വ്യത്യസ്ത തിയതികൾ, വ്യത്യസ്ത ആചാരങ്ങൾ... അറിയാം ലോകത്തിലെ ഈസ്റ്റര്‍ ആഘോഷങ്ങള്‍
text_fieldsകുരിശുമരണത്തിന് ശേഷം മൂന്നാം നാള്‍ യേശുക്രിസ്തു മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റതിന്‍റെ ആഹ്ലാദമാണ് ഈസ്റ്റര്‍. അതുകൊണ്ടു തന്നെ ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികള്‍ വളരെ പ്രാധാന്യത്തോടെ ഈസ്റ്റര്‍ ആഘോഷിക്കുന്നു. ചില ഇടങ്ങളിലാവട്ടെ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളാണ് ഇന്നും പിന്തുടരുന്നത്. കുരിശുമരണത്തിൽ നിന്നും ലോകരക്ഷകനായി യേശു ഉയര്‍ത്തെഴുന്നെറ്റതാണ് ഈസ്റ്റർ ആഘോഷങ്ങളുടെ അന്തസത്തയെങ്കിലും ഇതിന് ഓരോ രാജ്യത്തും
ഓരോ ആഘോഷങ്ങളാണ്. ഓംലെറ്റ് വിരുന്ന് മുതൽ ക്രേപ്പ് പേപ്പർ പരവതാനികൾ വരെ, ലോകമെമ്പാടും ഈ ദിവസം സവിശേഷമായി ആഘോഷിക്കപ്പെടുന്നു. വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന പുരാതന ഈസ്റ്റര്‍ ആഘോഷങ്ങള്‍ പരിചയപ്പെടാം...
ഗ്രീസ്
ഗ്രീക്കുകാർ ഓർത്തഡോക്സ് ഈസ്റ്റർ ആഘോഷിക്കുന്നു. ജൂലിയൻ കലണ്ടർ അനുസരിച്ച് ഗ്രീസിൽ ഈസ്റ്റർ ഓരോ വർഷവും വ്യത്യസ്ത സമയങ്ങളിലാണ് നടക്കുന്നത്. ഗ്രീക്ക് ദ്വീപായ കോർഫുവിൽ, ഈസ്റ്റർ ദിനത്തിൽ രാവിലെ പഴയ പാത്രങ്ങൾ ജനാലകളിൽ നിന്ന് തെരുവുകളിലേക്ക് വലിച്ചെറിയുന്ന ആചാരമുണ്ട്. പള്ളികളിലെ ചാൻഡിലിയറുകളും ഐക്കൺ സ്‌ക്രീനുകളും കറുപ്പും പർപ്പിളും നിറത്തിലുള്ള റിബണുകൾ കൊണ്ട് അലങ്കരിക്കും.
പോളണ്ട്
പോളണ്ടിൽ ഈസ്റ്റർ തിങ്കളാഴ്ച ആളുകൾ പരസ്പരം വെള്ളം ഒഴിക്കുന്നു. വെറ്റ് തിങ്കൾ എന്നറിയപ്പെടുന്ന ഈ ദിവസം നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള പോളിഷ് രാജകുമാരന്റെ സ്നാനവുമായി ബന്ധപ്പെട്ട ആചാരമാണിത്.
ഫ്രാൻസ്
ഫ്രാൻസിന്റെ തെക്ക് ഭാഗത്തുള്ള ചെറിയ പട്ടണത്തിൽ ഈസ്റ്റർ തിങ്കളാഴ്ച ആളുകൾ ഒരു വലിയ ഓംലെറ്റ് ഉണ്ടാക്കി കഴിക്കും. ഏകദേശം 15,000 മുട്ടകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഫ്രഞ്ച് ചക്രവർത്തിയായ നെപ്പോളിയൻ ബോണപാർട്ട് ഇവിടുന്ന് കഴിച്ച് ഓംലെറ്റ് ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹത്തിനും സൈന്യത്തിനും വേണ്ടി വലിയൊരു ഓംലെറ്റ് ഉണ്ടാക്കി കൊടുക്കാൻ പട്ടണത്തിലുള്ളവർ ആഗ്രഹിച്ചു എന്നുമാണ് ഐതിഹ്യം.
വിക്ടോറിയ
ഈസ്റ്ററിന് മുമ്പുള്ള ആഴ്ച ഹോളി വീക്ക് എന്നറിയപ്പെടുന്നു. അങ്ങനെ ആ ആഴ്ചയിലെ മുട്ടകൾ സൂക്ഷിച്ചുവെച്ച് അലങ്കരിച്ച് ഹോളി വീക്ക് മുട്ടകളാക്കി മാറ്റി, പിന്നീട് കുട്ടികൾക്ക് സമ്മാനമായി നൽകും. വിക്ടോറിയക്കാർ സാറ്റിൻ കൊണ്ട് പൊതിഞ്ഞായിരിക്കും മുട്ടകൾ സമ്മാനമായി നൽകുന്നത്. പല സ്ഥലത്തും ഈസ്റ്റർ ദിനത്തിൽ മുട്ടകൾ നൽകാറുണ്ട്.
