ഈസ്റ്റർ: ജീവന്റെ ദർശനം
text_fieldsപെസഹ വ്യാഴം ആചരിച്ച് യേശുവിനെ കുരിശിലേറ്റിയതിന്റെ സ്മരണ പുതുക്കി ദുഃഖവെള്ളിയും കഴിഞ്ഞ് ഉയിർത്തെഴുന്നേൽപിന്റെ ഈസ്റ്റർ തിരുനാൾ ആഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ. ഈസ്റ്റർ ആഘോഷം ജീവന്റെ ദർശനമാണ് മനുഷ്യരാശിക്കു മുന്നിൽ തുറന്നുവെക്കുന്നത്. മരിച്ചാലും ജീവിക്കും എന്ന ദർശനം. എല്ലാവരും ഒരുമിച്ച്, ഐക്യത്തോടെ, സ്നേഹത്തോടെ, കൂട്ടായ്മയോടെ ജീവിക്കണം എന്നതാണ് ഈസ്റ്റർ മൂന്നോട്ടുവെക്കുന്ന മാനവികസന്ദേശം. ഒരിക്കലും മനുഷ്യരെ മാറ്റിനിർത്തുന്ന സംസ്കാരം പണിയാനല്ല; മറിച്ച്, എല്ലാവിഭാഗത്തെയും ഒരുമിച്ചുനിർത്തി സംസ്കാരം രൂപപ്പെടുത്താനാണ് യേശു തന്റെ ജീവിതത്തിലൂടെ അനുയായികളോട് ആവശ്യപ്പെട്ടത്. മറ്റുള്ളവരെ ഒഴിച്ചുനിർത്തി വളരാൻ ശ്രമിക്കരുത്. എല്ലാ മനുഷ്യനും ദൈവത്തിലേക്കുള്ള യാത്രയിലാണ്. അതിനാൽ, ഈ മണ്ണിൽവെച്ചുതന്നെ നമ്മൾ സഹോദരങ്ങളെപ്പോലെ ജീവിക്കണം. മനുഷ്യത്വമുള്ളവരാവുക, ക്ഷമയുള്ളവരാവുക, സ്നേഹമുള്ളവരാവുക, കരുണയുള്ളവരാകുക എന്നിവയാണ് ഉയിർപ്പ് തിരുനാളിന്റെ ഏറ്റവും വലിയ സന്ദേശം.
മനുഷ്യൻ മരിക്കാനായി ഭൂമിയിൽ വന്നവരല്ല, ഉയിർത്തെഴുന്നേൽക്കാൻ വേണ്ടി നിയോഗിക്കപ്പെട്ടവരാണെന്നാണ് യേശുവിന്റെ ഉയിർത്തെഴുന്നേൽപിലൂടെ നാം മനസ്സിലാക്കുന്നത്. മരണത്തിനപ്പുറം മറ്റൊരു ജീവിതം ഉണ്ടെന്ന് മനുഷ്യരെ പഠിപ്പിക്കുകയാണ് ഉയിർപ്പ് തിരുനാൾ. യവനപുരാണങ്ങളിൽ ഫീനിക്സ് പക്ഷിയുടെ കഥയുണ്ട്. ഫീനിക്സ് പക്ഷി നൂറ്റാണ്ടുകളോളം ജീവിക്കുന്നു. കാലം പിന്നിടുമ്പോൾ തന്റെ വംശത്തിലെ പക്ഷികളൊക്കെ മരിച്ചുവീഴുന്നതുകണ്ട് ജീവിക്കാൻ ആഗ്രഹമില്ലാതെ ഫീനിക്സ് ആത്മഹുതി നടത്താൻ തീരുമാനിക്കുന്നു. മരുഭൂമിയിൽ ചിതയൊരുക്കപ്പെട്ടു. ഫീനിക്സ് അതിലേക്ക് ചാടി. ഏതാനും നിമിഷങ്ങൾകൊണ്ട് ഐതിഹാസികമായ ജീവിതം ഒരുപിടി ചാരമായിത്തീർന്നു. എല്ലാം അവിടെ അവസാനിച്ചുവെന്ന് തോന്നാം. പക്ഷേ, കുറച്ചുകഴിയുമ്പോൾ ചാരത്തിൽനിന്ന് ഒരു കൊച്ചു ഫീനിക്സ് പക്ഷി ആകാശത്തേക്ക് പറന്നുയരുകയാണ്. ഫീനിക്സ് വീണ്ടും ജീവിക്കുന്നു. മരണത്തെ തോൽപിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റ ക്രിസ്തു, ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റതാണെന്നാണ് ആദിമസഭയിലെ പിതാക്കന്മാരുടെ വിലയിരുത്തൽ.
