കുഞ്ഞുങ്ങളുടെ സ്വഭാവത്തിന്റെ ഉത്തരവാദിത്തം ആർക്ക്?
text_fieldsകുട്ടികൾ പലപ്പോഴും അച്ഛനെ ജോലി ചെയ്യുന്ന, പണമുണ്ടാക്കുന്ന, സമ്മാനങ്ങൾ വാങ്ങിത്തരുന്ന ഒരാളായി മാത്രമാണ് കാണുന്നത്. എന്നാല്‍, കുട്ടിയുടെ വളർച്ചയിൽ അച്ഛന്റെ സാന്നിധ്യത്തിന് വലിയ പ്രാധാന്യമുണ്ട്. അമ്മയുടെ സ്നേഹത്തോടൊപ്പം, അച്ഛൻ നൽകുന്ന ആത്മവിശ്വാസവും സുരക്ഷിതത്വവും സ്നേഹവും കുട്ടിയുടെ സ്വഭാവം പാകപ്പെടുന്നതിൽ നിർണായകമാണ്. ഇന്ന് പല വീടുകളിലും കുട്ടികളുടെ എല്ലാ കാര്യങ്ങളും അമ്മയുടെ ചുമതലയാണ്. പെരുമാറ്റം, പഠനം, ശീലങ്ങൾ എല്ലാം അമ്മ കൈകാര്യം ചെയ്യുമ്പോൾ അച്ഛൻ മാറിനിൽക്കുന്നതായി കാണാറുണ്ട്.
കുഞ്ഞിന്റെ വളർച്ചയുടെ തുടക്കത്തിൽ അമ്മയുടെ പങ്ക് തീർച്ചയായും വലുതാണ്. എന്നാല്‍, അച്ഛൻ നടത്തുന്ന ഇടപെടലുകൾ കുട്ടിയുടെ വ്യക്തിത്വ രൂപീകരണത്തിന് പ്രധാനമാണ്. കുട്ടിയോടൊപ്പം കളിക്കുമ്പോഴും, സംസാരിക്കുമ്പോഴും, അച്ഛൻ നൽകുന്ന ശ്രദ്ധ, സ്നേഹം എന്നിവ കുഞ്ഞിന്റെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു. പെൺകുട്ടികളുടെ ജീവിതത്തിലും അച്ഛൻ ഉണ്ടാക്കുന്ന സ്വാധീനം ചെറുതൊന്നുമല്ല. അച്ഛൻ നല്കുന്ന സ്നേഹവും കരുതലും അവളിൽ ആത്മവിശ്വാസം വളർത്തിയെടുക്കും. ചെറുതായി തോന്നുന്ന ചില കാര്യങ്ങൾ -കഥപറയൽ, ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കൽ, സംശയങ്ങൾക്ക് ശ്രദ്ധകൊടുക്കൽ, തമാശ പങ്കുവെക്കൽ ഇവയൊക്കെയാണ് കുട്ടിയുടെ മനസ്സിൽ ആത്മാർഥമായ ബന്ധം വളർത്തുന്നത്. അച്ഛൻ കുട്ടിയോട് സംസാരിക്കുകയും ചേർന്ന് ഇരിക്കുകയും ചെയ്യുമ്പോൾ, കുട്ടിക്ക് ‘ഞാൻ സുരക്ഷിതനാണ്’ എന്ന കരുത്തുള്ള ഒരു വിശ്വാസം വളരുന്നു. അങ്ങനെയാണ് കുഞ്ഞ് ഭാവിയിൽ ലോകത്തെ ആത്മവിശ്വാസത്തോടെ നേരിടുക. സ്നേഹം പുറത്തു കാണിക്കാത്ത അച്ഛൻ എന്ന സങ്കല്പം ഇന്നത്തെ തലമുറയ്ക്ക് ഒട്ടും സ്വീകാര്യമല്ല എന്നു കൂടി ഓർക്കണം. പേരന്റ് ആവുക എന്നതിലല്ല, പേരെന്റിങ്ങിൽ സജീവ പങ്കാളിത്തം വഹിക്കുക എന്നതിലാണ് കാര്യം, അമ്മ മാത്രമല്ല, അച്ഛനും.
മാധ്യമം എജുകഫേയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് പേരന്റിങ് -സൈക്കോളജിക്കൽ കൗൺസലിങ് സംബന്ധമായി ബിക്കമിങ് വെൽനെസിനെ സമീപിക്കാം. ഉടൻ രജിസ്റ്റർ ചെയ്യൂ... മാധ്യമം എജുകഫേ www.myeducafe.com
For Contact Becoming Wellness: 70343 16777