അമേരിക്ക
അമേരിക്കയിലെ വൈറ്റ് ഹൗസിൽ, പുൽത്തകിടിയിൽ വാർഷിക ഈസ്റ്റർ എഗ് റോൾ നടക്കുന്നു.1878-ൽ പ്രസിഡന്റ് റഥർഫോർഡ് ബി ഹെയ്‌സ് രാജ്യം ഭരിച്ച കാലം മുതലുള്ളതാണ് ഈ പാരമ്പര്യം.ഈസ്റ്റർ തിങ്കളാഴ്ചയാണ് ഇത് നടക്കുന്നത്, സാധാരണയായി പ്രഥമ വനിതയാണ് പരിപാടിയുടെ ചുമതല വഹിക്കുന്നത്.
ഫ്ലോറന്‍സ്
മനോഹരമായി അലങ്കരിച്ച വെളുത്ത കാളകളുടെ ഒരു സംഘം ഈസ്റ്റർ രാവിലെ ഫ്ലോറൻസിലെ തെരുവുകളിലൂടെ മുപ്പതടി പഴക്കമുള്ള ഒരു പഴയ വണ്ടി വലിച്ചു കൊണ്ടുപോകും. വെടിക്കെട്ട് നിറച്ച വണ്ടിയിൽ ഒരു മെക്കാനിക്കൽ പ്രാവ് ഘടിപ്പിച്ചിരിക്കും. ഈസ്റ്റർ മാസ് സമയത്ത്, പ്രാവ് കത്തി വണ്ടി കത്തും. വണ്ടി പൊട്ടിത്തെറിച്ചാൽ അത് ഫ്ലോറൻസിലെ ജനങ്ങൾക്ക് വളരെ സമ്പന്നമായ ഒരു വർഷമായിരിക്കും എന്നാണ് വിശ്വാസം.
വടക്കൻ യൂറോപ്പ്
സ്കാൻഡിനേവിയയുടെ ചില ഭാഗങ്ങളിൽ കുട്ടികൾ ഹാലോവീൻ വസ്ത്രം ധരിച്ച് തെരുവുകളിൽ ചോക്ലേറ്റുകളും ട്രീറ്റുകളും ചോദിക്കുന്നു. പാരമ്പര്യത്തിന്റെ ഭാഗമായി അവർക്ക് ശിരോവസ്ത്രം ധരിക്കാം, മേക്കപ്പ് ചെയ്യാം, തൂവലുകളുള്ള ചില്ലകൾ കൊണ്ടുപോകാം.
ബെർമുഡ
ഈസ്റ്റർ സമയത്ത് പട്ടം പറത്തുന്ന ഒരു പാരമ്പര്യം ബെർമുഡയ്ക്കുണ്ട്. കരീബിയൻ രാജ്യത്ത് ദുഃഖവെള്ളിയാഴ്ച പ്രത്യേക ഉത്സവങ്ങളുണ്ട്, അവിടെ ആളുകൾ ഷഡ്ഭുജ (ആറ് വശങ്ങൾ)ആകൃതിയിലുള്ള പട്ടങ്ങൾ നിർമിക്കുന്നു. സ്പെയിനിലെ ചില സ്ഥലങ്ങളിലും ഈ സമയത്ത് പട്ടം പറത്തൽ ഉത്സവങ്ങൾ നടക്കാറുണ്ട്. ഈസ്റ്റർ കഥയിൽ യേശു സ്വർഗത്തിലേക്ക് ഉയർത്തെഴുന്നേറ്റതിനെ ഓർമ്മിപ്പിക്കാനാണ് പട്ടം പറത്തുന്നത്.
ആന്റിഗ്വ (ഗ്വാട്ടിമാല)
ലോകത്തിലെ ഏറ്റവും വലിയ ഈസ്റ്റർ ആഘോഷങ്ങളിലൊന്നാണ് ആന്‍റ്വിഗയിൽ നടക്കുന്നത്. എല്ലാ ക്രിസ്ത്യാനികളും ഈസ്റ്റര്‍ ആഘോഷിക്കുമെങ്കിലും അതൊന്നും ആന്‍റിഗ്വയിലെ ആഘോഷങ്ങളുടെ പകുതി പോലും വരില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സെമന സാന്താ എന്നാണ് ഇവിടുത്തെ ആഘോഷം അറിയപ്പെടുന്നത്. തെരുവുകളില്‍ പരവതാനികള്‍ വിരിച്ചും പുഷ്പങ്ങളാല്‍ അലങ്കരിച്ചും ക്രിസ്തുവിന്റെ വലിയ പ്രതിമ വഹിച്ചും ഒക്കെയാണ് ഇവിടുത്തെ ഈസ്റ്റര്‍ ആഘോഷങ്ങള്‍.
