങുന്നതിനു മുമ്പ് സ്ക്രോളിങ് എന്നിങ്ങനെ പോകുന്നു. അമിത സ്ക്രീൻ ടൈം കുട്ടികളുടെ ഉറക്കത്തെയും അറ്റൻഷൻ സമയത്തെയും ചുറ്റുമുള്ള ലോകത്തോടുള്ള ബന്ധത്തേയുമെല്ലാം ഏറെ ദോഷകരമായി ബാധിക്കുമെന്ന് എല്ലാ രക്ഷിതാക്കൾക്കും അറിയാം. എന്നാലും, കുട്ടികളുടെ കണ്ണീരും വാശിയും വിലപേശലുമെല്ലാം മറി കടന്ന് ഫോൺ വാങ്ങി വെക്കൽ പലപ്പോഴും നടക്കാറില്ല.
ശരീരത്തിനും പെരുമാറ്റത്തിനും മാറ്റം
നീണ്ടു നിൽക്കുന്ന സ്ക്രീൻ ടൈം കുട്ടികളിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പല തലങ്ങളിലാണ്. കായിക പ്രവർത്തനങ്ങൾ കുറയുന്നതും കണ്ണുകളിൽ സ്ഥിരം ക്ഷീണമുണ്ടാകുന്നതും ആദ്യ ലക്ഷണങ്ങളാണെന്ന് ബംഗളൂരു റെയിൻേബോ ഹോസ്പിറ്റലിലെ ശിശു-കൗമാര മാനസികാരോഗ്യ വിദഗ്ധ ഡോ.സൗമ്യശ്രീ മയൂർ കുക്കു പറയുന്നു. അർധരാത്രി വരെ നീളുന്ന ഗെയിമുകൾ അവരുടെ ജൈവ ഘടികാരത്തെ താളം തെറ്റിക്കുന്നതോടെ ഉറക്കപ്രശ്നങ്ങളും അമിതവണ്ണവും പോലുള്ള പ്രശ്നങ്ങൾ വളരെ നേരത്തെ പ്രത്യക്ഷപ്പെടും.
അപകടകരമായ പെരുമാറ്റം വരെ
കൗമാരക്കാരിൽ ഇന്റർനെറ്റ് അഡിക്ഷൻ എന്നത് തെളിയിക്കപ്പെട്ട ഡിസോഡറാണെന്ന് ഡോ. കാക്കു പറയുന്നു. രക്ഷിതാക്കളുടെ നിരീക്ഷണമില്ലാത്ത ഉപയോഗം അവരെ അപകടകരമായ അനുകരണങ്ങളിൽ എത്തിക്കാം. അപായമുണ്ടാക്കുന്ന സാഹസിക പ്രവർത്തികൾക്ക് അവർ മുതിരും. കുറച്ചുകൂടി മുതിർന്നാൽ ആധി, ഡിപ്രഷൻ, സൈബർ ബുള്ളിയിങ്, അപകടകരമായ ഉള്ളടക്കങ്ങളിൽ എത്തിപ്പെടൽ തുടങ്ങിയവയിലും എത്തിപ്പെടാം. അതേസമയം, എല്ലാ സ്ക്രീൻ സമയവും ദോഷകരമല്ലെന്നും വിദഗ്ധർ പറയുന്നു. ‘മാതാപിതാക്കളുടെ പങ്കാളിത്തത്തോടെ ഉപയോഗിക്കുന്ന വിദ്യാഭ്യാസ ആപ്പുകളും ഡോക്യുമെന്ററികളും കുട്ടികളുടെ കഴിവും കൗതുകവും വർധിപ്പിക്കും’ -ഡോ. വിവേക് ജെയ്ൻ (ഫോർട്ടിസ്) അഭിപ്രായപ്പെടുന്നു. അതേസമയം കർശന മാനദണ്ഡങ്ങൾക്ക് വിധേയമായി മാത്രമേ ഇത് അനുവദിക്കാവൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
* രണ്ട് വയസ്സിനു താഴെയുള്ളവർക്ക് വീഡിയോ കോൾ ഒഴികെ സ്ക്രീൻ അനുവദിക്കരുത്.
2-5 വയസുകാർക്ക് ദിവസം പരമാവധി ഒരു മണിക്കൂർ.
വലിയ കുട്ടികൾക്കും കൗമാരക്കാർക്കും 1-2 മണിക്കൂർ മാത്രം.
മധ്യമാർഗം മതി
ഓൺലൈൻ ക്ലാസുകൾ മുതൽ ഫാമിലി വിഡിയോ വരെയുള്ള ഇന്നത്തെ കാലത്ത് സമ്പൂർണ സ്ക്രീൻ വിലക്ക് സാധ്യമല്ലെന്നും ഡോ. കാക്കു പറയുന്നു.
അതിനാൽ പ്രായത്തിന് അനുസരിച്ച, കൃത്യമായി ക്രമീകരിച്ച ഉപയോഗം ഉറപ്പാക്കുകയാണ് വേണ്ടത്.
* വീട്ടിൽ ഗാഡ്ജറ്റ് രഹിത മേഖലകൾ നിശ്ചയിക്കുക, ഇതിൽ മാതാപിതാക്കൾ തന്നെ മാതൃക കാണിക്കണം.
* പാർക്ക്, ക്രിക്കറ്റ്, കൂട്ടുകാർ എന്നിവയിലൂടെ കുട്ടികളെ ബദൽ പ്രവർത്തനങ്ങളിൽ സജീവമാക്കുക.
ഇങ്ങനെ ചെയ്താൽ കുട്ടികൾക്ക് സാങ്കേതിക വിദ്യയുടെ ഗുണം സുരക്ഷിതമായി അനുഭവിക്കാനും സ്ക്രീൻ അഡിക്ഷനിൽ നിന്ന് വിട്ടുമാറാനും കഴിയും.


