Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightEasterchevron_rightവിശ്വഭാരതിയിലെ

വിശ്വഭാരതിയിലെ ഈസ്റ്റർ

text_fields
bookmark_border
വിശ്വഭാരതിയിലെ ഈസ്റ്റർ
cancel

രവീന്ദ്രനാഥ ടാഗോറിന്റെ ചിരകാലസ്വപ്നമായിരുന്നു വിശ്വഭാരതി. ലോകത്തിന്റെ വിവിധ ഭാഗങ്ങളും ഭാരതവും ഒന്നിക്കുന്ന സ്ഥലം എന്ന അർഥം വരുന്ന വിശ്വഭാരതിയിൽ ഹിന്ദു, ബുദ്ധ, മുസ്‍ലിം, പാർസി, സിഖ്, ജൈന, ക്രിസ്തു, ജൂത മതങ്ങൾക്കു തുല്യസ്ഥാനമാണ് നൽകുന്നത്. വിശ്വഭാരതിയിൽ എല്ലാ മതവിഭാഗങ്ങളുടെയും ആഘോഷദിവസങ്ങൾ എല്ലാവരും ചേർന്നു കൊണ്ടാടുക പതിവായിരുന്നു.

വിശ്വഭാരതിയുടെ ഔപചാരികമായ ഉദ്ഘാടനത്തിനുശേഷം ആദ്യമായി കൊണ്ടാടിയ ക്രിസ്തീയ ആഘോഷം ഈസ്റ്റർ തിരുനാളായിരുന്നു. യൂറോപ്പിലെ പല രാജ്യങ്ങളിൽനിന്നും വിദ്യാർഥികളും അധ്യാപകരും അവിടെ താമസിച്ചിരുന്നു. ആഘോഷങ്ങൾ അങ്ങേയറ്റം ഭക്തിനിർഭരമാക്കാൻ മഹാകവിയോടൊപ്പം മുൻകൈയെടുത്തു പ്രവർത്തിച്ചതും അവരാണ്. ആഘോഷവേളയിലെ മുഖ്യാതിഥി അന്ന് വെറും ഇരുപത്തിയാറു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ആചാര്യ വിനോബ ഭാവെ ആയിരുന്നു.1921ലാണ് വാർധയിൽ ആശ്രമം പണിയുന്നതിനായി ഗാന്ധിജി വിനോബ ഭാവയെ അങ്ങോട്ട് അയച്ചത്. 1922 ൽ വിശ്വഭാരതിയിൽ നടന്ന പ്രഥമ ഈസ്റ്റർ സമ്മേളനത്തിൽ സംബന്ധിക്കാൻ അദ്ദേഹത്തിനു സാധിച്ചു.

യേശുക്രിസ്തുവിന്റെ ഉപദേശങ്ങൾ തന്നെ വളരെ ആകർഷിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പുനരുത്ഥാനം ഒരു യാഥാർഥ്യമാണെന്നും ആ പാവന ജീവിതം മാതൃകയാക്കുകയാണ് ഏറ്റവും വലിയ ഈസ്റ്റർ സന്ദേശമെന്നും മഹാകവി ആശംസാ പ്രസംഗത്തിൽ ഓർമപ്പെടുത്തി. യേശുക്രിസ്തുവിന്റെ പവിത്രോപദേശങ്ങൾ നാവുകൊണ്ടു മാത്രം ഉച്ചരിക്കുകയും ജീവിതത്തിൽ അവ അവഗണിക്കുകയും ചെയ്യുന്നവരാണ് ക്രിസ്തുവിന്റെയും ക്രിസ്തുമതത്തിന്റെയും മുഖ്യശത്രുക്കളെന്ന് അദ്ദേഹം തുറന്നടിച്ചു. ക്രിസ്തുവിന്റെ പർവത പ്രസംഗവും (Sermon on the Mount) അഹിംസാ സിദ്ധാന്തവും തന്നെ വളരെയധികം സ്വാധീനിച്ചിട്ടുള്ളതായി മഹാകവി വെളിപ്പെടുത്തി.

‘ബത്ലഹേം, ഗലീല, നസറേത്ത്, കാൽവരി തുടങ്ങിയ ചെറിയ ചെറിയ ഗ്രാമങ്ങളുമായിട്ടാണ് യേശു കൂടുതലായും ബന്ധപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ഗ്രാമങ്ങളോട് ലോകജനത പ്രത്യേകിച്ച് ക്രൈസ്തവർ കൂടുതൽ ആഭിമുഖ്യം പുലർത്തേണ്ടതുണ്ട്. പ്രാചീന ഭാരതത്തിന്റെ ശക്തി ഗ്രാമങ്ങളായിരുന്നു. അവയുടെ പതനമാണ് രാജ്യത്തിന്റെ അധഃപതനത്തിനുള്ള മുഖ്യകാരണം’ അന്ന് ടാഗോർ പറഞ്ഞു. ‘ഉയർച്ചയിലേക്കുള്ള പാത ഗ്രാമങ്ങളിലാണ് ആരംഭിക്കേണ്ടതെന്നും ഭാരതത്തിന്റെ ആത്മാവ് ദരിദ്രജനങ്ങൾ പാർക്കുന്ന ഗ്രാമങ്ങളാണെന്നും മഹാത്മജി പറഞ്ഞത് ഇക്കാരണങ്ങളാലാണ്. അതുകൊണ്ടു ഗ്രാമങ്ങളിലേക്കു കടന്നുചെന്ന് അവരിൽ ഒരാളായി മാറിക്കൊണ്ട് പ്രവർത്തിക്കാൻ നമുക്ക് ഈ ഈസ്റ്റർ ദിനത്തിൽ പ്രതിജ്ഞയെടുക്കാം’ നീണ്ടുനിന്ന കരഘോഷങ്ങൾക്കിടയിൽ രവീന്ദ്രനാഥ ടാഗോർ ഓർമിപ്പിച്ചു.


‘യേശുവിന്റെ വിനയവും അച്ചടക്കവും അനുസരണയും ആജ്ഞാശക്തിയും ധാർമികബോധവും വിപ്ലവവീര്യവും നമ്മിലേക്ക്‌ ആവാഹിക്കാൻ നാം തയാറാകണം. ഈസ്റ്റർ സന്തോഷത്തിന്റെയും പ്രത്യാശയുടെയും ജീവന്റെയും പെരുന്നാളാണ്. തന്റെ പുനരുത്ഥാനത്തിലൂടെ യേശു മരണത്തെ തോൽപിച്ചു. ആത്മാവിനെ ഉത്തേജിപ്പിക്കുവാൻ മാനവജാതിയെ ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ് സഹായിച്ചു. ബാഹ്യമായ ചില അനുഷ്ഠാനങ്ങളും കർമങ്ങളും മാത്രം നടത്തിയിട്ടു കാര്യമില്ല’ വിനോബ ഭാവെ പറഞ്ഞു.

തുടർന്ന് ക്രിസ്തുവിന്റെ പുനരുത്ഥാനം വ്യക്തമാക്കുന്ന വിശുദ്ധ വേദവായനകളും (വിശുദ്ധ മർക്കൊസിന്റെ സുവിശേഷം അധ്യായം 16) ഈസ്റ്റർ ഗാനങ്ങളും ആലപിക്കപ്പെട്ടു. ഈസ്റ്റർ ദിനത്തിൽ വിശ്വഭാരതി ദീപാലങ്കാരങ്ങളിൽ കുളിച്ചുനിന്നിരുന്നു.

Show Full Article
TAGS:easter viswabharathi 
News Summary - easter at viswabharathi
Next Story