റോം
ഈസ്റ്ററിന്റെ ഭക്തിയും ആഘോഷവും ഒരേ തരത്തില്‍ കാണുവാന്‍ സാധിക്കുന്ന ഇടമാണ് റോം. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ വിശുദ്ധ കുര്‍ബാനയാണ് ഇവിടുത്തെ ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടത്. ആയിരക്കണക്കിന് തീർഥാടകർ ഘോഷയാത്രയിൽ പങ്കുചേരുന്നു. പല പള്ളികളിലും ശാസ്ത്രീയ സംഗീത കച്ചേരികളുണ്ട്.
സെവില്ലെ (സ്പെയിന്‍)
14-ാം നൂറ്റാണ്ടിലെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഇന്നും തനിമ ചോരാതെ കൊണ്ടുപോകുന്ന സ്ഥലമാണ് സ്പെയിനിലെ സിവെല്ല. ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍ വരെ നീണ്ടു നില്‍ക്കുന്ന എട്ട് ദിവസത്തെ ആഘോഷങ്ങളും ചടങ്ങുകളുമാണ് ഇവിടെയുള്ളത്. വലിയ രൂപങ്ങളും പ്രതിമകളും ജീവനുറ്റ ചിത്രങ്ങളുമെല്ലാം തെരുവുകളിലൂടെ പ്രദക്ഷിണമായി കത്തീഡ്രലിലേക്ക് കൊണ്ടുപോകുന്നതാണ് ഇവിടുത്തെ പ്രധാന ആഘോഷം. പെസഹാ വ്യാഴാഴ്ച തുടങ്ങി ദുഖവെള്ളിയാഴ്ച വരെയാണ് പ്രധാന ചടങ്ങുകള്‍ നടക്കുന്നത്.
ജറുസലേം, ഇസ്രായേല്‍
വിശുദ്ധവാര ആഘോഷങ്ങള്‍ യേശുക്രിസ്തു ജീവിച്ച വിശുദ്ധ നാടുകളില്‍ ആചരിക്കുന്നതിനേക്കാള്‍ മഹത്തരമായി വിശ്വാസികള്‍ക്ക് വേറൊന്നുമില്ല. അതുകൊണ്ടു തന്നെ ഇസ്രായേലിലെയും ജറുസലേമിലെയും വിശുദ്ധവാര ആഘോഷങ്ങളും ഈസ്റ്ററും എന്നും വിശ്വാസികള്‍ക്കും സഞ്ചാരികള്‍ക്കും പ്രധാനപ്പെട്ട ഒന്നാണ്. ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും വിശുദധവാര ആഘോഷങ്ങള്‍ക്കായി ഇവിടേക്ക് എത്തുന്നത്. പെസഹാ വ്യാഴാഴ്ച, കർത്താവിന്റെ അത്താഴവിരുന്ന് വിശുദ്ധ സെപൽച്ചറിൽ ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ്, ഫ്രാൻസിസ്കൻമാർ സീയോൻ പർവതത്തിലേക്ക് പോകുന്നതോടെ ഈസ്റ്റർ ആഘോഷങ്ങൾക്ക് തുടക്കമാവും.
ജമൈക്ക
ജമൈക്കന്‍ ഈസ്റ്റര്‍ കാര്‍ണിവന്‍ ജമൈക്കയിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടികളില്‍ ഒന്നാണ്. 1990 കളിലാണ് ഇതിനു തുടക്കമായത്. ജവോര്‍ട്ട് ബീച്ചിലൂടെയുള്ള റോഡ് മാര്‍ച്ചും ആഘോഷങ്ങളും ഇതിന്റെ ഭാഗമാണ്. കുട്ടികളുടെ പരേഡും ഇവിടെ നടക്കാറുണ്ട്.
നോർവേ
എല്ലാ വർഷവും ഈസ്റ്റർ സമയത്ത് നോർവീജിയക്കാർ ഏകദേശം 16 ദശലക്ഷം ഓറഞ്ചുകളും 19 ദശലക്ഷം ക്ലെമന്റൈനുകളും കഴിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ? ഈസ്റ്റർ ആഴ്ചയിൽ, മിക്ക നോർവീജിയക്കാരും സ്കീ അവധിക്കാലം ആഘോഷിക്കാനും ബോർഡ് ഗെയിമുകൾ കളിക്കാനും കുടുംബസമേതം സമയം ചെലവഴിക്കാനും മലകളിലേക്ക് പോകുന്നു. വസന്തം ആരംഭിക്കുന്നതിന് മുമ്പുള്ള ശൈത്യകാലത്തിന്റെയും മഞ്ഞിന്റെയും അവസാന കാലയളവ് അവർ പരമാവധി പ്രയോജനപ്പെടുത്തുന്നു.