ദേ മാവേലി
text_fieldsപത്മകുമാർ
നാട്ടിൻപുറമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ ഓണക്കാലത്തെ കാഴ്ചയാണ് മാവേലി വേഷം കെട്ടുന്നവർ. രാജകീയവേഷമണിഞ്ഞ് ഓലക്കുട ചൂടി കുടവയറും കാട്ടി ചിരിച്ച് വരുന്ന മാവേലി മലയാളിയുടെ ഓണാഘോഷത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. വസ്ത്രവ്യാപാരസ്ഥാപനങ്ങൾ, ജ്വല്ലറികൾ തുടങ്ങി പല കടകളിലും സന്ദർശകരെ സ്വീകരിക്കാൻ മാവേലിയുണ്ടാകും. അത്തച്ചമയമടക്കം ഘോഷയാത്രകളിലും നിറസാന്നിധ്യമാണ് മാവേലി.
സംഗതി, മാവേലിയെ കണ്ടാൽതന്നെ നിറക്കാഴ്ചകളാണ് മനസ്സിൽ തെളിയുക. അത്രയേറെ വേഷഭൂഷാദികൾ അണിഞ്ഞ് കിരീടവും കുടയും ചൂടിയാണ് നിൽപ്പ്. എന്നാൽ, കിരീടവും വസ്ത്രവുമണിഞ്ഞ് ഓലക്കുടയും ചൂടി മണിക്കൂറുകളോളം നിൽക്കുക എന്നത് അത്ര ചെറിയ കാര്യമല്ലെന്ന് കഴിഞ്ഞ 33 വർഷമായി ഓണക്കാലത്ത് മാവേലി വേഷം കെട്ടുന്ന തൃപ്പൂണിത്തുറക്കാരൻ പത്മകുമാർ പാഴൂർമഠം പറയുന്നു. 13 വർഷമായി മുടങ്ങാതെ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക് മുന്നിൽ തലയെടുപ്പോടെ മാവേലി വേഷമണിഞ്ഞ് കൊടിക്കൂറ കൊണ്ടുവരുന്നത് പത്മകുമാർ എന്ന നാട്ടുകാരുടെ സ്വന്തം പപ്പേട്ടനാണ്.
മനം നിറയെ മാവേലി
പത്ര-ചാനൽ പരസ്യങ്ങളിലും കോമഡി സ്കിറ്റിലുമെല്ലാം നിറഞ്ഞുനിൽക്കുന്നതും നാട്ടിൽ മിക്കവരും വേഷംകെട്ടുന്നതുമായ മാവേലിയോട് ഒട്ടും യോജിപ്പില്ല പത്മകുമാറിന്. അതുകൊണ്ടുതന്നെ പത്മകുമാറിന്റെ മാവേലിയെ കുടവയറെല്ലാം കുലുക്കി കളിക്കുന്ന ഹാസ്യതാരമായി കാണാനാകില്ല. തൃപ്പൂണിത്തുറ അത്തച്ചമയാഘോഷത്തിനായി രണ്ടുദിവസമാണ് പത്മകുമാർ മാവേലി വേഷം കെട്ടുക. ചിങ്ങമാസത്തിലെ അത്തം നാളിൽ നടക്കുന്ന ആഘോഷത്തിന്റെ തലേദിവസം ഉച്ച ഒരുമണിക്ക് മേക്കപ്പ് ഇടാനായി ഇരിക്കും.
രണ്ടര മണിക്കൂർ സമയമെടുത്താണ് മേക്കപ്പ് ഇടുക. ഗോവിന്ദരാജ്, സജീവൻ എന്നിവരാണ് മേക്കപ്പ് ആർട്ടിസ്റ്റുമാർ. നാലുമണിക്ക് ആഘോഷത്തിന്റെ ഭാഗമായ കൊടിക്കൂറ കൊണ്ടുവരാനായി പോകണം. രാത്രി എട്ടരയോടെയാണ് തിരിച്ചെത്താനാവുക. മേക്കപ്പ് എല്ലാം മാറ്റി ഭക്ഷണം കഴിഞ്ഞ് കിടക്കുമ്പോഴേക്കും അർധരാത്രിയാകും. അടുത്ത ദിവസത്തെ ആഘോഷത്തിനായി രാവിലെ എട്ടിന് മൈതാനത്ത് എത്തണം.
