പാർട്ടിക്ക് ‘തങ്കം’; നാടിന് അച്ഛന്റെ കരുതൽ
text_fieldsപെരുമ്പാവൂർ നഗരസഭ ചെയര്‍മാനായി ചുമതലയേറ്റ പി.പി. തങ്കച്ചന് ആദ്യ ഫയല്‍ ഒപ്പിടുന്നു (ഫയല്‍ ചിത്രം)
പെരുമ്പാവൂര്‍: പാർട്ടിയെ ഹൃദയത്തിൽ കൊണ്ടു നടന്ന പി.പി. തങ്കച്ചൻ നാടിനൊപ്പം ഒരു അച്ഛന്റെ കരുതലോടെ നിന്ന നേതാവ് കൂടിയായിരുന്നു. മന്ത്രി സ്ഥാനം വഹിച്ചപ്പോഴും 20 വർഷത്തോളം എം.എൽ.എ ആയി ഇരുന്നപ്പോഴും പെരുമ്പാവൂരിന്റെ വികസനം അദ്ദേഹത്തിന്റെ മുഖ്യ പരിഗണനകളിൽ ഒന്നായിരുന്നു. പ്രവർത്തകരോട് സ്നേഹവാത്സല്യങ്ങളോടെയും സൗമ്യമായും ഇടപെട്ടിരുന്ന അദ്ദേഹത്തിന്റെ മനസ്സിനെ അവർ പലപ്പോഴും ‘തങ്കം പോലെ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
1967ല്‍ കോണ്‍ഗ്രസ് പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റായാണ് തങ്കച്ചന് രാഷ്ട്രീയ നേതൃത്വത്തിലേക്ക് എത്തുന്നത്. 1969ല്‍ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയര്‍മാനായി. അന്ന് 29 വയസ്സായിരുന്നു പ്രായം. അക്കാലത്ത് തന്നെ പാര്‍ട്ടി ലീഡര്‍ എന്ന നിലയില്‍ ഡി.സി.സിയില്‍ പ്രത്യേക ക്ഷണിതാവായി. ഇത് രാഷ്ട്രീയ ജീവിതത്തിലെ തന്റെ ആദ്യ ഏണിപ്പടിയായെന്ന് തങ്കച്ചന് തന്നെ പലപ്പോഴും സ്മരിച്ചിട്ടുണ്ട്. 12 വർഷം നഗരസഭ ചെയര്‍മാനും അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായും നഗരസഭയിലുണ്ടായി. നഗരസഭ ചെയര്മാന്മാരുടെ ചേംബറിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്താണ് പെരുമ്പാവൂര്‍ നഗരസഭ കെട്ടിടം പൂര്‍ത്തിയാക്കിയത്. കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ്, ഒന്നാംമൈലിലെ ഹൗസിങ് കോളനി എന്നിവയും നാടിനോടുള്ള അദ്ദേഹത്തിന്റെ കരുതലിന്റെ അടയാളങ്ങളാണ്. ശുദ്ധജല പദ്ധതി നടപ്പാക്കിയതും പട്ടണത്തിന്റെ ഉള് പ്രദേശങ്ങളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചതും തങ്കച്ചന് നല്ലൊരു നഗരസഭ ഭരണാധികാരി എന്ന പേര് നേടിക്കൊടുത്തു.
പെരുമ്പാവൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ എന്നും ‘ഐ’ ഗ്രൂപ്പിന്റെ തലവനായാണ് തങ്കച്ചന് അറിയപ്പെട്ടിരുന്നത്. അദ്ദേഹം വീട്ടില്‍ വിശ്രമിച്ചിരുന്ന സമയയത്തും രോഗ ശയ്യയിൽ ആയിരുന്നപ്പോഴും ഐ ഗ്രൂപ്പ് യോഗങ്ങള്‍ സ്വന്തം വസതിയിലാണ് ചേർന്നിരുന്നത്. അടുത്ത കാലം വരെ അത് തുടർന്നിരുന്നു.
ടി.എച്ച്. മുസ്തഫ എ ഗ്രൂപ്പ് നേതാവും തങ്കച്ചന് ഐ ഗ്രൂപ്പ് നേതാവും എന്ന നിലക്ക് ഒരു കാലത്ത് കേരള രാഷ്ട്രീയത്തിൽ സംസ്ഥാന തലത്തില്‍ തന്നെ പെരുമ്പാവൂര്‍ നിറഞ്ഞുനിന്നു. മണ്മറഞ്ഞ ഐ.എന്‍.ടി.യു.സി നേതാവ് ടി.പി. ഹസന് ഉള്‍പ്പടെയുള്ളവര്‍ തങ്കച്ചന് പിന്നിലുണ്ടായിരുന്നു. സംസ്ഥാന നേതാവും ഗ്രൂപ്പ് വക്താവും ആയിരുന്നപ്പോഴും ആരെയും മുഷിപ്പിക്കാത്ത ആളായിരുന്നു തങ്കച്ചനെന്ന് എതിരാളികളും വിലയിരുത്തിയിരുന്നു.
ചെറുപ്പത്തില്‍ കള്ളനായ കഥ തങ്കച്ചൻ ഓര്മക്കുറിപ്പിൽ വിവരിക്കുന്നുണ്ട്. ഒരിക്കല്‍ വീട്ടിലെ പണപ്പെട്ടി രഹസ്യമായി തുറന്ന് കുറച്ച് പണമെടുത്തു. ഇത് അമ്മ കണ്ടുപിടിച്ചു. അപ്പന് വന്നപ്പോള്‍ അമ്മ വിവരം പറഞ്ഞു. പക്ഷേ അപ്പന് അടുത്തുവിളിച്ച് ഉപദേശിക്കുകയായിരുന്നു. ‘മോനെ നീ ആരുടെ മുതലും അറിയാതെ എടുക്കരുതെന്നും അത് മോഷണമാണെന്നും’ പറഞ്ഞ് മനസ്സിലാക്കി. ആവര്‍ത്തിക്കില്ലെന്ന് സത്യം ചെയ്യിച്ചതായും ആ സത്യം ജീവിതത്തിൽ ഉടനീളം പാലിച്ചതായും ഓര്മക്കുറിപ്പില് പറയുന്നു.
‘തങ്കംപോലൊരു തങ്കച്ചന് അങ്കം വെട്ടി വരുന്നുണ്ടേ’......1982, 1987, 1991, 1996 വര്‍ഷങ്ങളില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തങ്കച്ചന്റെ വിജയാഹ്ലാദ പ്രകടനങ്ങളില്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുദ്രാവാക്യമായിരുന്നു ഇത്. 1993ൽ സൈപ്രസിലും 1994ൽ കാനഡയിലും നടന്ന കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ സമ്മേളനങ്ങളിൽ പങ്കെടുത്ത തങ്കച്ചന് ഗ്ലോറി ഓഫ് ഇന്റർനാഷനൽ അവാർഡും ലഭിച്ചിരുന്നു.