സന്തോഷത്തിന്റെ മൂന്നാംനാൾ
text_fieldsലോകമെമ്പാടുമുള്ള ക്രൈസ്തവർ മാർച്ച് 31ന് ഉയിർപ്പ് തിരുനാൾ -ഈസ്റ്റർ കൊണ്ടാടുകയാണ്. ജറൂസലം നഗരി ഓശാന പാടി യേശുക്രിസ്തുവിനെ വാഴ്ത്തി സ്തുതിക്കുന്നു. ഒലിവിൻ ചില്ലകൾ വീശി രാജാധിരാജന് വരവേൽപ്പൊരുക്കുന്നു. പെസഹ വ്യാഴം നാഥൻ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ചുംബിച്ചു. അന്നാണ് ക്രിസ്തു സിയോൺ മലയിലെ സെഹിയോൻ ഊട്ടുശാലയിൽ ശിഷ്യർക്കൊപ്പം അവസാനത്തെ അത്താഴവിരുന്നിന്ന് വേദിയൊരുക്കിയത്. ദുഃഖവെള്ളി, ഗാഗുൽത്താ മലയിൽ ആ നിരപരാധി കുരിശുമരണം വരിക്കുന്നു. അടുത്തുള്ള കല്ലറയിൽ യേശു അടക്കം ചെയ്യപ്പെടുന്നു. മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുന്നു.
ഈസ്റ്റർ എഗ്ഗ്
മെസപ്പൊട്ടോമിയയിലെ ക്രിസ്ത്യാനികളാണ് ഈസ്റ്റർ മുട്ടകൾ ഒരുക്കുന്നത് ആചാരമായി തുടങ്ങിയത്. കോഴിമുട്ടയോ താറാവ് മുട്ടയോ പുഴുങ്ങിയാണ് സൃഷ്ടിയാരംഭം. പുറംതോടിൽ അരിമാവു ചേർത്ത് മോടിപിടിപ്പിക്കും. ഭംഗിക്ക് കരകൗശല ശിൽപ വർണ വരകൾ ചാർത്തും. ഈസ്റ്റർ എഗ്ഗ് സമ്പൂർണം. ചുവപ്പാണ് പതിവ് അലങ്കാരം. യേശു കുരിശിൽ ചിന്തിയ രക്തത്തെയാണ് ചുവപ്പുനിറം സൂചിപ്പിക്കുന്നത്. ഉള്ളു പൊള്ളയായ ഈസ്റ്റർ എഗ്ഗുകളും വിതരണം ചെയ്യാറുണ്ട്. റഷ്യക്കാർ യേശുവിന്റെയും കന്യാമറിയത്തിന്റെയും മാലാഖമാരുടെയും സഭാ പിതാക്കന്മാരുടെയും ചിത്രങ്ങൾ മുട്ടത്തോടിൽ ആലേഖനം ചെയ്ത് പരസ്പരം സമ്മാനിക്കും.
ഹോളി ലാൻഡ് ഈസ്റ്റർ
വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇക്കാലയളവിൽ തീർഥാടകരുടെ തിരക്കായിരിക്കും. ഉണ്ണിയേശുവിശന്റെ ജന്മസ്ഥലമായ ബത്ലഹേം, വളർന്ന ജറൂസലം, സ്നാപക യോഹന്നാനിൽനിന്ന് സ്നാനം സ്വീകരിച്ച ജോർഡൻ നദി എന്നിവിടങ്ങളിൽ സന്ദർശകർ നിറയും. ഗോൽഗോത്ത കാൽവരി (തലയോടിടം) കണ്ണീരിൻെറ മായാ മുദ്ര പതിപ്പിക്കും. തൊട്ടരികിൽ ക്രിസ്തുവിനെ സംസ്കരിച്ച കല്ലറ തോട്ടമുണ്ട്. ഈസ്റ്ററിന് മുന്നോടിയായി പൂർവികരുടെ കബറിടങ്ങളും വെടുപ്പാക്കി മെഴുകുതിരികൾ കത്തിക്കും. പ്രദേശമാകെ ദീപങ്ങളാൽ അലംകൃതമാവും.
വിവിധ ദേശങ്ങളിലെ ഈസ്റ്റർ
ക്രിസ്തുമതാചാരം നിഷിദ്ധമായ രാജ്യങ്ങളിൽ പോലും ഈസ്റ്റർ കൊണ്ടാടുന്നുണ്ട്. ഈസ്റ്റർ ട്രീയും അലങ്കാരങ്ങളും സദ്യവട്ടങ്ങളും കെങ്കേമം. അമേരിക്കയും ഇംഗ്ലണ്ടും മാത്രമല്ല പ്രത്യാശയുടെ ഈസ്റ്റർ ആഘോഷത്തിന്റെ ഭാഗമാവുക. കായികാഭ്യാസ തൽപരരായ വിയറ്റ്നാമി ക്രൈസ്തവർ മെയ് വഴക്ക ധീര കലാപ്രകടനങ്ങൾ കാട്ടി സന്തോഷം പങ്കുവെക്കും. ഫിലിപ്പീൻസിലെ ടഡാഡേ ഗോത്രക്കാർ ഈസ്റ്റർ മത്സരം പ്രദർശിപ്പിക്കുന്നത് പ്രാചീനരീതിയിലാണ്. റഷ്യയിലെ കസാക്കിലെ കിർഗീസ് നാടോടി ക്രൈസ്തവർ ഈസ്റ്റർ ദിനത്തിൽ വെള്ളക്കുതിരകളെ അലങ്കരിച്ചു കൊണ്ടുവരും. അതിവേഗത്തിലോടുന്ന കുതിരയുടെ പുറത്തിരുന്ന് ഒരു തുള്ളി കളയാതെ ഒരു ഗ്ലാസ് പാൽ മുഴുവൻ കുടിക്കും. റഷ്യക്കാർ പാലിനെ പരിശുദ്ധ പാനീയമായി കണക്കാക്കുന്നു. അങ്ങനെ ലോകമെങ്ങും പലവിധ ആഘോഷങ്ങളാൽ ഈസ്റ്റർ ദിനം കൊണ്ടാടുന്നു.