പത്മകുമാർ
അതുകൊണ്ടുതന്നെ പുലർച്ച നാലരക്ക് വീണ്ടും രണ്ടര മണിക്കൂർ നീണ്ട മേക്കപ്പ് ഇടാൻ നിൽക്കണം. ഈ ദിവസങ്ങളിൽ മൂന്നോ നാലോ മണിക്കൂർ മാത്രമാണ് ഉറക്കം. വീണ്ടും ആഘോഷച്ചടങ്ങുകൾ കഴിയുമ്പോൾ മണിക്കൂറുകൾ പിന്നിടും. കാഴ്ചയിൽ നമുക്കെല്ലാം മാവേലി ചിരിച്ചുകൊണ്ട് കൈവീശി അനുഗ്രഹിച്ച് നിൽക്കുന്ന ഒരാൾ മാത്രമാണെങ്കിൽ അതിനുപിന്നിൽ ഈ മേക്കപ്പിനായി ഇരുന്നുകൊടുക്കുന്ന മണിക്കൂറുകളുടെ മാത്രം കഷ്ടപ്പാടല്ല ഉള്ളത്. വേഷഭൂഷാദികൾ എല്ലാം ചേർന്ന് അഞ്ച് കിലോയോളം ഭാരം താങ്ങിയാണ് ഈ സമയമത്രയും നിൽക്കേണ്ടത്.
പത്മകുമാർ തലയിൽ ചൂടുന്ന പിച്ചളത്തിൽ നിർമിച്ച കിരീടത്തിന് മാത്രമുണ്ട് രണ്ട് കിലോയോളം ഭാരം. രണ്ട് കിലോയോളം വരും പിച്ചളയിൽ തീർത്ത കുടക്ക്. വേഷമണിഞ്ഞ് കഴിഞ്ഞാൽ പിന്നീട് ഭക്ഷണം പോയിട്ട് വെള്ളം പോലും കുടിക്കാൻ സാധിക്കില്ല. കനത്ത ചൂടും വിശപ്പും സഹിച്ച് പരിപാടി കഴിഞ്ഞ് സ്റ്റേജിൽ തിരിച്ചെത്തിയാലും ആശ്വസിക്കാൻ വകയില്ല.
പിന്നീട് ഒന്നര മണിക്കൂർ നീണ്ട സെൽഫി ഫോട്ടോ പിടിത്തത്തിന് നിന്നുകൊടുക്കണം-ചിരിച്ചുകൊണ്ട് പത്മകുമാർ പറയുന്നു. ചിലരാകട്ടെ വെള്ളമടിച്ച് പ്രശ്നമുണ്ടാക്കാനും വരും. മാവേലിയല്ലേ....നമുക്ക് എതിർക്കാൻ പറ്റുമോ. മണിക്കൂറുകളോളം നടപ്പും നിൽപ്പുമാണെങ്കിലും ആളുകളുടെ സ്നേഹവും കൗതുകവും കാണുമ്പോൾ അതൊക്കെ മറക്കും. മാത്രമല്ല, ഞാൻ ഇതൊക്കെ ആസ്വദിക്കുന്നതിനാലും മാവേലിയോട് അത്രയേറെ ആരാധനയുള്ളതിനാലും വിഷമങ്ങൾ എല്ലാം ഉള്ളിലൊതുക്കും.
മാവേലിയെ വിറ്റുകാശാക്കില്ല
തൃപ്പൂണിത്തുറ തെക്കുംഭാഗം സഹൃദയ വേദി നാട്ടരങ്ങിനുവേണ്ടി 39 വർഷം മുമ്പ് മാവേലി വേഷം കെട്ടിത്തുടങ്ങിയതാണ് പത്മകുമാർ. കോളജ് കാലം കഴിഞ്ഞ് 20ാം വയസ്സിൽ അണിഞ്ഞ വേഷവുമായി ഈ 57ാം വയസ്സിലും നാട്ടരങ്ങിനുവേണ്ടി അനുഗ്രഹം ചൊരിയാനായി വാദ്യഘോഷാദികൾക്കൊപ്പം നൂറിലധികം വീടുകളിലാണ് ഓരോ വർഷവും കയറിയിറങ്ങുന്നത്. രാവിലെ തുടങ്ങിയാൽ രാത്രി വൈകിയാണ് ഈ ചടങ്ങ് അവസാനിക്കുക.
