കത്തോലിക്ക ക്രൈസ്തവ വിശ്വാസികൾ മാർച്ച് 31ന് ഈസ്റ്റർ ആഘോഷിക്കുന്നു; ഓർത്തഡോക്സ് വിഭാഗം മേയ് അഞ്ചിനും -എന്തുകൊണ്ടാണിത്?
text_fieldsക്രിസ്തുമത വിശ്വാസികളുടെ പ്രധാനപ്പെട്ട ആഘോഷമാണ് ഈസ്റ്റർ. യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപാണ് ഈസ്റ്റർ ആയി കൊണ്ടാടുന്നത്. മിക്ക ക്രൈസ്തവരും മാർച്ച് 31നാണ് ഈസ്റ്റർ ആഘോഷിക്കുന്നത്. എന്നാൽ ഈസ്റ്റേൺ ഓർത്തഡോക്സ് വിഭാഗം അങ്ങനെയല്ല. പതിവിലും ഒരുമാസം വൈകി മേയ് അഞ്ചിനാണ് അവർ ഈസ്റ്റർ ആഘോഷിക്കുക. ചില വർഷങ്ങളിൽ ഓർത്തഡോക്സ്, കത്തോലിക്ക ക്രൈസ്തവ വിഭാഗങ്ങൾ ഒരാഴ്ച വ്യത്യാസത്തിലാകും ഈസ്റ്റർ ആഘോഷിക്കുന്നത്. ചിലപ്പോൾ ഒരേ ദിവസം ആഘോഷിച്ചുവെന്നും വരാം. 2025ൽ അങ്ങനെയായിരിക്കും.
എന്തുകൊണ്ടാണ് ഈ വർഷം ഇവരുടെ ഈസ്റ്റർ ആഘോഷങ്ങളിൽ ഒരുമാസത്തോളം വിടവ് വന്നത്. അതിന്റെ കാരണമറിയാൻ 16ാം നൂറ്റാണ്ട് വരെ പോകേണ്ടി വരും. 16ാം നൂറ്റാണ്ടിലാണ് പെസഹക്ക് ശേഷം ഈസ്റ്റർ എന്ന പാരമ്പര്യം പാശ്ചാത്യർ പിന്തുടർന്നത് എന്നാണ് ബ്രൂക്ക്‌ലൈനിലെ ഹെല്ലനിക് കോളേജിലെ ദൈവശാസ്ത്ര ബിരുദ പ്രോഗ്രാം ഡയറക്ടർ റവ. ഡോ. ഡിമെട്രിയോസ് ടോണിയാസ് പറയുന്നത്. ഗ്രിഗോറിയൻ കലണ്ടറാണ് കത്തോലിക്കർ പിന്തുടരുന്നത്. ഓർത്തഡോക്സ് വിഭാഗങ്ങൾ വസന്ത കാല ചാന്ദ്ര കലണ്ടറും. അപ്പോൾ ഓർത്തഡോക്സ് വിഭാഗം പെസഹക്ക് ശേഷമുള്ള ആദ്യ ഞായറാഴ്ച ഈസ്റ്റർ ആയി ആഘോഷിക്കുന്നു. രണ്ട് വ്യത്യസ്ത കലണ്ടറുകൾ ആയതിനാൽ ചന്ദ്രന്റെ ഘട്ടങ്ങൾ എല്ലാ വർഷവും വ്യത്യാസപ്പെട്ടിരിക്കുമെന്നും ടോണിയാസ് പറയുന്നു.
ഈസ്റ്ററിന് തൊട്ടുമുമ്പുള്ള ആഴ്ചയിൽ ഗ്രീക്ക് ഓർത്തഡോക്സ് വിഭാഗങ്ങൾ ചില സവിശേഷ ആചാരങ്ങൾ പിന്തുടരും. മുട്ടകൾക്ക് ചുവപ്പു നിറം നൽകുക, വിശുദ്ധ തൈലം കൊണ്ടുള്ള അഭിഷേകം, ദുഃഖ വെള്ളിയാഴ്ച വൈകീട്ട് നഗരത്തിലൂടെയുള്ള ഘോഷയാത്ര എന്നിവ അതിൽ ചിലതാണ്. ഈസ്റ്റർ ദിവസം അർധരാത്രിയിൽ വെടിക്കെട്ടും നടത്തും. അതിനു ശേഷം കത്തിച്ച മെഴുകുതിരികളുമായി പള്ളിയിൽ നിന്ന് വീട്ടിലേക്ക് വരും.
ഈസ്റ്ററിനു തൊട്ടുമുമ്പുള്ള ബുധനാഴ്ചയാണ് ഓർത്തഡോക്സുകൾ വിശുദ്ധ എണ്ണയിൽ അഭിഷേകം ചെയ്യുക. അതായത് പുരോഹിതൻ വിശ്വാസികളുടെ നെറ്റിയിലും കവിളിലും താടിയിലും കൈകളിലും എണ്ണയിൽ കൈതോല മുക്കി കുരിശു വരക്കുന്നു. രോഗശാന്തിയും പാപമോചനവും ലക്ഷ്യമിട്ടുള്ളതാണ് ഈ ആചാരം.
ഈസ്റ്ററിന്റെ തലേദിവസം പള്ളിയിലെ പ്രാർഥനയിൽ പങ്കെടുക്കുന്നവർക്ക് മെഴുകുതിരികൾ നൽകുന്നു് അർധ രാത്രിക്ക് തൊട്ടുമുമ്പ് ആ മെഴുകുതിരികൾ കത്തിച്ച് പ്രകാശം ആളുകൾ കൈമാറുന്നു. ഈസ്റ്റർ ദിവസം ചുവന്ന ചായം തേച്ച മുട്ടകൾ പൊട്ടിയില്ലെങ്കിൽ അത് ശുഭസൂചകമായി കരുതി പലരും അത് സൂക്ഷിച്ചു വെക്കുന്നു. പൊട്ടിയ മുട്ടകൾ ഉപയോഗിച്ച് സാലഡുകൾ ഉണ്ടാക്കും.