ഒരുമയുടെ മണ്ണിൽ സൗഹൃദത്തിന്‍റെ ഉത്സവാഘോഷം
text_fieldsദീപാലങ്കാരങ്ങളാൽ തിളങ്ങി എരുമേലി ജുമാമസ്ജിദും ധർമശാസ്ത ക്ഷേത്രവും
എരുമേലി: വെറുപ്പും വിദ്വേഷവും പടരുന്ന ലോകത്തിന് ഒത്തൊരുമയുടെയും സൗഹാർദത്തിന്‍റെയും സന്ദേശം നൽകാൻ എരുമേലി ഒരുങ്ങി. മറ്റൊരു തീർഥാടനകാലത്തിനു കൂടി സമാപ്തി കുറിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങൾ നടത്തുന്ന ചരിത്രപ്രസിദ്ധമായ പേട്ടതുള്ളലിനും മതസാഹോദര്യം നിറഞ്ഞാടുന്ന ചന്ദനക്കുട മഹോത്സവത്തിനും എരുമേലിയിൽ ഒരുക്കങ്ങളായി. ചന്ദനക്കുട ആഘോഷവും പേട്ടതുള്ളലും ശനി, ഞായർ ദിവസങ്ങളിൽ നടക്കും. റോഡിന് ഇരുവശത്തായി മുഖാമുഖം നിൽക്കുന്ന നൈനാർ ജുമാമസ്ജിദും പേട്ട ധർമശാസ്താ ക്ഷേത്രവും ദീപാലാങ്കാരങ്ങളാൽ അലംകൃതമായി.
ക്ഷേത്രത്തിൽനിന്നിറങ്ങുന്ന ഭക്തർ മസ്ജിദിന് വലംവെക്കുന്ന ഹൃദയഹാരിയായ കാഴ്ചക്ക് എരുമേലി ഒരിക്കൽകൂടി സാക്ഷിയാകും. അയ്യപ്പന്‍റെയും വാവരുടെയും മതാതീതമായ സൗഹൃദത്തിന്‍റെ ഗാഥകൾ വീണ്ടും ഓർത്തെടുക്കും. ഞായറാഴ്ചയാണ് ദേവസ്വം ബോർഡിന്‍റെ ആഭിമുഖ്യത്തിൽ അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങൾ പേട്ട തുള്ളുന്നത്. പേട്ടതുള്ളലിന് ഐക്യദാർഢ്യവുമായി മഹല്ല് മുസ്ലിം ജമാഅത്ത് നേതൃത്വത്തിൽ ശനിയാഴ്ച രാത്രി ചന്ദനക്കുടം ആഘോഷമായി കൊണ്ടാടും. ശനിയാഴ്ച വൈകുന്നേരം മൂന്നിന് അമ്പലപ്പുഴ പേട്ട സംഘവും എരുമേലി മഹല്ല് ജമാഅത്തും ചേർന്ന് പള്ളി ഓഡിറ്റോറിയത്തിൽ സൗഹൃദസംഗമം നടത്തും. ഞായറാഴ്ച ഉച്ചക്ക് 12 ഓടെ അമ്പലപ്പുഴ സംഘത്തിന്‍റെ പേട്ട തുള്ളലിനു തുടക്കമാകും. സംഘത്തെ പള്ളി ഭാരവാഹികൾ സ്വീകരിക്കും.
ഇരു സമുദായങ്ങളുടെ സൗഹൃദത്തിന്‍റെ ഇഴയടുപ്പം പ്രഖ്യാപിച്ച് വാവരുടെ പ്രതിനിധി അമ്പലപ്പുഴ പെരിയോന്‍റെ കൈപിടിച്ച് സംഘത്തിനൊപ്പം വലിയമ്പലത്തിലേക്ക് പുറപ്പെടും. അമ്പലപ്പുഴ സംഘത്തിന്‍റെ പേട്ടതുള്ളൽ കഴിഞ്ഞ ശേഷം മൂന്നിനാണ് ആലങ്ങാട്ട് സംഘത്തിന്‍റെ തുള്ളൽ തുടങ്ങുക. വിവിധ കലാരൂപങ്ങളും ഗജരാജന്മാരും അണിനിരക്കും.
ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെന്ന് ജമാഅത്ത്
എരുമേലി: മഹല്ല് മുസ്ലിം ജമാഅത്ത് നേതൃത്വത്തിൽ നടക്കുന്ന ചന്ദനക്കുട മഹോത്സവത്തിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം 6.15ന് പൊതു സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്‍റ് നാസർ പനച്ചി അധ്യക്ഷത വഹിക്കും. ചന്ദനക്കുടം ഘോഷയാത്ര ഉദ്ഘാടനവും ഫ്ലാഗ് ഓഫും മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. ശിങ്കാരിമേളം, തമ്പോലം, നീലകാവടി, ജണ്ട് കാവടി, പോപ്പർ ഇവന്‍റ് തുടങ്ങിയവ ചന്ദനക്കുട ഘോഷയാത്രക്ക് മികവേകും. ജമാഅത്ത് പ്രസിഡന്‍റ് നാസർ പനച്ചി, സെക്രട്ടറി മിഥ്ലാജ്, സലിം കണ്ണങ്കര, നിഷാദ ടി. ഷാഹുൽ, നൈസാം പി. അഷ്റഫ്, ഹക്കീം മാടത്താനി, അബ്ദുൽ നാസർ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം
ചന്ദനക്കുടത്തിനും പേട്ടതുള്ളലിനും എരുമേലിയിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിക്കുമെന്ന് കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി സാജു വർഗീസ് പറഞ്ഞു. 300 പൊലീസുകാരെ അധികമായി നിയോഗിക്കും. നിലവിൽ 500 പൊലീസുകാർ ഇവിടെയുണ്ട്. ജില്ല പൊലീസ് മേധാവി എ. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കുന്നത്.