അതുവരെയും ഈ വേഷമണിഞ്ഞ് കുടചൂടി നടക്കും. ഇടക്ക് ഉച്ചഭക്ഷണത്തിനായി ഒരു വീട്ടിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ആദ്യമായി വേഷമണിഞ്ഞപ്പോൾ സ്വന്തം സഹോദരനുപോലും കണ്ടിട്ട് മനസ്സിലാകാത്തതിനാലും നിനക്ക് ഈ വേഷം നന്നായി യോജിക്കുന്നുണ്ട് എന്ന് സുഹൃത്തുക്കൾ പ്രോത്സാഹിപ്പിച്ചതിനാലും മാവേലിയെ നെഞ്ചോടുചേർത്തു. പിന്നീട് എല്ലാ വർഷവും ഇത് തുടർന്നു. പല പരിപാടികളിലും മാവേലിയായി ക്ഷണിക്കാൻ തുടങ്ങി.
എന്നാൽ, പരസ്യക്കാർക്ക് വേണ്ടിയോ കടക്കാർക്ക് വേണ്ടിയോ താൻ മാവേലിയെ വിറ്റ് കാശാക്കാൻ നോക്കിയിട്ടില്ല എന്ന് പത്മകുമാർ പറയുന്നു. സർക്കാർ പരിപാടികളിലും വിവിധ സന്നദ്ധ സംഘടനകളുടെയും അസോസിയേഷനുകളുടെയും ആഘോഷങ്ങൾക്കുമായല്ലാതെ മാവേലി വേഷം കെട്ടാൻ നിൽക്കാറില്ല. ഓരോ വർഷവും 30ഓളം പരിപാടികൾക്കാണ് ബുക്കിങ് വരാറ്. പക്ഷേ 15 എണ്ണമേ സ്വീകരിക്കാറുള്ളൂ.
14 വർഷം മുമ്പ് നഗരസഭ കൗൺസിലറായിരുന്ന ശശി വെള്ളക്കാട്ടാണ് തൃപ്പൂണിത്തുറ അത്തച്ചമയത്തിലേക്ക് തന്നെ കൊണ്ടുവരുന്നത്. അതോടെ മഹാബലിയെ കൂടുതൽ മികവുറ്റതാക്കാൻ ഓരോ വർഷവും ശ്രമിക്കും. മന്ത്രിമാരും അഭിനേതാക്കളും അടക്കം ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ചടങ്ങിൽ മാവേലിക്ക് ഒരു കുറവും വരാതിരിക്കാൻ അങ്ങേയറ്റം ശ്രദ്ധിക്കും.
എന്ത് കിട്ടും!
സീസണായാൽ നല്ല കാശ് കിട്ടില്ലേ, പിന്നെന്താ മാവേലി വേഷം കെട്ടി അഞ്ചാറ് മണിക്കൂർ നിന്നാൽ എന്നാണ് നിങ്ങളുടെ മനസ്സിൽ വരുന്നതെങ്കിൽ, പത്മകുമാറിന് ചിലത് പറയാനുണ്ട്. കഴിഞ്ഞ വർഷം മാവേലി വേഷം കെട്ടാൻ 42,000 രൂപയാണ് പത്മകുമാർ ചെലവാക്കിയത് എന്നുപറഞ്ഞാൽ ആശ്ചര്യപ്പെടുകയൊന്നും വേണ്ട. കിരീടം, വസ്ത്രം, ആഭരണങ്ങൾ, ഓലക്കുട, ചെരിപ്പ്, വിഗ്ഗ്, വണ്ടിവാടക, മുറി വാടക, മേക്കപ്പ് കാശ് തുടങ്ങിയവക്ക് പണം ഒരുപാട് ഇറക്കേണ്ടി വരും. കിരീടം, കൈവള തുടങ്ങിയ പിച്ചളയിൽ നിർമിച്ച ആഭരണങ്ങൾ ബംഗളൂരുവിൽ നിന്നാണ് പത്മകുമാർ വാങ്ങുന്നത്.
വേഷവിധാനങ്ങളും കുടയും ആഭരണങ്ങളുമെല്ലാം എല്ലാ വർഷവും വേറിട്ടതാക്കാൻ ശ്രമിക്കാറുണ്ട്. ചിലതെല്ലാം തുണികൾ മാറ്റിത്തയ്ച്ചും നിറംചേർത്തും മോടികൂട്ടും. വില കുറഞ്ഞവ മാർക്കറ്റിൽ കിട്ടുമെങ്കിലും അതൊന്നും പൂർണ തൃപ്തി നൽകാത്തതിനാൽ മികച്ചവ തന്നെയാണ് പത്മകുമാർ സ്വന്തമാക്കാറ്. ചെലവുകൾ ഓരോ വർഷവും കുതിക്കുമ്പോഴും ഇതിൽ നിന്ന് കിട്ടുന്ന തുക നഷ്ടമാണെന്ന് പത്മകുമാർ പറയുന്നു. താൻ ചെലവാക്കുന്നതിന്റെ നാലിലൊന്ന് പണം പോലും പലരും തരാറില്ല.