ക്രിസ്തുവിനെ തളച്ചിട്ട കല്ലറ ശൂന്യമാണ് എന്ന് പറയുമ്പോൾ ആ കല്ലറ അവന്റെ ഉയിർപ്പിനുള്ള സാക്ഷ്യമാവുകയാണ്. പുനരുത്ഥാനത്തോടുകൂടി ക്രിസ്തു പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ചൈതന്യമായി. പെസഹ വ്യാഴത്തിൽ ശിഷ്യൻമാരുടെ കാല് കഴുകുന്ന യേശു ക്രിസ്തുവിനെയാണ് നാം കണ്ടത്. ഇതിലൂടെ അധികാരത്തിന് പുതിയ നിർവചനം നൽകുകയായിരുന്നു യേശു. കാൽ കഴുകലിനു ശേഷം അവിടുന്ന് പറഞ്ഞത്, നിങ്ങളെന്നെ ഗുരുവെന്ന് വിളിക്കുന്നു, നാഥൻ എന്ന് വിളിക്കുന്നു. ഗുരുവും നാഥനുമായ താൻ നിങ്ങളുടെ പാദങ്ങൾ കഴുകി എങ്കിൽ നിങ്ങളും പാദങ്ങൾ കഴുകണം എന്നാണ്. അതായത്, മനുഷ്യന് അധികാരമെന്നാൽ ശുശ്രൂഷയാണ്.
മറ്റുള്ളവരെ വളർത്തുന്നതിനു വേണ്ടി നമുക്ക് ദൈവം നൽകുന്ന സമ്മാനമാണ് അധികാരം. അത് ജനങ്ങളുടെ നന്മക്കു വേണ്ടി ഉപയോഗിക്കണമെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. മാനവരാശിയുടെ വളർച്ചക്കു വേണ്ടി യേശു കുരിശിൽ കയറിയ പീഡാനുഭവത്തിന്റെ സ്മരണ പുതുക്കലാണ് ദുഃഖവെള്ളി. മനുഷ്യൻ മനുഷ്യനു വേണ്ടി ത്യാഗം സഹിക്കാൻ തയാറാവണമെന്നതാണ് കുരിശുനടത്തത്തിലെ വലിയ പാഠം. നീതിക്കും സത്യത്തിനും വേണ്ടി നിലകൊണ്ട്, അവിടുന്ന് അവസാനം മരണം സ്വീകരിക്കുകയായിരുന്നു. ഇത്തരത്തിൽ നോക്കുമ്പോൾ ചരിത്രം കണ്ട ഏറ്റവും വലിയ വിപ്ലവകാരി യേശു ക്രിസ്തുവായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും. മനുഷ്യരെ തമ്മിൽ അടുപ്പിക്കുന്ന, ഒന്നിപ്പിക്കുന്ന ഐക്യത്തിന്റെ വക്താക്കളായി നമ്മളോരോരുത്തരും മാറണം. ‘മാധ്യമ’ത്തിന്റെ എല്ലാ വായനക്കാർക്കും ഈസ്റ്റർ തിരുനാളിന്റെ മംഗളാശംസകൾ അർപ്പിക്കുന്നു.