Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightസമുദ്രലംഘനം

സമുദ്രലംഘനം

text_fields
bookmark_border
സമുദ്രലംഘനം
cancel

സമ്പാതിയുടെ മാർഗദർശനമനുസരിച്ച് സീതയെ കണ്ടെത്തുന്നതിന് കടൽകടന്ന് ലങ്കയിലെത്തിച്ചേരണമെന്ന് വാനരവീരനായ അംഗദൻ അഭിപ്രായപ്പെട്ടു. ഓരോരുത്തരും തങ്ങൾക്ക് ചാടിക്കടക്കാവുന്ന ദൂരത്തെക്കുറിച്ച് അറിയിച്ചു. അതെല്ലാം ലങ്കയിലെത്തുന്നതിന് അപര്യാപ്തമായിരുന്നു. ഇതെല്ലാം കേട്ട് തന്റെ വൈഭവവും കാര്യപ്രാപ്തിയുമെല്ലാം മറന്ന് ഒരു മൂലയിൽ നിശ്ശബ്ദനായിരിക്കുന്ന വായുപുത്രനായ ഹനുമാനെ ജാംബവാൻ കണ്ടു.

പാകം വന്ന ഫലമെന്നു കരുതി പിറന്ന ഉടൻ തന്നെ ഉദയസൂര്യനെ വിഴുങ്ങാൻ മേൽ​പോട്ട് കുതിച്ചതും ഇന്ദ്രന്റെ വജ്രപ്രഹരമേറ്റ് നിലംപതിച്ചപ്പോൾ വായുഭഗവാൻ പുത്രനെക്കൊണ്ട് പാതാളത്തിൽപ്പോയതും അവിടെവെച്ച് ലോകനാശം വന്നാലും കൽപാന്തകാലത്തും മരണം ഉണ്ടാകില്ലെന്ന് വിവിധ ദേവതകൾ അനുഗ്രഹിച്ചതും വജ്രം താടിയിലേറ്റതുകൊണ്ട് ഹനുമാൻ എന്ന പേര് ലഭിച്ചതുമായ വൃത്താന്തങ്ങൾ ജാംബവാൻ ഹനുമാനെ ഓർമപ്പെടുത്തുന്നു.

മുനിശാപംകൊണ്ട് തന്റെ ബലവീര്യങ്ങൾ മറന്നുപോയ ആ വാനരവീരൻ പൂർവചരിതം കേട്ടതോടെ ചാടിയെഴുന്നേറ്റ് സിംഹനാദം മുഴക്കി, ശരീരം പർവതത്തോളം വലുതാക്കി. ലങ്കാപുരമെരിച്ച് രാവണനെ കുലത്തോടെ നശിപ്പിച്ച് ദേവിയെ കൊണ്ടുവരുമെന്നും അല്ലെങ്കിൽ രാവണനെ ബന്ധിച്ച് ഇടതു കൈയിലും ലങ്കാപുരത്തെ വലതുകൈയിലുമെടുത്ത് രാമന് കാഴ്ചവെക്കുമെന്നും പ്രഖ്യാപിച്ചു. ഇതുകേട്ട്, ദേവിയെ തിരികെക്കൊണ്ടുവന്നാൽ മതിയെന്നും രാവണനെ രാമൻ നിഗ്രഹിച്ചുകൊള്ളുമെന്നും ജാംബവാൻ പറഞ്ഞു. ഒറ്റച്ചാട്ടത്തിന് മഹേന്ദ്രഗിരിയുടെ മുകളിലെത്തിയ ഹനുമാൻ കൈകാലുകൾ പരത്തി തലയും വാലും ഉയർത്തിയാണ് മുന്നോട്ട് സഞ്ചരിച്ചത്.

ലങ്കയിലേക്കുള്ള കുതിപ്പിനിടയിൽ നിരവധി തടസ്സങ്ങൾ ഹനുമാൻ നേരിടുന്നുണ്ട്. നാഗമാതാവായ സുരസ വായും പിളർന്ന് ഹനുമാനെ വിഴുങ്ങിയപ്പോൾ അവരുടെ ചെവിയിലൂടെയാണ് ആ തന്ത്രശാലി പുറത്തുകടന്നത്. നിഴൽപിടിച്ച് തടഞ്ഞുനിർത്തിയ ബായാഗ്രഹണിയെ ഹനുമാൻ തൊഴിച്ചു കൊല്ലുകയാണുണ്ടായത്. യാത്രക്കിടയിൽ ക്ഷീണിച്ചവശനായ ഹനുമാനെ കടലിൽനിന്നുയർന്ന മൈനാകപർവതം ഫലമൂലാദികൾകൊണ്ട് സൽക്കരിച്ചു. ഒടുവിൽ ലങ്കയിലെത്തുമ്പോൾ തടയുന്ന ലങ്കാലക്ഷ്മിയെ പരാജയപ്പെടുത്തി അവർക്ക് ശാപവിമുക്തി നൽകുകയും ചെയ്യുന്നു.

ഏതു ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോഴും നിരവധി മാർഗതടസ്സങ്ങൾ, പ്രതിബന്ധങ്ങൾ നമുക്ക് അഭിമുഖീകരിക്കേണ്ടിവരും. ഉദാത്ത ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുമ്പോൾ സ്വാഭാവികമായും ഉയർന്നുവരുന്ന വെല്ലുവിളികളെ, അഭിമുഖീകരിച്ച് അതിവർത്തിക്കാനുതകുന്ന ജീവനകലയാണ് ഹനുമാനിലൂടെ അനാവരണം ചെയ്യുന്നത്.

Show Full Article
TAGS:Ramayana Masam Karkidakam 2025 Spiritual 
News Summary - Article about Ramayana
Next Story