നിനക്കൊരു ബുള്ളിയാകണോ?
text_fieldsസഹപാഠിയെ അടിച്ച മകനോട് സോറി പറയാൻ പ്രേരിപ്പിക്കുന്ന പിതാവിന്റെ വിഡിയോക്ക് വൻ പ്രശംസ; പാരന്റിങ്ങിന്റെ മനോഹര മാതൃകയെന്ന് സോഷ്യൽ മീഡിയ
കുട്ടികളെ ജീവിതപാഠങ്ങൾ പഠിപ്പിക്കാനും അവർക്ക് നല്ല മാതൃകകൾ സൃഷ്ടിക്കാനും സഹാനുഭൂതിയും ഉത്തരവാദിത്തവും ഉള്ളവരായി മാറ്റാനുമെല്ലാമാണ് പാരന്റിങ് പ്രാക്ടീസ് ചെയ്യാറുള്ളത്. ‘ക്ലാസ് റൂം ബുള്ളിയിങ്’ അഥവാ കൈയൂക്കിലൂടെയും അധിക്ഷേപത്തിലൂടെയും സഹപാഠികളെ ഒതുക്കുന്നത് എത്രമാത്രം മോശം പ്രവൃത്തിയാണെന്ന് ഒരു ഇന്ത്യൻ സി.ഇ.ഒ തന്റെ മകന് വ്യക്തമാക്കിക്കൊടുക്കുന്ന ഒരു വിഡിയോ പാരന്റിങ്ങിന്റെ മനോഹരമാതൃകയായി സൈബർ ലോകം കൊണ്ടാടുകയാണിന്ന്.
‘‘നിന്നെക്കുറിച്ച് എന്തു പരാതിയാണ് സ്കൂളിൽ ഉണ്ടായത് ?’ എന്ന്, ഒരു ഫിനാൻഷ്യൽ സേവന കമ്പനി സി.ഇ.ഒ ആയ അനൂജ് പോൾ, മകനോട് ചോദിക്കുന്നതിലൂടെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ തുടങ്ങുന്നത്. ‘‘ഞാൻ ഒരു കുട്ടിയെ അടിച്ചു’’ എന്നായിരുന്നു മകന്റെ മറുപടി. അപ്പോൾ പിതാവ്: ‘‘നിന്നോട് ഒന്നും പറയാനില്ലാത്ത ഒരാളെ അടിക്കാൻ എന്തിനായിരുന്നു നീ കൈ ഉയർത്തിയത് ?’’ അവളൊരു നല്ല കുട്ടിയല്ലേ, നീയെന്തിന് അവളെ അടിച്ചുവെന്നും അനൂജ് ചോദിക്കുന്നു. ‘‘നീയവളുടെ ഇറേസർ എടുത്തു. മറ്റുള്ളവരുടെ സാധനങ്ങൾ എടുക്കാൻ പാടില്ല. നിനക്ക് വേണമെങ്കിൽ ഒരു ഹീറോയുമാകാം, വില്ലനുമാകാം. നിനക്കാരാകണം ?’’ -അദ്ദേഹം തുടർന്നു.
‘‘ഹീറോ’’-മകന്റെ മറുപടി പെട്ടെന്നായിരുന്നു. ഇതോടെ, മകന്റെ പിഴവ് പിതാവ് വിശദീകരിക്കുന്നു: ‘‘മൂന്നോ നാലോ സഹപാഠികൾ നിന്നെ അടിക്കുകയാണെങ്കിൽ നിനക്കെന്തുമാത്രം വേദനിക്കും. ഇതിനെയാണ് ബുള്ളിയിങ് എന്നു പറയുന്നത്. അങ്ങനെ ചെയ്യുന്നവനെ എല്ലാവരും ‘ബുള്ളി’ എന്നു വിളിക്കും. നിനക്കൊരു ബുള്ളിയാണോ ആവേണ്ടത് ?’’
‘‘അല്ല...അല്ല’’-മകൻ പറഞ്ഞു.
മകൻ കാര്യങ്ങൾ മനസ്സിലാക്കിവരുന്നുവെന്ന് കണ്ടപ്പോൾ പിതാവ്, മാപ്പു പറയാൻ അവനെ പ്രോത്സാഹിപ്പിച്ചു. ‘‘ഇനി നീ പോയി അവളോട് മാപ്പു പറയൂ’’ -ഇത് മകൻ അംഗീകരിക്കുന്നതും സഹപാഠിയോട് മാപ്പു പറയുന്നതുമാണ് പിന്നീട് വിഡിയോയിലുള്ളത്.
വിഡിയോ കണ്ട ഒട്ടേറെ പേർ അനൂജിന്റെ സമീപനത്തെ പ്രശംസിക്കുന്നുണ്ട്. കോപമൊന്നും കാണിക്കാതെ ക്ഷമയോടെ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിക്കൊടുത്ത പിതാവ് മനോഹരമായ മാതൃകയെന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. തന്റെ പ്രവൃത്തികളെക്കുറിച്ച് സ്വയം ചിന്തിക്കാൻ മകനെ പ്രേരിപ്പിച്ച രീതിയേയും പലരും പ്രശംസിച്ചു.