ലക്ഷക്കണക്കിന് രൂപയാണ് താൻ ഇതിനകം വേഷം കെട്ടാനായി ചെലവഴിച്ചത്. ഇതിനെല്ലാം പുറമേയാണ് മണിക്കൂറുകൾ നീണ്ട തന്റെ പ്രയത്നം. ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയുടെ കേരളത്തിലെ സെയിൽസ് ഹെഡായിരുന്ന ഞാൻ എന്തിന് ഇങ്ങനെ പണം കളയുന്നു എന്ന് ചോദിച്ചാൽ ഒരു ഉത്തരം മാത്രം. മാവേലിയോടുള്ള ഇഷ്ടം.... കോവിഡ് കാലത്തും വയനാട് ദുരന്തത്തിൽ സുഹൃത്തിന്റെ കുടുംബം മരിച്ചതിനാലും രണ്ട് വർഷമൊഴികെ മാവേലി വേഷം കെട്ടിയ പത്മകുമാർ അത് ഇനിയും തുടരും. മാവേലിയും മലയാളിയും ഓണവും നിലയ്ക്കുന്നില്ലല്ലോ...
പിണറായിയും മാവേലിയും
മാവേലിയായി 33 വർഷമായി വേഷമിടുന്നതിനാൽ പല പ്രമുഖരുമായും അടുത്ത ബന്ധമുണ്ട് പത്മകുമാറിന്. അക്കൂട്ടത്തിൽ മറക്കാനാവാത്ത അനുഭവമുള്ളത് മുഖ്യമന്ത്രി പിണറായി വിജയനുമായാണ്. 2016ൽ പിണറായി വിജയൻ ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ തൃപ്പൂണിത്തുറ അത്തച്ചമയാഘോഷത്തിൽ പങ്കെടുത്തതും പിന്നീട് ഏഴ് വർഷങ്ങൾക്കുശേഷം വന്നപ്പോഴും ആ സൗഹൃദം പുതുക്കിയതും ഇന്നും മായാതെ ഓർമയിലുണ്ട്. 2016ൽ അത്തച്ചമയാഘോഷത്തിന്റെ വേദിയിലേക്ക് ഞാനായിരുന്നു അദ്ദേഹത്തെ കൈപിടിച്ച് സ്വീകരിച്ചത്.
പത്മകുമാർ മുഖ്യമന്ത്രിക്കൊപ്പം അത്തച്ചമയ വേദിയിൽ
സ്റ്റേജിൽ ഉദ്ഘാടനത്തിന്റെ ഭാഗമായ വിളക്കുകൊളുത്തലിൽ എനിക്ക് വിളക്കുതെളിക്കാനായി കൂടുതൽ തിരിയിടാൻ അദ്ദേഹം നിർദേശിച്ചത് ശരിക്കും സന്തോഷം നൽകുന്ന അനുഭവമായി. മാത്രമല്ല, 2023ൽ സദസ്സിൽവെച്ച് നടൻ മമ്മൂട്ടിയോട്, ഇദ്ദേഹമാണ് നമ്മുടെ സ്ഥിരം മാവേലി എന്ന് പരിചയപ്പെടുത്തിയത് മറക്കാനാവില്ല. ഘോഷയാത്രക്ക് തുടക്കം കുറിക്കുമ്പോൾ എന്നോട് ‘‘താങ്കൾ മുന്നിൽ നടക്കൂ...താങ്കൾ അല്ലേ കൊടിമരത്തിലേക്ക് നയിക്കേണ്ടയാൾ’’ എന്നൊക്കെ പറഞ്ഞ് തീർത്തും സൗഹൃദമായുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റം നൽകിയ സന്തോഷം ഓരോ തവണ ഓണം അടുക്കുമ്പോഴും ഈ വേഷം കെട്ടാൻ ഊർജം നൽകുന്നുണ്ട്. പിന്നെ വീട്ടുകാരുടെ പിന്തുണ എടുത്തുപറയേണ്ടതുണ്ട്. ഭാര്യ: തൃപ്പുണിത്തുറ വി. മിനി (ഗായിക-കച്ചേരി ആർട്ടിസ്റ്റ്). മകൻ: ബി.ബി.എ വിദ്യാർഥിയായ വിഷ്ണു നാരായണൻ.