രണ്ടു കൈകൾ കൊണ്ടും എഴുതാൻ പരിശീലിക്കുന്നത് ക്രിയേറ്റിവിറ്റി കൂട്ടുമോ?
text_fieldsഎ.ഐ. ചിത്രം
പാർട്ടികളിലും മറ്റും ആളുകളെ വിസ്മയിപ്പിക്കാൻ ഒരു ട്രിക്ക് എന്നതിലുപരി, രണ്ടു കൈകൊണ്ടും എഴുതാനുള്ള കഴിവ് ക്രിയേറ്റിവിറ്റി കൂട്ടുമോ?
ഇരുകൈകൾ കൊണ്ടും എഴുതാനുള്ള കഴിവ് അഥവാ ambidexterity പരിശീലിക്കുന്നതിലൂടെ തലച്ചോറിന്റെ ഇരു അർധഗോളങ്ങളെയും ഉത്തേജിപ്പിക്കുമെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഭാഷ, തർക്കയുക്തി, വിശകലനം എന്നിവ ഇടത് തലച്ചോറിലെ ഇടത് ഹെമിസ്ഫിയറും സൃഷ്ടിപ്രതിഭ, കല, ദൃശ്യബോധം, സംഗീതം തുടങ്ങിയവ വലത് ഹെമിസ്ഫിയറുമാണ് കൈകാര്യം ചെയ്യുന്നത്. രണ്ടു കൈകൾ കൊണ്ടും ഒരേ വൈദഗ്ധ്യത്തിൽ എഴുതാൻ പരിശീലിക്കുന്നതിലൂടെ രണ്ടു ഹെമിസ്ഫിയറുകളുടെയും ഏകോപനത്തെ പോസിറ്റിവായി സ്വാധീനിക്കുമെന്നാണ് ചെന്നൈയിലെ ന്യൂറോളജിസ്റ്റ് ഡോ. മുരളി കൃഷ്ണ അഭിപ്രായപ്പെടുന്നത്.
‘‘ഇരു കൈകളെയും ഏകോപിപ്പിക്കുന്നതിനുവേണ്ടി തലച്ചോറിന് പുതിയ കൈവഴികൾ കണ്ടുപിടിക്കേണ്ടിവരുമ്പോൾ അതിന്റെ പ്രവർത്തനത്തിന് ഉന്മേഷം ലഭിക്കും. ഇതിലൂടെ, അടിസ്ഥാനപരമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയുംവിധം തലച്ചോറിന്റെ ശേഷി വർധിക്കും. രണ്ടു അർധഗോളങ്ങളും തമ്മിലുള്ള ഏകോപന ആശയവിനിമയം ബുദ്ധിപരമായ വഴക്കം കൂട്ടാനും ഒപ്പം പ്രശ്നപരിഹാരശേഷി വർധിപ്പിക്കാനും സാധ്യതയുണ്ട്’’ -ഡോ. മുരളി കൃഷ്ണ പറയുന്നു. അതേസമയം, ambidexterity പരിശീലനം ഏകോപനശേഷിയും മോട്ടോർ ശേഷിയും (ചലനം നിയന്ത്രിക്കാനുള്ള കഴിവ്) വർധിപ്പിക്കുമെങ്കിലും ബൗദ്ധികശേഷി വർധിപ്പിക്കുമെന്നതിന് കാര്യമായ തെളിവില്ലെന്നും നിരീക്ഷിക്കുന്നുണ്ട്.
റിസ്കുണ്ടോ?
- ഇരു കരംകൊണ്ടും എഴുതാൻ പരിശീലിക്കുന്നതിൽ ചില റിസ്കുകളും ചൂണ്ടിക്കാണിക്കപ്പെടുന്നു:
- ഇരുകരങ്ങളിൽ, സ്വാധീനം കുറവുള്ളതിന് സമ്മർദം കൂടുതൽ ഏൽക്കാൻ സാധ്യത.
- തെറ്റായ ശരീര ചലനങ്ങൾ കാരണമുള്ള ബുദ്ധിമുട്ടും പരിക്കും ഉണ്ടാകാൻ സാധ്യത.
- ചലനശേഷിയിൽ ആശയക്കുഴപ്പമുണ്ടായേക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.