മുത്തപ്പന്റെ പാട്ടിന് ചുവടുവെച്ച് ദഫ് കലാകാരന്മാർ
text_fieldsതാഴെ ചമ്പാട് മുതുവനായി മുത്തപ്പൻ മടപ്പുര ക്ഷേത്രസന്നിധിയിൽ അയ്യപ്പ സ്വാമിയുടെ പാട്ടിന് ചുവടുവെക്കുന്ന ദഫ് കലാകാരന്മാർ
പാനൂർ: മതമൈത്രിയുടെ നേർക്കാഴ്ചയൊരുക്കി താഴെചമ്പാട് മുതുവനായി മുത്തപ്പൻ മടപ്പുര ക്ഷേത്രോത്സവം സമാപിച്ചു. നാലു ദിവസങ്ങളിലായി നടന്ന മഹോത്സവത്തിൽ അയ്യപ്പസ്വാമിയുടെ പാട്ടിന് ചുവടുവെച്ച് ദഫ് കലാകാരന്മാർ നിറഞ്ഞാടിയത് വേറിട്ട കാഴ്ചയായി. മാപ്പിളപ്പാട്ടും പ്രവാചകന്റെ മദ്ഹുകളും ഈരടികളാക്കി മുത്തപ്പ സന്നിധിയിൽ അവർ മുട്ടിപ്പാടിയപ്പോൾ സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പാറിപ്പറന്നു. കൊല്ലം അൽ ബദ്‍രിയ ദഫ് മുട്ട് സംഘമാണ് കഴിഞ്ഞദിവസം രാത്രി പരിപാടി അവതരിപ്പിച്ചത്.
മനയത്തുവയൽ മുതൽ ക്ഷേത്രംവരെ നടന്ന ഘോഷയാത്രയിലും ദഫ് കലാകാരന്മാർ അണിനിരന്നു. അറബിയും ഒട്ടകങ്ങളും കൈകൊട്ടിക്കളി, ഗരുഡനൃത്തം, പഞ്ചാരിമേളം, ശിങ്കാരിമേളം തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ നിരവധിപേർ പങ്കെടുത്തു.
ക്ഷേത്രത്തിലെ അന്നദാനം നടത്താൻ ഹിന്ദു സഹോദരന്മാർക്കൊപ്പം മുസ്‍ലിംകളും പങ്കാളികളായി. ജാതി-മത ഭേദമന്യേ ആയിരങ്ങൾ അന്നദാനത്തിനെത്തി. ഓർമശക്തികൊണ്ട് നാടിന്റെ അഭിമാനമായി മാറിയ ഭിന്നശേഷിക്കാരൻ മുഹമ്മദ് സമാനെ ക്ഷേത്ര കമ്മിറ്റി ആദരിച്ചു. ഉത്സവങ്ങൾ നാടിന്റെ സത്വം വിളിച്ചോതുന്നതാവണമെന്നും ജാതി-മത ഭേദമന്യേ എല്ലാവരും പങ്കെടുക്കുമ്പോഴാണ് അവ നാട്ടുത്സവങ്ങളാകുന്നതെന്നും ക്ഷേത്ര കമ്മിറ്റി ഭാരവാഹികൂടിയായ സാഹിത്യകാരൻ പ്രേമാനന്ദ് ചമ്പാട് പറഞ്ഞു.


